Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പം ജൂലൈയിൽ ചിറകു വിരിക്കും

Jatayu-Sculpture

തിരുവനന്തപുരം ∙ ലോകത്തിലെ ഏറ്റവും വലിയ പക്ഷിശില്‍പമായ ജടായു ശില്‍പം ഉള്‍പ്പെടുന്ന, കൊല്ലം ചടയമംഗലത്തെ ജടായു എര്‍ത്ത് സെന്ററിന്റെ  രണ്ടാംഘട്ട ഉദ്ഘാടനം ജൂലൈ നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 

ചലച്ചിത്രകാരനും ശില്‍പിയുമായ  രാജീവ് അഞ്ചല്‍ ഒരു പതിറ്റാണ്ടിലേറെക്കാലമെടുത്താണ് ജടായു ശില്‍പം യാഥാര്‍ഥ്യമാക്കിയത്. സമുദ്രനിരപ്പില്‍നിന്ന് 1000 അടി ഉയരത്തില്‍ നിലകൊള്ളുന്ന ജടായുപ്പാറയിലെ ഭീമാകാരമായ ശില്‍പത്തിന്റെ അടുത്തെത്താൻ കേബിള്‍ കാര്‍ സജ്ജമാക്കിയിട്ടുണ്ട്. പൂര്‍ണമായും സ്വിറ്റ്സര്‍ലാൻഡില്‍ നിര്‍മിച്ചതാണ് കേബിള്‍ കാര്‍. ആയിരം അടി ഉയരത്തിലേക്ക് കേബിള്‍ കാറില്‍ സഞ്ചരിക്കുന്നത് വിനോദ സഞ്ചാരികള്‍ക്ക് വിസ്മയകരമായ അനുഭവമായിരിക്കുമെന്ന് അധികൃതര്‍ പറയുന്നു.

ഹെലികോപ്റ്റര്‍ സഞ്ചാരത്തിനുള്ള സൗകര്യവും ജടായുപ്പാറയില്‍ ഒരുക്കിയിട്ടുണ്ട്. രണ്ട് ഹെലികോപ്റ്ററുകള്‍ക്കുള്ള ഹെലിപ്പാഡും അനുബന്ധ സൗകര്യവുമാണ് സജ്ജമായിരിക്കുന്നത്. വിവിധ ടൂറിസം കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഹെലികോപ്റ്റര്‍ സര്‍വീസ് സൗകര്യം പിന്നീട് ഏര്‍പ്പെടുത്തും.

Ropeway കേബിള്‍ കാര്‍

65 ഏക്കര്‍ വിസ്തൃതിയിലുള്ള ജടായു എര്‍ത്ത് സെന്റര്‍ സംസ്ഥാന ടൂറിസം രംഗത്തെ ആദ്യ ബിഒടി (ബില്‍ഡ്-  ഓപ്പറേഷന്‍- ട്രാന്‍സ്ഫര്‍) സംരംഭമാണ്. ടൂറിസം രംഗത്തെ നിക്ഷേപ സാധ്യതകള്‍ക്ക് വഴി തുറക്കുന്ന ഈ സംരംഭത്തില്‍ മുതല്‍ മുടക്കിയിരിക്കുന്നത് രാജീവ് അഞ്ചലിന്റെ നേതൃത്വത്തിലുള്ള കമ്പനിയും നൂറ്റി അന്‍പതോളം മലയാളികളുമാണ്. പലഘട്ടങ്ങളിലായി 100 കോടിയോളം രൂപയാണ് സ്വകാര്യ സംരംഭകരുടെ മുതല്‍മുടക്ക്. ആധുനിക സുരക്ഷാ സംവിധാനങ്ങളാണ് സെന്ററില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ജടായു ശില്‍പത്തിന്റെ ഉള്ളിലെ മ്യൂസിയവും 6 ഡി തിയറ്ററും നവംബറില്‍ പൂര്‍ത്തിയാകും. ഗുഹയില്‍ ഒരുക്കുന്ന ആയുര്‍വേദ - സിദ്ധ ചികില്‍സയും നവംബറിലേ ആരംഭിക്കൂ.

ടിക്കറ്റ് ചാര്‍ജ്

കേബിള്‍ കാര്‍ യാത്രയ്ക്ക് 250 രൂപയും പ്രവേശന ഫീസ് 150 രൂപയും ഉള്‍പ്പെടെ ഒരാള്‍ക്ക് 400 രൂപയാണ് ഫീസ്. അ‍ഡ്വഞ്ചര്‍ പാര്‍ക്കിലെ നൂതന സാഹസിക വിനോദങ്ങള്‍ക്കും ഭക്ഷണത്തിനും 2500 രൂപയാണ് ഫീസ്. സാഹസിക വിനോദത്തില്‍ താല്‍പര്യമുള്ള സംഘങ്ങളെയാണ് അഡ്വഞ്ചര്‍ പാര്‍ക്കിലേക്ക് പ്രവേശിപ്പിക്കുക.

രാജ്യാന്തര നിലവാരത്തില്‍ കേരള ടൂറിസം അവതരിപ്പിക്കുന്ന ജടായു എര്‍ത്ത് സെന്റര്‍ സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തില്‍ നാഴികക്കല്ലായി മാറുമെന്ന് മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.