Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പ വൈറസിനെ പ്രതിരോധിച്ച സർക്കാരിനെ പ്രകീർത്തിച്ച് ഐഎംഎ

nipah-hospital.jpg

തിരുവനന്തപുരം∙ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നതിനി‌ടെ മുഖ്യമന്ത്രി പിണറായി വിജയന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ തുറന്ന കത്ത്. നിപ്പ പ്രതിരോധത്തിൽ സംസ്ഥാന സർക്കാരെടുത്ത നടപടികളെ അഭിനന്ദിച്ചുകൊണ്ടുള്ളതാണു കത്ത്.

കത്തിന്റെ പൂർണ്ണരൂപം:

കേരളത്തിലെ രണ്ട് വടക്കൻ ജില്ലകളില്‍ അതീവ ഗുരുതരമായ നിപ്പ വൈറസ് ബാധയുണ്ടായപ്പോള്‍ താങ്കളുടെ നേതൃത്വത്തിലുള്ള ഭരണകൂടം അതിശക്തമായി ഇടപെടുകയും ആരോഗ്യവകുപ്പ് മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ, ചികിത്സ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ചെയ്തതില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് അതിയായ ചാരിതാരത്ഥ്യമുണ്ട്. മറ്റു രാജ്യങ്ങളിലൊക്കെ തന്നെയും നിരവധി ജീവനുകള്‍ നഷ്ടപ്പെട്ട ശേഷമാണു വൈറസിനെ കണ്ടെത്താന്‍ കഴിഞ്ഞത്. എന്നാല്‍ ദിവസങ്ങള്‍ക്കകം തന്നെ
സംസ്ഥാനത്തെ മരണങ്ങളുടെ കാരണം നിപ്പ വൈറസ് ആണ് എന്നു കണ്ടെത്താന്‍ കഴിഞ്ഞതും ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികിത്സ മാര്‍ഗങ്ങള്‍ തേടിയതും രോഗത്തെ ഒരു പരിധി വരെ നിയന്ത്രണ വിധേയമാക്കുവാന്‍ സഹായകമായി. ഇനിയുള്ള ദിവസങ്ങളിലും കൂടുതല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരോഗ്യ അവബോധം പൊതു ജനങ്ങള്‍ക്ക് ഉണ്ടാക്കുന്നതും രോഗം കൂടുതല്‍ സ്ഥലങ്ങളിലേക്കു പടരാതിരിക്കാന്‍ സഹായിക്കും. 

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടുകൊണ്ട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുകയും വിവിധ തരത്തിലുള്ള പഠനങ്ങള്‍ നടത്തി കേരളത്തിലെ മുപ്പതിനായിരത്തില്‍ പരമുള്ള ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരേയും സജ്ജമാക്കുവാനായി മാര്‍ഗ നിർദേശങ്ങള്‍ നല്‍കുകയും ചെയ്യുകയാണ്. എന്നാൽ ലക്ഷ്യ ബോധമില്ലാതെ പൊതുജനങ്ങളെ വഴി തെറ്റിക്കുന്ന അപകടകരമായ പ്രവണതകള്‍ താങ്കളുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാനാണ് ഈ തുറന്ന കത്ത്. ഇത്തരം അപകട സാഹചര്യങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകരോടൊപ്പം സാമൂഹ്യ രാഷ്ട്രീയരംഗത്തുള്ളവരും മാധ്യമ പ്രവര്‍ത്തകരും ഒത്തൊരുമയോടുകൂടി പ്രവര്‍ത്തിക്കേണ്ടത് അത്യന്ത്യാപേക്ഷിതമാണ്. നിപ്പ വൈറസ് ബാധയ്ക്കിടയില്‍ മറ്റു മേഖലയില്‍നിന്നെന്ന പോലെ മാധ്യമരംഗത്തുനിന്നും ഉണ്ടായിട്ടുള്ള വളരെ അനുകൂലമായ സമീപനം ഡോക്ടര്‍മാര്‍ക്ക് ആത്മവിശ്വാസം നൽകുന്നതാണ്.

നിപാ വൈറസ് രോഗം പടർന്നു പിടിക്കാതിരിക്കുന്നതിനു ശാസ്ത്രീയമായ മാർഗങ്ങൾ നിലവിലിരിക്കെ അതിനു ഘടക വിരുദ്ധമായി പ്രതിരോധ തുള്ളി മരുന്നുകള്‍ ഉണ്ടെന്ന തരത്തില്‍ പ്രചരണങ്ങള്‍ നടത്തുന്നത് ഐഎംഎയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അത്തരം പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളെ വഴിതെറ്റിക്കുക മാത്രമല്ല. ശരിയായ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ നിന്നും വ്യതിചലിക്കുന്നത് അപകടകരമായ രോഗം പടര്‍ന്ന് പിടിക്കുന്നതിനും മരണ നിരക്ക് വർധിക്കുമെന്നും ഞങ്ങള്‍ ഭയക്കുന്നു. അതിനാല്‍ തന്നെ അശാസ്ത്രീയമായ രോഗ പ്രതിരോധ തുള്ളിമരുന്നുകളുടെ പ്രചരണം ഉടന്‍ നിര്‍ത്തി വച്ച് കേരള ജനതയെ സംരക്ഷിക്കുന്നതിനുള്ള നടപടി അങ്ങ് സ്വീകരിക്കണമെന്ന് താഴ്മായി അപേക്ഷിക്കുകയാണ്.

ചികിത്സാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ആത്മവിശ്വാസം നശിപ്പിച്ച് കളയുന്ന രീതിയില്‍ അശാസ്ത്രീയമായി സമൂഹ മാധ്യമസന്ദേശങ്ങൾ പടച്ച് വിടുന്ന വ്യാജ വൈദ്യൻമാരുടെ പ്രവർത്തികളെ കുറിച്ചു സമുചിതമായി അന്വേഷിച്ച് അങ്ങ് കർശന നടപടി സ്വീകരിക്കണമെന്നും ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ ഉമ്മറും സെക്രട്ടറി ഡോ.എൻ. സുൾഫിയും ആവശ്യപ്പെടുന്നു.