Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൂത്തുക്കുടിയിലേത് ‘ജാലിയൻവാലാ ബാഗ്’ കൂട്ടക്കൊല; തമിഴ്നാട്ടിലേത് ഫാഷിസ്റ്റ് ഭരണമെന്നും ഡിഎംകെ

tuticorin-protest-police തുത്തുക്കുടിയിൽ പ്രതിഷേധിച്ച ജനക്കൂട്ടത്തിനുനേർക്കു വെടിവയ്ക്കുന്ന പൊലീസുകാരൻ. ചിത്രം: ട്വിറ്റർ

തൂത്തുക്കുടി ∙ തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ ഇന്നലെ നടന്ന പ്രക്ഷോഭത്തിനു നേരെയുണ്ടായ പൊലീസ് വെടിവയ്പ്പ് ‘ജാലിയൻവാലാ ബാഗി’നു സമാനമാണെന്നു പ്രതിപക്ഷമായ‌ ഡിഎംകെ. ജനങ്ങളുടെ പ്രതിഷേധത്തെ അടിച്ചമർത്താൻ പൊലീസിനെ ഉപയോഗിച്ച ‘ജാലിയൻവാലാ ബാഗ്’ കൂട്ടക്കൊലയാണ് അവിടെ അരങ്ങേറിയതെന്നും ഡിഎംകെ ആരോപിക്കുന്നു. വെടിവയ്പ്പിന് ഉത്തരവിട്ടത് ആരെന്നതുൾപ്പെടെയുള്ള ചോദ്യങ്ങളുമായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ രംഗത്തെത്തി.

അതിനിടെ, സംഭവത്തിൽ കടുത്ത വിമർശനം നേരിടേണ്ടി വന്നതിനെത്തുടർന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജനക്കൂട്ടം അക്രമാസക്തമായതിനാലാണു വെടിവയ്ക്കേണ്ടി വന്നതെന്നു പൊലീസ് വാദിക്കുന്നു. അതേസമയം, തമിഴ്നാട്ടിലേത് ഫാഷിസ്റ്റ് ഭരണമാണെന്നും പൊലീസ് സംസ്ഥാനമായി മാറിയെന്നും ഡിഎംകെ നേതാവ് ശരവണൻ പറഞ്ഞു. തമിഴ്നാട്ടിലാണ് ഏറ്റവുമധികം പ്രതിഷേധങ്ങൾ അരങ്ങേറുന്നതെന്ന് അടുത്തിടെ നടത്തിയ സർവേയിൽ വെളിപ്പെടുന്നുവെന്നും അതിനുകാരണം സർക്കാരിന്റെ കഴിവില്ലായ്മയാണെന്നും ശരവണൻ കുറ്റപ്പെടുത്തി.

തമിഴ്നാട്ടിലെ തുറമുഖപട്ടണമായ തൂത്തുക്കുടിയിൽ മലിനീകരണമുണ്ടാക്കുന്ന ചെമ്പു ശുദ്ധീകരണശാല അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു നടന്ന പ്രക്ഷോഭത്തിനു നേരേയുണ്ടായ പൊലീസ് വെടിവയ്പിൽ പന്ത്രണ്ടു പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്കു പരുക്കുമുണ്ട്. കനത്ത മലീകരണവും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കുന്ന സ്റ്റെർലൈറ്റ് ഇൻഡസ്ട്രിയൽ പ്ലാന്റിനെതിരെ ആയിരക്കണക്കിനു പ്രദേശവാസികൾ നടത്തുന്ന സമരത്തിന്റെ നൂറാം ദിവസമായിരുന്നു ഇന്നലെ. ഇരുപതിനായിരത്തോളം പേർ കലക്ടറേറ്റിലേക്കു നടത്തിയ മാർച്ചാണ് അക്രമാസക്തമായത്.

tuticorin-protest തൂത്തുക്കുടിയിൽ ജനക്കൂട്ടം നടത്തിയ പ്രതിഷേധം.

സ്റ്റെർലൈറ്റ് കമ്പനി; ലക്ഷ്യം ചെമ്പു ഖനനം

ബിഹാർ സ്വദേശി അനിൽ അഗർവാളിന്റെ ഉടമസ്ഥതയിൽ ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേദാന്ത റിസോഴ്സസ് എന്ന ലോഹ ഖനന കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണു സ്റ്റെർലൈറ്റ് കോപ്പർ ഇൻഡസ്ട്രീസ് (ഇന്ത്യ). ഖനനം ചെയ്ത ചെമ്പ് ശുദ്ധീകരിച്ച് ഇലക്ട്രോണിക് സർക്യൂട്ട് ഘടകങ്ങൾ, ഇലക്ട്രിക് വയറുകളിൽ ഉപയോഗിക്കുന്ന ചെമ്പ് നാരുകൾ, ട്രാൻസ്ഫോമറുകളിൽ ഉപയോഗിക്കുന്ന ചെമ്പു ഘടകങ്ങൾ എന്നിവയാണു കമ്പനിയുടെ പ്രധാന ഉൽപന്നങ്ങൾ. ബോക്സൈറ്റ്, അലുമിനിയം കണ്ടക്ടറുകൾ, സിങ്ക്, ലെഡ്, രാസവസ്തുക്കളായ സൾഫ്യൂരിക് ആസിഡ്, ഫോസ്ഫോറിക് ആസിഡ്, ഫോസ്ഫോ ജിപ്സം, എന്നിങ്ങനെയുള്ള വസ്തുക്കളും ഇവിടെ ഉൽപാദിപ്പിക്കുന്നു.

കമ്പനിയുടെ കീഴിൽ തൂത്തുക്കുടിയിൽ പ്രവർത്തിക്കുന്ന വിവിധ പ്ലാന്റുകളിൽനിന്ന് ഉയരുന്ന വിഷപ്പുകയും രാസമാലിന്യങ്ങളും ശ്വാസകോശ രോഗത്തിനും കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾക്കും കാരണമാകുന്നതായി പ്രദേശവാസികൾ കാലങ്ങളായി പരാതിപ്പെട്ടിരുന്നു. പ്ലാന്റുകൾ വികസിപ്പിക്കാൻ കമ്പനി തീരുമാനിച്ച സാഹചര്യത്തിലാണ് നാട്ടുകാർ പ്രക്ഷോഭത്തിലേക്ക് നീങ്ങിയത്. പരിസ്ഥിതി സംരക്ഷണ, മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കാതെയാണു പ്ലാന്റുകൾ പ്രവർത്തിക്കുന്നതെന്നും സമരക്കാർ ആരോപിക്കുന്നു.

related stories