Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പ: പ്രതിരോധ നടപടിയുമായി തമിഴ്നാടും, ചെക്പോസ്റ്റുകളിൽ പരിശോധന

nipah-scare

പാലക്കാട്∙ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിപ്പ പടർന്നുപിടിക്കുന്നതിനിടെ പ്രതിരോധ നടപടികളുമായി തമിഴ്നാട് സർക്കാർ. ചെക്പോസ്റ്റുകള്‍ക്ക് സമീപം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിന്റെ പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നു. ആദ്യ നടപടിയായി പതിനഞ്ചു ദിവസത്തേയ്ക്കു പരിശോധന നടത്താനാണു തീരുമാനം.

കേരളത്തില്‍ നിന്നു തമിഴ്നാട്ടിലേക്കു വരുന്ന വാഹനങ്ങള്‍ കേന്ദ്രീകരിച്ചാണ് ആരോഗ്യ വകുപ്പ് പരിശോധന തുടങ്ങിയത്. പനി ഉള്ളവരുടെ രക്ത സാമ്പിളുകൾ പരിശോധിക്കും. അടിയന്തര ആവശ്യത്തിനായി പരിശോധന കേന്ദ്രങ്ങളിൽ ആംബുലൻസുകളും സജ്ജമാക്കി. നിപ്പ വൈറസ് രോഗലക്ഷണങ്ങൾ കണ്ടാൽ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കാനാണു നിര്‍ദേശം. രോഗം എങ്ങനെ പകരുന്നു എന്നത് വ്യക്തമല്ലാത്തതു കൊണ്ടാണ് പരിശോധന ആരംഭിച്ചത് എന്ന് അധികൃതര്‍ പറയുന്നു.

ഒാരോ പരിശോധനാ യൂണിറ്റിലും രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെ പത്ത് അംഗസംഘമാണ് പ്രവര്‍ത്തിക്കുന്നത്. അതിർത്തി മേഖലയിലെ റോഡുകളിൽ ബ്ലീച്ചിംങ് പൗഡർ വിതറി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് തമിഴ്നാട് ആരോഗ്യ വകുപ്പിന്റെ തീരുമാനം. കുമളി ബോഡിമെട്ട്, കംമ്പമെട്ട്, കുമളി ലോവര്‍ ക്യാംപ് എന്നിവിടങ്ങളിലാണു പരിശോധന.