Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുട്ട കഴിച്ചാല്‍ നിപ്പ വൈറസ് ബാധിക്കുമോ?; മൃഗസംരക്ഷണവകുപ്പ് പറയുന്നതിങ്ങനെ

nipah-fever

തിരുവനന്തപുരം∙ ‘സാര്‍, മുട്ട കഴിച്ചാല്‍ നിപ്പ വൈറസ് ബാധിക്കുമോ? പാല്‍ കുടിക്കാമോ?’ – കഴിഞ്ഞ രണ്ടു ദിവസമായി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ഫോണിലൂടെയും നേരിട്ടും കേള്‍ക്കുന്ന ചോദ്യമാണിത്. ‘മുട്ട കഴിക്കാം, പാല്‍ കുടിക്കാം. കേരളത്തിലെ ഒരു മൃഗത്തിലും നിപ്പ വൈറസിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല’ - മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

കേരളത്തില്‍ നിപ്പ വൈറസ് സ്ഥിരീകരിച്ച സ്ഥലങ്ങളിലെ പന്നി, മുയല്‍, ആട് എന്നിവയില്‍ നിപ്പ വൈറസ് ബാധ കണ്ടെത്താനായിട്ടില്ല. മൃഗങ്ങളില്‍ നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ ഒരു ജില്ലയില്‍നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മൃഗങ്ങളില്‍നിന്നു മൃഗങ്ങളിലേക്കു വൈറസ് പകരുന്നതായും കണ്ടെത്താനായിട്ടില്ല. മലേഷ്യയില്‍ 1999ല്‍ പന്നികളില്‍ നിപ്പ വൈറസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. അതിനുശേഷം ലോകത്ത് ഒരിടത്തും പന്നികളില്‍ നിപ്പ വൈറസ് ബാധ സ്ഥീരികരിച്ചിട്ടില്ലെന്നു മൃഗസംരക്ഷണ വകുപ്പ് പറയുന്നു.

കോഴിക്കോട് പേരാമ്പ്രയില്‍ രോഗം ആദ്യം റിപ്പോര്‍ട്ടു ചെയ്ത വീട്ടിലെ കിണറ്റില്‍നിന്നും പ്രാണികളെ ഭക്ഷിക്കുന്ന ചെറിയ വവ്വാലിനെ പിടിച്ചു രക്തവും സ്രവങ്ങളും ശേഖരിച്ചു. എന്നാല്‍ പഴങ്ങള്‍ ഭക്ഷിക്കുന്ന വലിയ വവ്വാലുകളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇതിനുള്ള ശ്രമങ്ങള്‍ നടക്കുന്നു. ഇവയുടെ വിസര്‍ജ്യത്തിന്റെ സാമ്പിളുകളും ശേഖരിക്കുന്നുണ്ട്. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസിലെ ഡോ. കുല്‍ക്കണിയുടെ നേതൃത്വത്തിലുള്ള സംഘം ചെറിയ വവ്വാലുകളുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ പരിശോധനാ ഫലം ഇന്ന് അറിയാം. എങ്കില്‍ മാത്രമേ വവ്വാലുകള്‍ വഴിയാണോ നിപ്പ വൈറസ് പകര്‍ന്നതെന്നു വ്യക്തമാകൂ.

എല്ലാ ജില്ലകളിലും മൃഗസംരക്ഷണവകുപ്പ് പരിശോധന ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന, ജില്ലാതലത്തില്‍ പ്രത്യേക നിരീക്ഷണ സെല്ലുകള്‍ രൂപീകരിച്ചു. ഡോ. ജയചന്ദ്രനാണ് നോഡല്‍ ഓഫിസര്‍. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മൃഗസംരക്ഷണവകുപ്പ് വ്യക്തമാക്കി.