Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വില ഒരു കോടി; ഹഷീഷ് ഓയിലുമായി തിരുവനന്തപുരത്ത് മൂന്നു പേർ പിടിയിൽ

Hashish-Oil എക്സൈസ് സംഘം പിടിച്ചെടുത്ത ഹഷീഷ് ഓയിലും പണവും.

തിരുവനന്തപുരം∙ ഒരു കോടിയിലധികം രൂപ വിലവരുന്ന ഹഷീഷ് ഓയിലുമായി തിരുവനന്തപുരത്ത് മൂന്നംഗ സംഘത്തെ എക്സൈസ് പിടികൂടി. എക്‌സൈസ് കമ്മിഷണർ  ഋഷിരാജ് സിങ്ങിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് സിഐ ടി. അനികുമാറും സംഘവും ചേർന്നു നടത്തിയ നീക്കത്തിലാണ് 10 കിലോ ഹഷീഷ് ഓയിൽ പിടിച്ചെടുത്തത്. ഹഷീഷ് വാങ്ങുന്നതിന് അഡ്വാന്‍സായി കൊണ്ടുവന്ന പതിമൂന്നര ലക്ഷം രൂപയും രണ്ടു കാറുകളും ഒരു ബൈക്കും പിടിച്ചെടുത്തവയിൽപ്പെടുന്നു.

തൃശൂർ, പീച്ചി താണിപ്പാടം ചക്കമുടി പറമ്പിൽ വീട്ടിൽ വിനീഷ് കുമാർ(39) ആണ് ഹാഷിഷ് ഓയിൽ കാറിന്റെ പാനലിനുള്ളിൽ ഒളിപ്പിച്ചു തലസ്ഥാനത്തെത്തിച്ചത്. കാട്ടാക്കട എസ്എൻ നഗറിൽ അനൂപ് ഭവനിൽ അനൂപ്(28) ആയിരുന്നു ഇടനിലക്കാരൻ. വില പറഞ്ഞുറപ്പിച്ചതു പ്രകാരം വഞ്ചിയൂർ തമ്പുരാൻ മുക്ക് ഹീരാ ആർക്കേഡിൽ താമസിക്കുന്ന റനീസ്(39) ഹഷീഷ് വാങ്ങാനെത്തിയപ്പോഴായിരുന്നു പിടിയിലായത്.

നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലിന്റെ നടത്തിപ്പുകാരനായ റനീസ് തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള വൻ മയക്കുമരുന്ന് റാക്കറ്റിലെ പ്രധാന കണ്ണിയാണ്. മണ്ണന്തലയിലെ ഒരു ഹോട്ടലിന്റെ പാർക്കിങ് ഏരിയയിൽ വച്ചു ഹഷീഷ് കൈമാറ്റം ചെയ്യാൻ എത്തിയപ്പോഴാണു മൂവരെയും എക്‌സൈസ് സംഘം പിടികൂടിയത്.

എക്‌സൈസ്  ഇൻസ്‌പെക്ടർ സി.കെ. അനിൽകുമാർ, പ്രിവന്റീവ് ഓഫിസർമാരായ ജി.രാജൻ, ദീപുകുട്ടൻ, സിവിൽ എക്‌സൈസ് ഓഫിസർമാരായ രാജേഷ് കുമാർ, അരുൺ കുമാർ, ബിനു രാജ്,  എസ്. കൃഷ്ണപ്രസാദ്, എസ്. ശിവൻ,  മണികണ്ഠൻ, ഡ്രൈവർ സുധീർ കുമാർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. എക്‌സൈസ് കമ്മിഷണർ ഋഷിരാജ് സിങ്, അഡീ. എക്‌സൈസ് കമ്മിഷണർ എ. വിജയൻ, തിരുവനന്തപുരം അസി. എക്‌സൈസ് കമ്മിഷണർ മുഹമ്മദ്‌ ഉബൈദ് എന്നിവർ സ്ഥലത്തെത്തി.

related stories