Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവർ ഇന്ത്യയുടെ കീർത്തി ഉയർത്തി: ആദിവാസി വിദ്യാർഥികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Narendra Modi പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി ∙ എവറസ്റ്റ് കീഴടക്കിയ ആദിവാസി വിദ്യാർഥികളെയും ലോകം ചുറ്റിയ ഐഎൻഎസ്‍വി തരിണിയിലെ വനിതാ സംഘത്തെയും വാനോളം പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മിഷൻ ശൗര്യ എന്ന പദ്ധതിയുടെ പേര് സത്യമാക്കുന്ന രീതിയിൽ എവറസ്റ്റ് കീഴടക്കിയ കുട്ടികൾ രാജ്യത്തിന്റെ കീർത്തി ഉയര്‍ത്തിയിരിക്കുകയാണ്. നൂറ്റാണ്ടുകളായി മനുഷ്യർക്കു മുന്നിലെ വെല്ലുവിളിയായിരുന്നു എവറസ്റ്റ്. നിരവധി ധീരന്മാർ ശക്തമായ ഈ വെല്ലുവിളിയെ നേരിട്ടു– റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

ആദിവാസി വിദ്യാർഥികളായ മനീഷാ ധ്രുവെ, പ്രമേഷ് ആലെ, ഉമാകാന്ത് മാധവി, കവിദാസ് കത്‍മോഡെ, വികാസ് സോയം എന്നീ സ്കൂൾ വിദ്യാർഥികൾ മേയ് 16നാണ് എവറസ്റ്റ് കൊടുമുടി കീഴടക്കിയത്. മഹാരാഷ്ട്രയിൽ ചന്ദ്രാപൂരിലെ ആശ്രാം സ്കൂൾ വിദ്യാർഥികളാണ് ഇവർ. എവറസ്റ്റിലെത്തിയ 16 വയസ്സുകാരി ശിവാങ്കി പഥക്കിനെയും പ്രധാനമന്ത്രി അനുമോദിച്ചു. നേപ്പാള്‍ ഭാഗത്തു നിന്നും എവറസ്റ്റ് കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ് ശിവാങ്കി. 

എവറസ്റ്റിൽ പോയി തിരികെയെത്തുമ്പോൾ‌ മാലിന്യങ്ങളും ശേഖരിച്ചു കൊണ്ടുവന്ന ബിഎസ്എഫ് അംഗങ്ങളേയും പ്രധാനമന്ത്രി പുകഴ്ത്തി. ശുചിത്വത്തോടും പ്രകൃതിയോടുമുള്ള ഉത്തരവാദിത്തം കൂടിയാണു സൈനികർ കാണിച്ചതെന്നു പ്രധാനമന്ത്രി പറഞ്ഞു. സമുദ്രസഞ്ചാരത്തിനിടെ 20,000 നോട്ടിക്കൽ മൈൽ ദൂരമാണ് ഇന്ത്യയുടെ ധീരരായ പെൺമക്കൾ താണ്ടിയതെന്നു ഐഎൻഎസ്‍വി തരിണിയിലെ വനിതാ സംഘത്തെ സൂചിപ്പിച്ചു പ്രധാനമന്ത്രി പറഞ്ഞു. 

ഇല്ലാതായിക്കൊണ്ടിരിക്കുന്ന പരമ്പരാഗത ഇന്ത്യൻ മല്‍സരങ്ങൾ സംഘടിപ്പിക്കണമെന്നു സ്കൂളുകളോടു പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മോദിയുടെ റേഡിയോ പരിപാടിയായ മൻ കിബാത്തിന്റെ നാൽപത്തിനാലാം ഭാഗമാണ് ഇപ്പോൾ പുറത്തുവന്നത്.

related stories