Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മധ്യപ്രദേശിലും ‘കർണാടക മോഡൽ’; മായാവതിയുടെ കൈപിടിച്ച് സോണിയ

sonia-mayawati-rahul മായാവതി, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി.

ന്യൂഡൽഹി∙ കർണാടകയിലെ വിജയത്തിനു പിന്നാലെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും സമാനനീക്കത്തിനു കളമൊരുക്കി കോൺഗ്രസ്. മധ്യപ്രദേശിൽ അധികാരം പിടിക്കുകയെന്ന ലക്ഷ്യത്തോടെ, മായാവതിയുടെ ബഹുജന്‍ സമാജ്‍ പാര്‍ട്ടിയുമായി (ബിഎസ്പി) കൈകോർക്കാനാണു കോൺഗ്രസിന്റെ ശ്രമം. 15 വർഷമായുള്ള ബിജെപി ഭരണം തകർക്കാൻ കോൺഗ്രസ്–ബിഎസ്പി കൂട്ടുകെട്ടിനു സാധിക്കുമെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തൽ. 

കർണാടകയിൽ പരസ്പരം നെറ്റി മുട്ടിച്ച് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയും മായാവതിയും സൗഹൃദം പങ്കിട്ടത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ സൗഹൃദത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാണു സോണിയയുടെയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും തീരുമാനം. കര്‍ണാടകയില്‍ പ്രാദേശിക പാര്‍ട്ടിയായ ജനതാ ദള്‍ സെക്യുലറുമായി (ജെഡിഎസ്) സഖ്യമുണ്ടാക്കിയതു തിരഞ്ഞെടുപ്പിന് ശേഷമായിരുന്നു. ഇതു ഭരണത്തുടർച്ചയ്ക്കു സഹായിച്ചു. എന്നാൽ, ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ മുൻപുതന്നെ സഖ്യമുണ്ടാക്കി നേട്ടം കൊയ്യാനാണു കോൺഗ്രസിന്റെ ശ്രമം. 2019ലെ പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സഖ്യപരീക്ഷണം കൂടിയാണിത്.

മധ്യപ്രദേശില്‍ ബിഎസ്പിയുമായി സഖ്യമുണ്ടായാൽ ദലിത് വോട്ടുകൾ കാര്യമായി സമാഹരിക്കാനാകും. 20 വര്‍ഷമായി ഏഴു ശതമാനം വോട്ടുകളാണ് ബിഎസ്പിക്കു ലഭിക്കുന്നത്. കോൺഗ്രസിനാകട്ടെ 36 ശതമാനവും. രണ്ടു കൂട്ടരും ചേരുമ്പോൾ 43 ശതമാനം വോട്ട്. 45 ശതമാനം വോട്ടു നേടുന്ന ബിജെപിക്കു ശക്തമായ വെല്ലുവിളിയാകാൻ സഖ്യത്തിനു സാധിക്കും. മാത്രമല്ല, മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെയുള്ള ഭരണവിരുദ്ധ വികാരം കൂടിയാകുമ്പോൾ ബിജെപിയെ അട്ടിമറിക്കാൻ സാധിക്കുമെന്നാണു വിലയിരുത്തൽ.

കോണ്‍ഗ്രസ് മുന്നോട്ടുവച്ച നിര്‍ദേശം ബിഎസ്പി അംഗീകരിക്കുമെന്നാണു മായാവതിയോട് അടുപ്പമുള്ളവർ പറയുന്നത്. മധ്യപ്രദേശിൽ മാത്രമൊതുക്കാതെ ഛത്തീസ്ഗഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലും സഖ്യം തുടർന്നേക്കും. ഇവിടങ്ങളിൽ യഥാക്രമം അഞ്ച്, നാല് ശതമാനം വീതമാണു ബിഎസ്പിയുടെ വോട്ടുവിഹിതം. പ്രാഥമിക ധാരണകൾ മാത്രമേ സഖ്യത്തിലുണ്ടായിട്ടുള്ളൂ. സീറ്റു വിഭജനം ഉൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീടേ തീരുമാനിക്കൂവെന്നു കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസാണു ബിജെപിയുടെ മുഖ്യ എതിരാളി. ഇവിടങ്ങളിൽ പ്രാദേശിക പാര്‍ട്ടികളുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയാൽ മികച്ച വിജയം ഉറപ്പിക്കാനാകുമെന്നു രാഷ്ട്രീയ ലോക് ദൾ (ആർഎൽഡി) നേതാവ് ജയന്ത് ചൗധരി അഭിപ്രായപ്പെട്ടു. അതിനിടെ, കർണാടകയിലെ കോണ്‍ഗ്രസ്–ജെഡിഎസ് സഖ്യം ലോക്സഭാ തിരഞ്ഞെടുപ്പിലും ഒരുമിച്ച് മത്സരിക്കുമെന്നു കഴിഞ്ഞദിവസം വ്യക്തമാക്കി. ബിഎസ്പിയും കൂടെ നിന്നാൽ പരമാവധി ദലിത് വോട്ടുകൾ ‘കൈക്കലാക്കി’ പാർലമെന്റ് പിടിക്കാമെന്നും കോൺഗ്രസ് മോഹിക്കുന്നു.