Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മൂന്നു ടയറും പഞ്ചറായ കാറിനു സമം: ചിദംബരം

p-chidambaram പി. ചിദംബരം (ഫയൽ ചിത്രം)

താനെ∙ മൂന്നു ടയറും പഞ്ചറായ കാറിനെപ്പോലെയാണ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെന്നു മുൻ ധനമന്ത്രിയും കോൺഗ്രസ് നേതാവുമായ പി. ചിദംബരം. ഇന്ധന വില വർധന തുടങ്ങി പലകാര്യങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ ശക്തമായ വിമർശനമാണു ചിദംബരം അഴിച്ചുവിട്ടത്. മഹാരാഷ്ട്ര കോൺഗ്രസ് ഘടകം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരു സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയുടെ നാല് എൻജിനുകളാണ് – സ്വകാര്യ നിക്ഷേപം, സ്വകാര്യ ഉപഭോഗം, കയറ്റുമതി, സർക്കാർ ചെലവുകൾ എന്നിവ. ഇവ കാറിന്റെ ടയറുകൾ പോലെയാണ്. ഇതിൽ ഒന്നോ രണ്ടോ ടയറുകൾ പഞ്ചറായാൽ വളർച്ച പതിയെ ആകും. എന്നാൽ നമ്മുടെ സാഹചര്യത്തിൽ മൂന്നു ടയറുകളും പഞ്ചറായി.

ആരോഗ്യമേഖലയിലും മറ്റു ചില മേഖലകളിലുമായി മാത്രം സർക്കാരിന്റെ ചെലവുകൾ ഒതുങ്ങി. ഈ ചെലവു മുന്നോട്ടുകൊണ്ടുപോകാനാണു സർക്കാർ പെട്രോൾ, ഡീസൽ, എൽപിജി വിലയിൽ വർധന വരുത്തുന്നത്. നികുതി വഴി ഇവിടെനിന്നെല്ലാം പിഴിഞ്ഞെടുത്തു ചില പൊതുകാര്യങ്ങളിൽ ഉപയോഗിക്കുകയാണ്.

അടുത്തിടെയായി വൈദ്യുതി മേഖലയിൽ എന്തെങ്കിലും തരത്തിലുള്ള നിക്ഷേപം ഉണ്ടായിട്ടുണ്ടോ? പാപ്പരായ 10 പ്രധാനപ്പെട്ട കമ്പനികളിൽ അഞ്ചെണ്ണം സ്റ്റീൽ കമ്പനികളാണ്. ഇത്തരം വ്യവസായങ്ങളിൽ ആരെങ്കിലും നിക്ഷേപം നടത്തുമെന്ന് പ്രതീക്ഷിക്കാനാവുമോ?’ – ചിദംബരം ചോദിച്ചു.

അഞ്ച് സ്ലാബ് ജിഎസ്ടി കൊണ്ടുവന്ന കേന്ദ്ര നടപടിയെയും ചിദംബരം വിമർശിച്ചു. മറ്റു രാജ്യങ്ങളിലെല്ലാം ജിഎസ്ടി എന്ന ഒറ്റ നികുതി സംവിധാനം മാത്രമേയുള്ളൂ. എന്നാൽ ഇന്ത്യയിൽ രണ്ടു തരത്തിലുള്ള നികുതി സംവിധാനമുണ്ട്. അഞ്ച് സ്ലാബ് ജിഎസ്ടിയല്ല ഞങ്ങൾ വിഭാവനം ചെയ്തത്, ചിദംബരം കൂട്ടിച്ചേർത്തു.