Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യുതിനിരക്ക് കുടിശിക; ഉദാര വ്യവസ്ഥയിൽ ഒറ്റത്തവണ തീർപ്പാക്കൽ

electricty

തിരുവനന്തപുരം ∙ രണ്ടു വർഷത്തിൽ കൂടുതലുള്ള വൈദ്യുതിനിരക്കു കുടിശിക അടച്ചു തീർക്കുന്നതിന് ഉദാരവ്യവസ്ഥയിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു. റവന്യൂ റിക്കവറി നേരിടുന്നവരും വിവിധ കോടതികളിൽ കേസുള്ളവരുമായ ഉപയോക്താക്കൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. അനധികൃത വൈദ്യുതി ഉപയോഗത്തിനു നടപടി നേരിടുന്നവർക്കും അപേക്ഷിക്കാം.

എന്നാൽ മുൻപ് ഇത്തരം പദ്ധതികളിൽ അപേക്ഷിച്ച് ആനുകൂല്യം പറ്റിയവർക്കും വൈദ്യുതി മോഷണക്കുറ്റത്തിൽ നടപടി നേരിടുന്നവർക്കും വ്യവസ്ഥകൾ ബാധകമല്ല. ജൂൺ ഒന്നു മുതൽ സെപ്റ്റംബർ 30 വരെയാണു കാലാവധി. രണ്ടു മുതൽ 5 വർഷം വരെയുള്ള കുടിശികകൾക്ക് നിലവിലെ 18% പലിശയ്ക്കു പകരം എട്ടു ശതമാനവും അഞ്ചു വർഷത്തിൽ കൂടുതലുള്ള കുടിശികയ്ക്ക് ആറു ശതമാനവും പലിശ നൽകിയാൽ മതിയാകും. പലിശത്തുക ആറു തുല്യതവണകളായി അടയ്ക്കാം.

എന്നാൽ, പലിശയടക്കമുള്ള കുടിശികത്തുക ഒരുമിച്ചടയ്ക്കുന്നവർക്കു പലിശയിൻമേൽ വീണ്ടും രണ്ടു ശതമാനത്തിന്റെ അധിക ഇളവ് ലഭിക്കും. സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങിയ പ്രത്യേക ഉപയോക്താക്കൾക്കു കുടിശികത്തുകയടയ്ക്കുന്നതിന് 12% പലിശ നിരക്കിൽ ആറു മാസത്തെ തവണ ആവശ്യമെങ്കിൽ അനുവദിക്കും. ഇളക്കിമാറ്റിയ കണക്‌ഷനുകൾക്കു പരമാവധി ആറു മാസത്തെ ഡിമാൻഡ് ചാർജോ ഫിക്സഡ് ചാർജോ നൽകിയാൽ പുതിയ കണക്‌ഷൻ നൽകും.

അടച്ചുപൂട്ടിയ വ്യവസായശാലകൾക്കും തോട്ടങ്ങൾക്കും ഈ വ്യവസ്ഥ ബാധകമാണ്. എൽടി ഉപയോക്താക്കൾ സെക്‌ഷൻ ഓഫിസിലും എച്ച്ടി/ഇഎച്ച്ടി ഉപയോക്താക്കൾ സ്പെഷൽ ഓഫിസർ റവന്യുവിന്റെ ഓഫിസിലും ഓഗസ്റ്റ് 31ന് മുൻപായി അപേക്ഷ നൽകണം.

അധികച്ചെലവ് നികത്താൻ സർചാർജ് 

വൈദ്യുതി ബോർഡിനു 2016–17 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ വൈദ്യുതി വാങ്ങിയ വകയിൽ ഉണ്ടായ അധികച്ചെലവ്  നികത്താൻ യൂണിറ്റിന് ആറു പൈസ ഇന്ധന സർചാർജ് ചുമത്തണമെന്ന ബോർഡിന്റെ ആവശ്യം സംബന്ധിച്ച് അടുത്ത 18നു തലസ്ഥാനത്തു റഗുലേറ്ററി കമ്മിഷൻ ഹിയറിങ് നടത്തും. ഈയിനത്തിൽ അധിക ബാധ്യതയായ 30.93 കോടി രൂപയാണ് ഉപയോക്താക്കളിൽ നിന്നു പിരിച്ചെടുത്തു നൽകണമെന്നു ബോർഡ് നേരത്തെ ആവശ്യപ്പെട്ടിരുന്നത്.

പുറമേ, കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെ വൈദ്യുതി വാങ്ങിയതു മൂലമുണ്ടായ അധികച്ചെലവായ 69.94 കോടി രൂപ നികത്തുന്നതിനു  യൂണിറ്റിന് 13 പൈസ വീതം സർചാർജ് ചുമത്തണമെന്നു കഴിഞ്ഞദിവസം ബോർഡ് റഗുലേറ്ററി കമ്മിഷനോട് അപേക്ഷിച്ചിട്ടുണ്ട്. ഇതിന്മേൽ എന്നു ഹിയറിങ് നടത്തണമെന്നു കമ്മിഷൻ തീരുമാനിച്ചിട്ടില്ല.