Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റഷ്യന്‍ മണ്ണില്‍ ഫുട്ബോൾ വിപ്ലവത്തിന് ഇന്നു കിക്കോഫ്

മോസ്കോയിൽ നിന്ന് മുഹമ്മദ് ദാവൂദ്
world-cup-sketch ഒക്ടോബർ വിപ്ലവത്തിന് പിന്നാലെ ‘ജനതയുടെ സൗഹാർദം’ എന്ന പേരിൽ പ്രശസ്ത റഷ്യൻ ചിത്രകാരൻ സ്റ്റെപാൻ കാർപോവ് വരച്ച ചിത്രത്തിൽ നിന്നു പ്രചോദനം വര: വിനയതേജസ്വി

വ്ലാദിമിർ ലെനിന്റെ നേതൃത്വത്തിൽ കമ്യൂണിസ്റ്റ് വിപ്ലവം നടന്ന മണ്ണിൽ ലയണൽ മെസ്സിയുടെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും നെയ്മറുടെയും നേതൃത്വത്തിൽ ഫുട്ബോൾ വിപ്ലവത്തിന് ഇന്നു കിക്കോഫ്. ലെനിൻ ഒരു കൈയാംഗ്യം കൊണ്ട് സോവിയറ്റ് ജനതയെ ഒന്നാകെ തനിക്കു പിന്നിൽ അണിനിരത്തിയെങ്കിൽ ലോക ഫുട്ബോളിലെ വിപ്ലവനക്ഷത്രങ്ങൾ കാൽചലനങ്ങൾകൊണ്ട് ഇനി ഒരു മാസം ലോകത്തെയൊന്നാകെ ത്രസിപ്പിച്ചു നിർത്തും. മണ്ണും വെള്ളവും മനുഷ്യർ ഒരുപോലെ പങ്കിട്ടെടുത്ത മണ്ണിൽ ഒരു പന്ത് ഇനി ലോകത്തിനുള്ള വിഭവമാകും. 22 പേർ മൈതാനത്തും, പതിനായിരങ്ങൾ ഗാലറിയിലും കോടിക്കണക്കിനു പേർ ടിവിയിലൂടെയും അതിനെ പങ്കിട്ടെടുക്കും.

ഇന്ത്യൻ സമയം ഇന്നു രാത്രി 8.30ന് മോസ്കോയിലെ ചരിത്രപ്രസിദ്ധമായ ലുഷ്നികി സ്റ്റേഡിയത്തിൽ ഫുട്ബോൾ വിപ്ലവത്തിന്റെ ആദ്യ വെടിയൊച്ച മുഴങ്ങും. ആതിഥേയരായ റഷ്യയും ഏഷ്യൻ രാജ്യമായ സൗദി അറേബ്യയും ആദ്യ പോരാട്ടത്തിലെ എതിരാളികൾ. മോസ്കോ കടന്നു വിപ്ലവം പിന്നെ വോൾഗയുടെയും ഡോണിന്റെയും കരിങ്കടലിന്റെയും തീരങ്ങളിലുള്ള പതിനൊന്നു റഷ്യൻ നഗരങ്ങളിലേക്കു പടരും. അവസാനം വസന്തത്തിന്റെ ഇടിമുഴക്കമായി ജൂലൈ 15നു ലുഷ്നികിയിൽ തന്നെ തിരിച്ചെത്തും. 21–ാം ലോകകപ്പിലെ ജേതാവിനെ ലോകം അന്നറിയും.

ബ്രസീൽ, അർജന്റീന, ജർമനി, ഫ്രാൻസ്, സ്പെയിൻ, ഇംഗ്ലണ്ട്, പോർചുഗൽ തുടങ്ങി ലോകകപ്പിനുള്ള 32 ടീമുകളും റഷ്യയിലെ വിവിധ നഗരങ്ങളിലായി തമ്പടിച്ചുകഴിഞ്ഞു. ആറാം ലോക കിരീടം ലക്ഷ്യമിട്ടു ബ്രസീൽ ഇറങ്ങുമ്പോൾ കഴിഞ്ഞ ലോകകപ്പിലെ അജയ്യത നിലനിർത്താനാണു ജർമനിയുടെ വരവ്. രാജ്യാന്തര ഫുട്ബോളിലെ നിർഭാഗ്യ വിധി മാറ്റിയെഴുതാൻ മെസ്സിയുടെ നേതൃത്വത്തിൽ അർജന്റീന അധ്വാനിക്കുമ്പോൾ കഴിഞ്ഞ യൂറോകപ്പിലെ ഭാഗ്യജാതകം തുടരാൻ റൊണാൾഡോയുടെ പോർച്ചുഗൽ ഉൽസാഹിക്കും.

ബൽജിയം, ക്രൊയേഷ്യ, പോളണ്ട് തുടങ്ങിയ അപ്രവചനീയ ടീമുകൾ ഒളിപ്പോരാളികളെപ്പോലെ എതിർപാളയങ്ങളിൽ നാശം വിതച്ചേക്കാം. നവാഗതരായ ഐസ്‍ലൻഡും പാനമയും ലോകകപ്പിന്റെ ജ്വാലയിലേക്ക് എടുത്തുചാടും. വർഷങ്ങൾക്കുശേഷം ലോകകപ്പിനെത്തുന്ന പെറുവും ഈജിപ്തും ഞങ്ങളിവിടെയുണ്ടായിരുന്നു എന്നു വിളിച്ചുപറയും. ടീമുകൾക്കു പിന്തുണയും പിൻബലവുമായി സർവരാജ്യ ആരാധകരും റഷ്യയിൽ സംഘടിക്കും.

വിപ്ലവം തുടങ്ങട്ടെ..!