Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാടിന്റെ നരകയാതന മോദി മറന്നു, പക്ഷേ ബിസ്വാൽ ‘നടന്നു’ വരുന്നുണ്ട് ഓർമിപ്പിക്കാൻ...

Biswal-Modi മുക്തികണ്ഠ ബിസ്വാൽ ആശുപത്രിയിൽ ചികിത്സയിൽ (എഎൻഐ ചിത്രം)

ആഗ്ര∙ ആഗ്രയിൽ നിന്നു ഡൽഹിയിലേക്കുള്ള വഴിയിൽ, 1350 കിലോമീറ്റർ നടന്നുതീർത്തതിന്റെ ക്ഷീണത്തിൽ, ദേശീയപാത 19ന്റെ ഓരത്ത് കുഴഞ്ഞു ബോധംകെട്ടു വീണപ്പോഴും മുക്തികണ്ഠ ബിസ്വാൽ രണ്ടു സംഗതികൾ മുറുകെപ്പിടിച്ചിരുന്നു. ഒന്ന്: ദേശീയപതാക, രണ്ട്: എന്തുവന്നാലും തന്റെ തീരുമാനം മാറ്റില്ലെന്ന്. നടന്നുതന്നെ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണണം, മൂന്നു വർഷമായിട്ടും പാലിക്കപ്പെടാത്ത വാഗ്ദാനത്തെപ്പറ്റി ഓർമിപ്പിക്കണം. തന്റെ നാട്ടിലെ ജനങ്ങൾ വൈദ്യസഹായം കിട്ടാതെ നരകിക്കുന്നതിന് അവസാനമുണ്ടാക്കണം. ക്ഷീണം മാറി ആശുപത്രിയിൽനിന്ന് ഇറങ്ങിയാലുടൻ യാത്ര തുടരാനാണ് മുപ്പതുകാരനായ ബിസ്വാലിന്റെ പരിപാടി. 

അയാൾ നടക്കാൻ തുടങ്ങിയത് ഒഡിഷയിലെ റൂർക്കലയിൽനിന്നാണ്; കഴിഞ്ഞ ഏപ്രിലിൽ. പോകുന്നത് ഡൽഹിയിലേക്ക്. 

സംഭവം തുടങ്ങുന്നത് 2015ലാണ്. ഒഡിഷ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് റൂർക്കലയിലെ ഇസ്പത് ജനറൽ ആശുപത്രിയിൽ സൂപ്പർ‌ സ്പെഷാലിറ്റി സൗകര്യങ്ങൾ ഒരുക്കുമെന്നും അതിനെ മെഡിക്കൽ‍ കോളജാക്കുമെന്നും വാഗ്ദാനം നൽകിയത്. ദേശീയപാത 143ന്റെ ഭാഗമായ രണ്ടാം ബ്രഹ്മാണി പാലത്തിന്റെ പണി പൂർത്തിയാക്കുമെന്നും മോദി പറഞ്ഞിരുന്നു. പക്ഷേ മൂന്നു വർഷം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല. ജനങ്ങളുടെ യാതന തുടരുക തന്നെയാണ്. 

അതു കണ്ടും അനുഭവിച്ചും മനംമടുത്താണ് ഒരു ശിൽപനിർമാതാവിന്റെ മകനായ മുക്തികണ്ഠ പ്രധാനമന്ത്രിയെ നേരിട്ടുകാണാൻ തീരുമാനിച്ചത്. പ്രചോദനത്തിനും ആവേശത്തിനുമായി ഒരു ദേശീയപതാകയും കയ്യിലെടുത്തു. ഒഡീഷയിൽനിന്ന് ജാർഖണ്ഡ്, ബിഹാർ, ഉത്തർപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങൾ കടന്ന് ന്യൂഡൽ‌ഹിയിലെത്തുമ്പോഴേക്കും മുക്തികണ്ഠ 1538 കിലോമീറ്റർ പിന്നിട്ടിട്ടുണ്ടാവും. ദിനംപ്രതി 20- 25 കിലോമീറ്ററാണ് അയാൾ നടക്കുന്നത്. 

related stories