Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉന്നതരുടെ വീട്ടുജോലിക്ക് പൊലീസുകാർ 2000; സംസ്ഥാന നഷ്ടം മാസം 8 കോടി രൂപ

adgp-cartoon

തിരുവനന്തപുരം∙ സംസ്ഥാനത്തെ എൺപതിലേറെ ഐപിഎസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും വീട്ടുജോലിക്കും മറ്റു സ്വകാര്യ ആവശ്യങ്ങൾക്കുമായി രണ്ടായിരത്തിലേറെ പൊലീസുകാർ. ഖജനാവിൽനിന്ന് ഇവർക്കുള്ള ശമ്പളച്ചെലവ് മാസം എട്ടു കോടിയിലേറെ രൂപ. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരടക്കം ഈ ക്രമവിരുദ്ധ സേവനം ഉപയോഗിക്കുന്നു. ജനങ്ങളെ സേവിക്കാൻ പൊലീസിലേക്കു റിക്രൂട്ട് ചെയ്തവരെയാണു നാടിനെയാകെ നാണം കെടുത്തി വിടുപണി ചെയ്യിക്കുന്നത്. 

സായുധസേനാ എഡിജിപി സുദേഷ്കുമാറിന്റെ ഡ്രൈവർ ഗവാസ്കർ തനിക്കു മർദനമേറ്റതിനെതിരെ പരാതി നൽകിയതോടെ മാത്രമാണു പൊലീസ് അസോസിയേഷൻ ഭാരവാഹികൾ ഉൾപ്പെടെ ഇതിനെതിരെ രംഗത്തെത്തിയത്. ഐപിഎസ് പദവിയുള്ളവരെല്ലാം ‘സ്വന്തം സേവനത്തിനു’ നാലു മുതൽ പത്തു വരെ പൊലീസുകാരെ ഒപ്പം നിർത്തിയിട്ടുണ്ട്. സുരക്ഷയുടെ പേരിൽ ആദ്യം ഭരണനേത‍ൃത്വത്തിനു വേണ്ടതിലേറെ പൊലീസുകാരെ നൽകി കൂറുകാട്ടിയ ശേഷമാണു ‘വീതം വയ്ക്കൽ’. ചോദിക്കുന്നത്ര പേരെ വീതംവച്ചു നൽകുന്നതു പൊലീസ് ആസ്ഥാനത്തെ പ്രധാനികളാണ്. 

ആസ്ഥാനത്തെ ഒരു ഉന്നത ഉദ്യോഗസ്ഥനു വീട്ടിൽ സ്ഥിരമായി ആറു പൊലീസുകാരുണ്ട്. ‘പറയുന്നതെല്ലാം ചെയ്യുക’യാണു ഡ്യൂട്ടി. ഓഫിസിൽ, കാറിൽ എന്നിങ്ങനെ വിവിധ ജോലികൾക്കായി 20 പൊലീസുകാർ വേറെ. ബറ്റാലിയനുകളിലാണ് ഏറെ കഷ്ടം. പട്ടിയെ കുളിപ്പിക്കാൻ മുതൽ മീൻ വാങ്ങാൻ വരെ പൊലീസുകാരുടെ സേവനമാണ് എഡിജിപി, ഐജി, കമൻഡാന്റ്, ഡപ്യൂട്ടി കമൻഡാന്റ് എന്നിവരെല്ലാം വിനിയോഗിക്കുന്നത്.

ബറ്റാലിയനുകളിൽ ജോലി ചെയ്യേണ്ട ക്യാംപ് ഫോളോവർമാരെയും വീട്ടുജോലിക്ക് ഉപയോഗിക്കുന്നു. നായ പരിചരണം, പാചകം, അലക്ക് തുടങ്ങി മുടിവെട്ടിനു വരെ സ്വന്തമായി ആളില്ലാത്ത ഇതരസംസ്ഥാന ഐപിഎസ് ഉദ്യോഗസ്ഥർ കുറവാണ്. 

ഭൂരിപക്ഷം പൊലീസുകാർക്കും പക്ഷേ, പരാതിയില്ല. ഒരു ദിവസത്തെ ഡ്യൂട്ടിക്കു രണ്ടു ദിവസം വിശ്രമം എന്നതാണു രീതി. ഇടയ്ക്കിടെ സൽസേവന രേഖയും. ഐപിഎസുകാരുടെ സേവനത്തിന് ആളെ നിർത്താൻ കേന്ദ്രസർക്കാർ 9000 രൂപ പ്രതിമാസ അലവൻസ് നൽകുന്നുണ്ടെന്നിരിക്കെയാണ് ഈ അനധികൃത ആനുകൂല്യം.