Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂൾ വാൻ കുളത്തിലേക്കു മറിഞ്ഞുണ്ടായ അപകടം; ചികിത്സയിലിരുന്ന നാലു വയസ്സുകാരി മരിച്ചു

Carole Teresa കരോൾ തെരേസ

കൊച്ചി∙ മരട് കാട്ടിത്തറ റോഡിൽ സ്കൂൾ വാൻ കുളത്തിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുട്ടി കൂടി മരിച്ചു. നാലു വയസ്സുകാരി കരോൾ തെരേസയാണു മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. ന്യൂസിലാൻഡിൽ നഴ്സുമാരായ വൈറ്റില ജനത വൻപുള്ളി വീട്ടിൽ ജോബി ജോർജിന്റെയും ജോമോളിന്റെയും മകളാണ് കരോൾ. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന കരോളിന്റെ മരണം ഉച്ചയ്ക്കു രണ്ടോടെയാണ് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചത്.

യുകെജി വിദ്യാർഥികളായ ആദിത്യൻ (നാല്), വിദ്യാലക്ഷ്മി (നാല്), ആയ ലത ഉണ്ണി (38) എന്നിവരാണ് ജൂൺ 11നുണ്ടായ അപകടത്തിൽ മരിച്ചത്. രക്ഷാപ്രവർത്തനത്തിനു ശേഷം ബോധമറ്റു വീണ ഡ്രൈവർ അനിൽകുമാറും (ബാബു) മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിൽസയിലാണ്. 

ജൂൺ 11നു വൈകിട്ടു നാലോടെ കാട്ടിത്തറ റോഡ് ഹരിശ്ചന്ദ്ര ലെയ്നിൽ തെക്കേടത്തു കാവിനടുത്തുള്ള കുളത്തിലേക്കാണു വാൻ മറിഞ്ഞത്. എട്ടു കുട്ടികളും ആയയുമാണുണ്ടായിരുന്നത്. അ‍ഞ്ചു കുട്ടികളെ രക്ഷിക്കാനായി. പിൻവശത്തെ സീറ്റിൽ കുടുങ്ങിയ ആദിത്യൻ, വിദ്യാലക്ഷ്മി, കരോൾ എന്നിവരെയും ആയ ലതയേയും അവസാനമാണ് കരയിൽ എത്തിക്കുവാനായത്.

കയർ കെട്ടി വാഹനം ഉയർത്തിയ ശേഷമേ വിദ്യാലക്ഷ്മിയെയും ആദിത്യനെയും ലതയെയും പുറത്തെടുക്കാനായുള്ളൂ. അപ്പോഴേക്കും അര മണിക്കൂർ പിന്നിട്ടിരുന്നു. റോഡരികിലെ പുല്ലും കുളത്തിലെ പായലും കൂടിച്ചേർന്നു കിടക്കുകയാണിവിടെ. റോഡിനു സംരക്ഷണഭിത്തിയോ, കുളത്തിൽ നിന്നു വേർതിരിച്ചറിയാൻ അടയാളം പോലുമോ ഉണ്ടായിരുന്നില്ല.