Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരാപ്പുഴ കസ്റ്റഡി മരണം: എസ്പി ജോർജ് പ്രതിയാകില്ല, വകുപ്പുതല നടപടി മാത്രം

AV George എ.വി.ജോർജ്

കൊച്ചി∙ വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിലായിരിക്കെ മർദനമേറ്റു ശ്രീജിത് മരിച്ച കേസിൽ എറണാകുളം മുൻ റൂറൽ എസ്പി എ.വി. ജോർജ് പ്രതിയാകില്ല. ഇതുസംബന്ധിച്ച് ഡിജി പ്രോസിക്യൂഷന്റെ നിയമോപദേശം അന്വേഷണ സംഘത്തിനു ലഭിച്ചു. ജോർജിനെ കേസില്‍ പ്രതിയാക്കേണ്ടതില്ല എന്നാണു നിയമോപദേശം ലഭിച്ചിരിക്കുന്നത്. മറിച്ചു വകുപ്പുതല നടപടി മാത്രം മതിയാകും.

മേയ് പതിനേഴിനാണു പ്രത്യേക സംഘം ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിൽ നിന്ന് നിയമോപദേശം തേടിയത്. ഇതു വൈകുന്നത് അന്വേഷണത്തെ ബാധിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ജോർജ് നിലവിൽ സസ്പെൻഷനിലാണ്.

കേസിലെ പ്രതികളായവരെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്ന വിവരത്തെത്തുടർന്ന് അന്വേഷണ സംഘം എ.വി. ജോർജിനെ രണ്ടു തവണ ചോദ്യം ചെയ്തിരുന്നു. ജോർജിനെതിരെ ഒരു ഡിവൈഎസ്പിയടക്കമുള്ള പൊലീസുകാരുടെ മൊഴികളും ചില മാധ്യമവാർത്തകളുമടക്കമുള്ള തെളിവുകളാണ് അന്വേഷണ സംഘത്തിന്റെ കയ്യിലുള്ളത്.

എന്നാൽ, ശ്രീജിത്തിന്റെ കാര്യത്തിൽ താൻ ഇടപെട്ടത് ആലുവ ഡിവൈഎസ്പിയുടെ റിപ്പോർട്ട് കണക്കിലെടുത്താണെന്ന് എ.വി. ജോർജ് അന്വേഷണ സംഘത്തിനു മൊഴി നൽകിയിരുന്നു. സിഐയും എസ്ഐയുമടക്കം പത്തു പൊലീസ് ഉദ്യോഗസ്ഥർ കേസിൽ പ്രതികളാണ്. പ്രതികളുടെയും ചില സാക്ഷികളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം നിയമോപദേശം തേടിയത്.