Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപും കിമ്മും കൈകൊടുത്തു, ഗൂഢമായി ചിരിച്ച് ചൈന; വരാനിരിക്കുന്നത് ‘വൻയുദ്ധം’

Xi Jinping, Donald Trump, Kim Jong Un ഷി ചിൻപിങ്, ഡോണൾഡ് ട്രംപ്, കിം ജോങ് ഉൻ.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ലോകം ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ആശങ്കകൾക്കും അഭ്യൂഹങ്ങൾക്കുമൊടുവിൽ അതു നന്നായി പര്യവസാനിക്കുകയും ചെയ്തു. ആണവയുദ്ധ ഭീതിയിൽ നിന്ന ലോകത്തിന് ഒരു പരിധിവരെ സമാധാനം നൽകാൻ കൂടിക്കാഴ്ച സഹായിച്ചു. അതിന്റെ അനന്തരഫലങ്ങളെപ്പറ്റി ചർച്ചകൾ സജീവമാണ്. അതേസമയം, കൂടിക്കാഴ്ച യഥാർഥത്തിൽ നേട്ടമായത് ഉത്തര കൊറിയയ്ക്കോ അമേരിക്കയ്ക്കോ എന്നു ചോദിച്ചാൽ, ചില നയതന്ത്ര വിദഗ്ധരുടെ ഉത്തരം ചൈനയ്ക്ക് എന്നാണ്; അമേരിക്കയുടെ എതിരാളിയും ഉത്തര കൊറിയയുടെ സുഹൃത്തുമാണു ചൈന. 

ചൈനീസ് സാന്നിധ്യം

കിം ജോങ് ഉൻ സിംഗപ്പൂരിലെത്താൻ ഉപയോഗിച്ച വിമാനം മാത്രമാണു പ്രത്യക്ഷത്തിൽ ഉച്ചകോടിയിലെ ചൈനീസ് സാന്നിധ്യം. എന്നാൽ ആണവ പരീക്ഷണങ്ങളും യുദ്ധ പ്രഖ്യാപനങ്ങളുമായി ലോകത്താകെ അസ്വസ്ഥത വിതച്ച കിമ്മിനെ ചർച്ചകളിലേക്കു നയിച്ചതു ചൈനയും ചേർന്നായിരുന്നു. ഉത്തരകൊറിയയുെട വ്യാപാരത്തിൽ തൊണ്ണൂറു ശതമാനത്തിലും പങ്കാളി ചൈനയാണ്. അടുപ്പമുള്ള നയതന്ത്രബന്ധുവും ചൈന തന്നെ.

ആണവായുധങ്ങളും ഭൂഖണ്ഡാന്തര മിസൈലുകളും നിരന്തരമായി ഉത്തരകൊറിയ പരീക്ഷിക്കാൻ തുടങ്ങുകയും യുദ്ധഭീതി പരത്തുകയും ചെയ്തതോടെ ചൈന ഇടഞ്ഞു. ഐക്യരാഷ്ട്ര സംഘടന കൊറിയയ്ക്കെതിരെ ഏർപ്പെടുത്തിയ ഉപരോധത്തിൽ  ചൈനയും പങ്കാളിയായി. കൽക്കരി, ഇരുമ്പയിര്, കടൽ വിഭവങ്ങൾ, തൊഴിൽ പങ്കാളിത്തം എന്നീ മേഖലകളിൽ ചൈന സഹകരണം കുറച്ചു. ഇതോടെ സമ്മർദത്തിലായ ഉത്തരകൊറിയ ചർച്ചകൾക്കു തയാറാവുകയായിരുന്നു. 

ചൈന ലക്ഷ്യമിട്ടത്

ലോകം കാത്തിരുന്നത് ഉത്തര കൊറിയയുടെ ആണവ നിരായുധീകരണ പ്രഖ്യാപനത്തിനു വേണ്ടിയാണ്. ആണവനിരായുധീകരണം സംബന്ധിച്ച് യുഎസുമായി അവർ കരാർ ഒപ്പിടുകയും ചെയ്തു. തിരികെ അമേരിക്ക നൽകിയ വാഗ്ദാനങ്ങൾ പ്രധാനമായും മൂന്നാണ്. പടിപ‌ടിയായി ഉപരോധം പിൻവലിക്കും. ഉത്തരകൊറിയയുടെ വികസനത്തിനും സമാധാനത്തിനും സഹായിക്കും. ദക്ഷിണ കൊറിയയില്‍നിന്നു സൈന്യത്തെ പിൻവലിക്കുകയും സൈനിക ആഭ്യാസങ്ങൾ അവസാനിപ്പിക്കുകയും ചെയ്യും.

ഉത്തരകൊറിയൻ ആണവ നിരായുധീകരണ പ്രവർത്തനങ്ങൾ വിലയിരുത്തി ഘട്ടം ഘട്ടമായാണു നടപ്പാക്കുക. ഉത്തര കൊറിയയ്ക്ക് ഏറെ ആശ്വാസം നൽകുന്ന വാഗ്ദാനം ഉപരോധം പിൻവലിക്കുമെന്നതാണ്. ഉപരോധങ്ങൾ കൊണ്ട് സാമ്പത്തികമായി തകർന്നിരിക്കുകയാണ് അവർ. ചൈന കാത്തിരുന്നതു സൈന്യത്തെ പിൻവലിക്കുമെന്ന യുഎസ് പ്രഖ്യാപനത്തിനു വേണ്ടിയാണ്. ലോകത്തിന്റെ‌ വിവിധ ഭാഗങ്ങളിലുള്ള അമേരിക്കൻ സൈനികരെയെല്ലാം തിരികെ കൊണ്ടുവരുമെന്നു ട്രംപ് മുമ്പേ പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയുമായി നടത്തിവരുന്ന സൈനികാഭ്യാസത്തെ ‘ചെലവേറിയ’ നടപടിയായാണു ട്രംപ് വിശേഷിപ്പിക്കുന്നതും.

യുഎസ് സൈന്യം പിൻവലിയുമ്പോൾ

അമേരിക്കൻ സൈന്യത്തിന് ഏഷ്യയിൽ കൂടുതൽ സ്വാധീനമുള്ളതു ദക്ഷിണ കൊറിയയിലാണ്. കൊറിയൻ യുദ്ധത്തിനുശേഷം അമേരിക്കൻ സൈന്യം ദക്ഷിണ കൊറിയ വിട്ടിട്ടില്ല. ജപ്പാനും ഫിലിപ്പീൻസുമായി അമേരിക്ക സഹകരണം തുടരുന്നുമുണ്ട്. എന്നാൽ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകുക എന്നതു ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ചൈനയ്ക്കു കിഴക്കനേഷ്യൻ മേഖലയിലെ അമേരിക്കൻ സാന്നിധ്യം തടസ്സമാണ്. ചൈനയുമായി തർക്കം നിലനിൽക്കുന്ന പല രാജ്യങ്ങൾക്കും അമേരിക്കൻ പിന്തുണയുണ്ട്.

ഏഷ്യൻ പസഫിക് സമുദ്ര മേഖലയിലും അമേരിക്കയ്ക്കു മേധാവിത്വമുണ്ട്. യുഎസ് സൈന്യം പിൻവലിയുന്നതോടെ മേഖലയിൽ ചൈന ആധിപത്യം നേടും. തർക്കത്തിൽ കഴിയുന്ന പല ദ്വീപുകളും പിടിച്ചെടുക്കാനും സമുദ്രപാതകളിലെ മേധാവിത്വം നേടി വ്യാപാരം സുഗമമാക്കാനും ചൈനയ്ക്കാവും. അമേരിക്ക പിൻതിരിയുന്നതോടെ തർക്കത്തിലുള്ള പല രാജ്യങ്ങള്‍ക്കും തങ്ങളുടെ സഹായം തേടേണ്ടി വരുമെന്നും ചൈന കണക്കുകൂട്ടുന്നു. ‘മെയ്ഡ് ഇൻ ചൈന 2025’ എന്ന പദ്ധതിയിലൂടെ ലോക വ്യാപാര രംഗം കീഴടക്കാനാണു ചൈന ലക്ഷ്യമിടുന്നത്.

വരുമോ യുദ്ധം ?

ചൈനയുടെ കണക്കുകൂട്ടലുകൾക്കനുസരിച്ചാണു കാര്യങ്ങൾ പോകുന്നതെങ്കിൽ ഏറെ വൈകാതെ ലോകം മറ്റൊരു യുദ്ധത്തിനു സാക്ഷ്യം വഹിക്കേണ്ടതായി വരുമെന്നും നിരീക്ഷണമുണ്ട്; ചൈനയും അമേരിക്കയും തമ്മിലുള്ള ‘വ്യാപാരയുദ്ധം’. ചൈനയിൽ നിന്നുള്ള വ്യവസായ പ്രധാനമായ ഇറക്കുമതിക്ക് അമേരിക്ക 25% തീരുവ ചുമത്തിയിരുന്നു. ചൈന പിന്തുടരുന്നതു നീതിയുക്തമല്ലാത്ത വ്യാപാര മാർഗങ്ങളാണെന്നു ട്രംപ് ആരോപിക്കുന്നു.

അമേരിക്കൻ ഉൽപന്നങ്ങൾക്കു സമാന തീരുവ ചുമത്തി ചൈനയും പ്രതികരിച്ചു. ഏഷ്യയിലെ ചൈനീസ് ഇടപെടലുകളെ ഇന്ത്യയും ജപ്പാനും സംശയത്തോടെയാണു വീക്ഷിക്കുന്നത്. ചൈനീസ് നടപടികളിൽ അസംതൃപ്തരായ മറ്റ് ഏഷ്യൻ രാജ്യങ്ങൾ കൂടി കക്ഷി ചേർന്നാൽ ചേർന്നു വ്യാപാര യുദ്ധത്തിനു ആക്കം കൂടാനും സാധ്യതയുണ്ട്.

related stories