Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘എട്ടു പേരെ കൊല്ലാതെ’ മൻസൂർ അലിഖാൻ അകത്തായി; ‘പണി’ കിട്ടിയത് ഇങ്ങനെ

mansoor-ali-khan മൻസൂർ അലി ഖാൻ. ചിത്രം കടപ്പാട്: ട്വിറ്റർ.

ചെന്നൈ∙ ചെന്നൈ – സേലം എട്ടുവരിപ്പാത വന്നാൽ എട്ടു പേരെ കൊന്ന് ജയിലിൽ പോകാൻ തയാറാണെന്നു പ്രഖ്യാപിച്ച നടൻ മൻസൂർ അലിഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. ചൂളൈമേടിലുള്ള വസതിയിൽനിന്നു ഞായറാഴ്ച രാവിലെ സേലം പൊലീസാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഏതെല്ലാം വകുപ്പുകൾ ചേർത്താണു കേസെടുത്തതെന്നു പൊലീസ് വ്യക്തമാക്കിയിട്ടില്ല. ‘എട്ടുവരിപ്പാത വന്നാൽ എട്ടുപേരെ കൊന്നു ജയിലിൽ പോകാൻവരെ താൻ തയാറാണ്’ എന്ന പ്രസ്താവനയാണ് അറസ്റ്റിൽ കലാശിച്ചത്. നിർദിഷ്ട പാത കടന്നുപോകുന്ന പ്രദേശത്തെ ജനങ്ങൾ പദ്ധതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഏതാനും ആഴ്ചകളായി സമരത്തിലാണ്. സർവേ നടത്താനെത്തിയ സർക്കാർ ഉദ്യോഗസ്ഥരെ പലയിടത്തും തടയുകയുമുണ്ടായി.

ഇതിനിടെ, സമരം ചെയ്യുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സേലത്തെത്തിയ മൻസൂർ അലിഖാൻ പ്രദേശവാസികളെ സന്ദർശിച്ചപ്പോഴായിരുന്നു പ്രസ്താവന. എയർപോർട്ടും എട്ടുവരിപ്പാതയും ഉൾപ്പെടെയുള്ള പദ്ധതികൾ സേലത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥയെ തകിടംമറിക്കുമെന്നും ജനജീവിതത്തെയും കൃഷിയിടങ്ങളെയും വനമേഖലയെയും നേരിട്ടു ബാധിക്കുന്ന പദ്ധതിയിൽനിന്നു സർക്കാർ പിൻമാറണമെന്നുമാണ് ഖാൻ ആവശ്യപ്പെട്ടത്. കാവേരി വിഷയത്തിൽ പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായവരെ സന്ദർശിച്ചതിനു കഴിഞ്ഞ ഏപ്രിലിലും മൻസൂർ അലി അറസ്റ്റിലായിരുന്നു.

അണ്ണാഡിഎംകെ സർക്കാരിനെതിരെ ഒട്ടേറെ പരാമർശങ്ങൾ ഇതിനു മുൻപും അദ്ദേഹം നടത്തിയിട്ടുണ്ട്. മൻസൂർ അലിഖാൻ സാധാരണ മനുഷ്യനാണെന്നും എല്ലാ പൗരൻമാർക്കുമെന്നപോലെ അദ്ദേഹത്തിനും നിയമങ്ങൾ ബാധകമാണെന്നും നിയമം ആരു ലംഘിച്ചാലും നടപടി സ്വീകരിക്കുമെന്നും അറസ്റ്റിനു പിന്നാലെ മന്ത്രി ഡി. ജയകുമാർ വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ ഭാരത്‌മാലാ പരിയോജന പദ്ധതിയുടെ ഭാഗമായാണ് 277.30 കിലോമീറ്റർ നീളത്തിൽ ചെന്നൈയിൽനിന്നു സേലത്തേക്ക് എട്ടുവരിപ്പാത നിർമിക്കാൻ തീരുമാനിച്ചത്.

പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമെന്നു മുഖ്യമന്ത്രി എടപ്പാടി പളനിസാമി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. 41 ഏക്കർ വനഭൂമി മാത്രമാണു പദ്ധതിക്കായി ഏറ്റെടുക്കേണ്ടതെന്നും ബാക്കിയുള്ള 1,900 ഹെക്ടർ സ്ഥലത്തിൽ 400 ഹെക്ടർ സ്ഥലം സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വനമേഖലകളിൽ തുരങ്കങ്ങൾ നിർമിച്ചു പരിസ്ഥിതി ആഘാതം ഉണ്ടാകാത്ത രീതിയിലായിരിക്കും നിർമാണമെന്നും പളനിസാമി പറഞ്ഞു.