Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെസ്നയെ തേടി പുണെയിലും ഗോവയിലും പോയത് വെറുതെ; അന്വേഷണ സംഘം മടങ്ങുന്നു

jesna-missing-notice ജെസ്നയെ കണ്ടെത്തുന്നതിനായി പുണെയിലും ഗോവയിലുമെത്തിയ പൊലീസ് സംഘം ജെസ്നയുടെ ചിത്രവും വിവരങ്ങളുമടങ്ങിയ പോസ്റ്റർ പതിക്കുന്നു.

പത്തനംതിട്ട ∙ മുക്കൂട്ടുതറയിൽ നിന്നു കാണാതായ ജെസ്ന മരിയ ജയിംസിനെ തേടി പുണെയിലും ഗോവയിലും പോയ പൊലീസ് സംഘം വെറുംകയ്യോടെ മടങ്ങുന്നു. ഇവിടെയുള്ള ആരാധാനലായങ്ങളിലും ആശ്രമങ്ങളിലും പൊലീസ് സംഘമെത്തിയെങ്കിലും ജെസ്നയെ കണ്ടവർ ആരുമില്ല. നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ ജെസ്നയുടെ പോസ്റ്ററുകൾ പതിച്ചെങ്കിലും ആരും കണ്ടതായി അറിയിച്ചു വിളിച്ചില്ല. ഒരു വിവരവും ലഭിക്കാതെ വന്നതോടെയാണു മടങ്ങാൻ അന്വേഷണ സംഘം തീരുമാനിച്ചത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണസംഘം ഗോവയിലും പുണെയിലുമെത്തിയത്. ഇവിടങ്ങളിൽ കോൺവെന്റുകളും നഗരങ്ങളും കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം. നഗരങ്ങളിൽ ജെസ്നയുടെ ചിത്രങ്ങൾ പതിക്കുകയും മലയാളി അസോസിയേഷനുകളുടെ സഹായം തേടുകയും ചെയ്തെങ്കിലും വിവരങ്ങൾ ലഭിച്ചില്ല.

ചെന്നൈയിലുൾപ്പെടെ കണ്ട പെൺകുട്ടി ജെസ്നയല്ലെന്നു സ്ഥിരീകരിക്കാൻ മാത്രമേ ഇതുവരെയുള്ള അന്വേഷണത്തിൽ പൊലീസിനായിട്ടുള്ളൂവെന്നും ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ പറഞ്ഞു. ജെസ്നയെക്കുറിച്ച് വിവര ശേഖരണത്തിനായി പൊലീസ് പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ച വിവരശേഖരണപ്പെട്ടിയിൽ പ്രതീക്ഷ നൽകുന്ന ചില വിവരങ്ങൾ കിട്ടിയെന്നു സൂചനയുണ്ട്. 12 സ്ഥലങ്ങളിലായി 12 പെട്ടികളാണ് പൊലീസ് സ്ഥാപിച്ചത്. ഇതിൽ നിന്ന് 50 കത്തുകളാണ് ലഭിച്ചത്.