Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

6500 അമേരിക്കക്കാരുടെ 500 കോടി തട്ടിയ കേസ്; ഒടുവിൽ ഷാഗിക്ക് ജാമ്യം

phone-scam പ്രതീകാത്മക ചിത്രം.

മുംബൈ∙ ശതകോടികളുടെ തട്ടിപ്പു നടന്ന താനെ കോൾ സെന്റർ കേസിലെ മുഖ്യപ്രതി ഷാഗി എന്ന സാഗർ താക്കറിനു ജാമ്യം. കഴിഞ്ഞ വർഷം ഏപ്രിലിൽ അറസ്റ്റിലായ ഷാഗിക്കു 14 മാസത്തിനു ശേഷമാണു താനെ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. 6500 അമേരിക്കൻ പൗരന്മാരിൽനിന്ന് ഏകദേശം 500 കോടിയോളം രൂപ ഷാഗിയും കൂട്ടാളികളും കൈക്കലാക്കിയതെന്നാണു കേസ്.

2016 ഒക്ടോബറിൽ മുംബൈ മീരാ റോഡിലെ കോൾ സെന്ററിൽ പൊലീസും ക്രൈം ബ്രാഞ്ചും നടത്തിയ റെയ്ഡിലാണു വൻതട്ടിപ്പു ചുരുളഴിഞ്ഞത്. നിക്ഷേപകർ, അക്കൗണ്ടന്റുമാർ, ഫ്ലോർ മാനേജർമാർ തുടങ്ങി എഴുപത്തിയഞ്ചിലധികം പേർ അറസ്റ്റിലായി. യുഎസ് റവന്യു ഉദ്യോഗസ്ഥർ ചമഞ്ഞ് അമേരിക്കക്കാരെ കോള്‍ സെന്‍ററുകളില്‍നിന്നു വിളിച്ചാണു തട്ടിപ്പിനു കളമൊരുക്കിയത്. നികുതി അടവിൽ വീഴ്ച വരുത്തിയവരെ വിളിച്ച് ഭീഷണിപ്പെടുത്തിയാണു പണം കൈക്കലാക്കിയത്.

സാങ്കേതിവിദ്യ വിദഗ്ധരടക്കം വലിയ സന്നാഹത്തെയാണു ഷാഗി ഉപയോഗിച്ചത്. വിവിധ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണു നികുതി അടയ്ക്കാനുള്ളവരുടെ നമ്പർ കണ്ടുപിടിച്ചത്. അഹമ്മദാബാദിലെ ഉൾപ്പെടെ നിരവധി കോൾസെന്ററുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തനം. തട്ടിപ്പിലൂടെ പൊടുന്നനെ കോടീശ്വരനായ ഷാഗി (24) കാമുകിക്കു രണ്ടര കോടിയുടെ ഔഡി കാർ പിറന്നാൾ സമ്മാനമായി നൽകിയതു വലിയ ചർച്ചയായിരുന്നു.