Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻടിപിസിക്കു ‘വൻലാഭം’, ജനത്തിന് ഇരുട്ടടി; ഇല്ലാത്ത വൈദ്യുതിക്ക് ബിൽ 207 കോടി!

electricity പ്രതീകാത്മക ചിത്രം.

തിരുവനന്തപുരം∙ സാമ്പത്തിക പ്രതിസന്ധിക്കിടയിലും കഴിഞ്ഞവര്‍ഷം വാങ്ങാത്ത വൈദ്യുതിക്കു കെഎസ്ഇബി നല്‍കിയത് 207 കോടി രൂപ. നാലുവര്‍ഷം കൊണ്ട് 1073 കോടിയും കായംകുളം എന്‍ടിപിസി താപനിലയത്തിനായി പാഴാക്കി. ഒടുവില്‍ ബോര്‍ഡ് മാനേജ്മെന്റിന്റെ ഇടപെടല്‍ മൂലം 200 കോടിക്കു മുകളില്‍ വാങ്ങിയ തുക തിരികെ നല്‍കാമെന്ന് എന്‍ടിപിസി സമ്മതിച്ചതു ‘നേരിയ ആശ്വാസമായി’.

കേരളത്തിലെ വൈദ്യുതിപ്രതിസന്ധി പരിഹരിക്കാന്‍ സ്ഥാപിച്ച കായംകുളം താപനിലയത്തില്‍നിന്നു വൈദ്യുതി വാങ്ങിയാലും ഇല്ലെങ്കിലും എല്ലാവര്‍ഷവും നിശ്ചിത തുക നല്‍കണം. യൂണിറ്റിന് 13 രൂപ ആയതിനാല്‍ ഇവിടെനിന്നു കെഎസ്ഇബി വൈദ്യുതി വാങ്ങാറില്ല. പ്രവര്‍ത്തിക്കാത്ത വൈദ്യുതിനിലയത്തിനെ ഇല്ലാത്ത വൈദ്യുതിയുടെ പണം കൊടുത്തു തീറ്റിപ്പോറ്റുകയാണു കെഎസ്ഇബി. 2013ല്‍ കരാര്‍ പുതുക്കിയശേഷം യഥാക്രമം 284 കോടി, 288 കോടി, 292 കോടി, 207 കോടി വീതമാണു നല്‍കിയത്. ആകെ 1073 കോടി.

ഇത്രയും തുക നല്‍കാനാവില്ലെന്നു ബോര്‍ഡ് അറിയിച്ചതോടെ 200 കോടിരൂപയ്ക്കു മുകളില്‍ നാലുവര്‍ഷവും പിടിച്ചതുകയായ 273 കോടി തിരികെ നല്‍കാന്‍ എന്‍ടിപിസി സമ്മതിച്ചു. കെഎസ്ഇബിയുടെ കണക്കുപ്രകാരം കഴിഞ്ഞ നാലുവര്‍ഷത്തെ ഫിക്സഡ് ചാര്‍ജ് 634 കോടിയാണ്. ഈ സ്ഥാനത്താണ് 1073 കോടി നല്‍കിയത്. ഈ നിരക്കില്‍ ഫിക്സഡ് ചാര്‍ജ് നല്‍കുന്നതു ബോര്‍ഡിന്റെ പൊതുകടത്തിന്റെ കണക്കില്‍ വരുകയും വൈദ്യുതിചാര്‍ജ് കൂടുകയും ചെയ്യും. ഈ സാഹചര്യത്തിലാണു നിരക്ക് കുറയ്ക്കാന്‍ ബോര്‍ഡ് സമ്മര്‍ദം ചെലുത്തിയത്.