Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളം അതിവേഗം മരുഭൂമിയായി മാറുമോ?; നെൽവയൽ നികത്തൽ നിയമവിധേയമാകുമ്പോൾ

ബോബി ഏബ്രഹാം
paddy-field (ഫയൽ ചിത്രം)

ഭൂമിയുടെ മൂല്യം എന്നാൽ വിപണി മൂല്യം എന്ന ഉപരിപ്ലവമായ ധാരണയിലൂടെയാണു ശരാശരി മലയാളി കടന്നുപോകുന്നത്. അതുകൊണ്ടു തന്നെയാണു കുന്നിടിച്ചു നിരത്തുന്നതും ആ മണ്ണുകൊണ്ടു പാടം നികത്തുന്നതും ഒരു പുരോഗമന പ്രവൃത്തിയായി മലയാളി കാണുന്നതും. ആവശ്യങ്ങൾക്കനുസരിച്ചു ഭൂമി രൂപഭേദം വരുത്തി ഉപയോഗിക്കുന്നതു തെറ്റെന്നു പറയാനാവില്ല. എന്നാൽ ആ ആവശ്യങ്ങൾ നിർണയിക്കുന്ന കാര്യത്തിൽ ഇനിയും നമുക്കു പക്വത കൈവന്നിട്ടുമില്ല. സദുദ്ദേശ്യത്തോടെ നിർമിക്കുന്ന നിയമങ്ങളിലെ പഴുതുകൾ കണ്ടെത്തി ദുരുദ്ദേശ്യത്തിനായി ഉപയോഗിക്കുന്നതിൽ ശരാശരി മലയാളിക്കു വിരുതു കൂടുതലാണ്. പഴുതുകൾ കണ്ടെത്തിക്കൊടുക്കാൻ കഴിവുള്ള ഉദ്യോഗസ്ഥ വൃന്ദവും നിയമസംവിധാനത്തിലെ അലംഭാവവും കൂടിയാകുമ്പോൾ എല്ലാം പൂർത്തിയാകുന്നു. 2008ൽ പുറത്തിറക്കിയ നെൽത്തട, തണ്ണീർത്തട നിയമം ഭേദഗതി ചെയ്യാനുള്ള സർക്കാർ തീരുമാനത്തെ ഒരു വിഭാഗമെങ്കിലും ആശങ്കയോടെ കാണുന്നത് അതുകൊണ്ടാണ്.

paddy-field-drought വരണ്ടുണങ്ങിയ പാടം (ഫയൽ ചിത്രം)

എന്തായിരുന്നു 2008 ഓഗസ്റ്റ് 11ന് കേരള നിയമസഭ പാസ്സാക്കിയ നിയമത്തിലെ പ്രസക്ത ഭാഗങ്ങൾ?

∙ വീടു വയ്‌ക്കുന്നതിനു പഞ്ചായത്ത് പ്രദേശത്ത് 10 സെന്റ് വരെയും മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശത്ത് അഞ്ചുസെന്റ് വരെയും നികത്താം.
∙ നെൽവയലോ തണ്ണീർത്തടമോ പരിവർത്തനപ്പെടുത്തുകയോ രൂപാന്തരപ്പെടുത്തുകയോ ചെയ്താൽ കുറഞ്ഞത് ആറുമാസവും പരമാവധി രണ്ടുവർഷവും തടവു ശിക്ഷ
∙ നിയമം നടത്തിപ്പുമായി ബന്ധപ്പെട്ട സംസ്ഥാനതല സമിതിയിൽ നെൽക്കൃഷി ശാസ്‌ത്രജ്‌ഞനുമുണ്ടാവും. കാർഷികോത്‌പാദന കമ്മിഷണർ, ലാൻഡ് റവന്യു കമ്മിഷണർ, പരിസ്ഥിതി വിദഗ്‌ധൻ എന്നിവരാണ് മറ്റംഗങ്ങൾ.
∙ നെൽക്കൃഷി നടത്താൻ താൽപര്യമില്ലാത്ത ഉടമയ്‌ക്കു വയൽ തദ്ദേശ സ്ഥാപനങ്ങളെ പരമാവധി രണ്ടുവർഷത്തേക്ക് ഏൽപിക്കാം
∙ വയൽ സംബന്ധിച്ച ഡേറ്റാ ബാങ്ക് രൂപീകരിക്കാൻ ശാസ്‌ത്രീയമായ ഭൂപടം തയാറാക്കും.
∙ ഇപ്പോൾ നെൽകൃഷി ഉള്ളതോ, നെൽകൃഷി ചെയ്‌തിരുന്നതോ, ഭാവിയിൽ കൃഷി ചെയ്യാൻ സാധ്യത ഉള്ളതോ ആയ സ്ഥലങ്ങളെയാണ് ഈ നിയമത്തിൽ നെൽവയൽ എന്നു വിവക്ഷിച്ചിരുന്നത്.

chekkadi-paddy-field (ഫയൽ ചിത്രം)

(2008നു മുമ്പ് നികത്തിയ വയലുകൾ പറമ്പായി പതിച്ചുകൊടുക്കുന്നതിനു വേണ്ടി 2015ൽ ഈ നിയമത്തിൽ ഭേദഗതി വരുത്തിയിരുന്നു. അതിനായി കരഭൂമിയുടെ 25 ശതമാനം ന്യായവില അടച്ചാൽ മതി. എന്നാൽ യുഡിഎഫ് സർക്കാർ കൊണ്ടുവന്ന ഈ ഇളവ് തുടർന്നുവന്ന എൽഡിഎഫ് സർക്കാർ എടുത്തുകളഞ്ഞു.)

നെൽവയലുകളുടെയും നീർത്തടങ്ങളുടെയും വ്യാപ്‌തി ആശങ്കാജനകമായി കുറഞ്ഞതാണ് ഇത്തരമൊരു നിയമം കൊണ്ടുവരാൻ 2008ൽ കേരളം ഭരിച്ചിരുന്ന എൽഡിഎഫ് സർക്കാരിനെ പ്രേരിപ്പിച്ചത് . നെൽവയലുകളും നീർത്തടങ്ങളും സമതലങ്ങളിലെ ജലസംഭരണികളാണ്. വെള്ളത്തെ മണ്ണിലിറക്കാനും ശേഖരിച്ചുനിർത്താനും ഒക്കെ ശേഷിയുള്ള വമ്പൻ ജലംസംഭരണി. നെൽവയലുകളുടെയും നീർത്തടങ്ങളുടെയും നാശം നമ്മുടെ പാരിസ്ഥിതിക സന്തുലനാവസ്ഥയെയും തകർക്കും. ഈ തിരിച്ചറിവിൽ നിന്നാണ് നെൽവയൽ സംരക്ഷണ നിയമത്തിന്റെ പിറവി. കേരളത്തിലെ നെൽവയലുകൾ എത്രത്തോളം കുറഞ്ഞെന്നറിയണമെങ്കിൽ ചില സ്ഥിതിവിവരക്കണക്കുകളിലേക്ക് പോകണം.

paddy-field (ഫയൽ ചിത്രം)

1955–56 കാലഘട്ടത്തിലെ കണക്കു പ്രകാരം 7,60,000 ഹെക്‌ടറിലാണ് കേരളത്തിൽ നെൽകൃഷി ഉണ്ടായിരുന്നത്. 1970–71 കാലമായപ്പോഴേക്കും നെൽകൃഷി 8,80,000 ഹെക്‌ടറായി വർധിച്ചു. എന്നാൽ 1980 മുതൽ ഇതിൽനിന്നൊരു തിരിച്ചുപോക്കാണുണ്ടായത്. 90–91 ആയപ്പോഴേക്കും നെൽകൃഷി 5,60,000 ഹെക്‌ടറിലായി ചുരുങ്ങി. 2001–02 ൽ അത് 3,20,000 ഹെക്‌ടറും 2007–08 ൽ 2,30,000 ഹെക്‌ടറുമായി ചുരുങ്ങി. ബാക്കി വയലുകളൊക്കെ തരിശിടുകയോ നികത്തി കരഭൂമിയാക്കി മാറ്റുകയോ ചെയ്‌തു. ഇപ്പോൾ നെൽകൃഷി കഷ്‌ടിച്ച് 1,85,000 ഹെക്‌ടറിലുണ്ടാവുമെന്നാണു കണക്കുകൂട്ടുന്നത്.

നെൽവയൽ സംരക്ഷണ നിയമം വരും മുമ്പ് വയൽ നികത്തലും പിന്നീട് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അതു ക്രമപ്പെടുത്തലും താരതമ്യേന എളുപ്പമായിരുന്നു. മാത്രമല്ല, വയൽ നികത്തി മറ്റു കൃഷി ചെയ്യുന്നത് പുരോഗമനാത്മകമായ നീക്കമായി പോലും പലരും കണ്ടിരുന്നു. അതുകൊണ്ടാണ് വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിൽ നടന്ന വെട്ടിനിരത്തൽ സമരത്തെ കേരളം നെഗറ്റീവ് ആയി കണ്ടത്. ഭൂമിയിൽ ഇഷ്‌ടമുള്ള കൃഷി നടത്താനുള്ള അവകാശം നിഷേധിക്കുന്ന സമരമായി മാത്രമാണ് ജനം അതു കണ്ടത്. കാരണം നെൽവയൽ നഷ്‌ടപ്പെട്ടാലുള്ള പാരിസ്ഥിതികാഘാതത്തെപ്പറ്റിയോ ഭക്ഷ്യസുരക്ഷയിലുണ്ടാകുന്ന വിള്ളലിനെപ്പറ്റിയോ ആരും അത്ര ഗൗരവമായി ചിന്തിച്ചിരുന്നില്ല. തൊണ്ണൂറുകളോടെ കേരളത്തിൽ റിയൽ എസ്റ്റേറ്റ് മേഖലയിലുണ്ടായ കുതിച്ചുകയറ്റവും ജെസിബിയുടെ വരവും സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റിക്കുറിച്ചു. ആവശ്യത്തിനു കരഭൂമി ഇല്ലാത്തതിനാൽ ഏറ്റവും എളുപ്പം നിലംനികത്തലായിരുന്നു. സെന്റിന് നൂറുരൂപയ്‌ക്കും നൂറ്റമ്പതു രൂപയ്‌ക്കുമൊക്കെ വയൽ യഥേഷ്‌ടം ലഭ്യം. നികത്തി വിറ്റാൽ വില നൂറു മടങ്ങാവും. അതോടെ അതുവരെ കണ്ടിരുന്ന പല കുന്നുകളും സമതലമായി മാറി. അവിടുത്തെ മണ്ണ് നെൽവയലുകളെ കരഭൂമിയാക്കി മാറ്റി. ഈ സാഹചര്യത്തിൽ 2008ൽ പാസ്സാക്കിയ നെൽ വയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന് പ്രാധാന്യമേറെയായിരുന്നു. നികത്താൻ വേണ്ടി നിലം വാങ്ങിയവരും നിലം നികത്തിത്തുടങ്ങിയവരും ഒക്കെ പ്രതിസന്ധിയിലായി. അനധികൃതമായി നികത്തിയ പല സ്ഥലങ്ങളിലും പ്രാദേശികമായി ഉണ്ടായ എതിർപ്പിനെത്തുടർന്ന് നികത്തിയ മണ്ണ് എടുത്തുമാറ്റി ഭൂമി പഴയ രീതിയിലാക്കേണ്ടി വന്നു.

tractor-in-thottara-paddy-field (ഫയൽ ചിത്രം)

എന്നാൽ ഈ നിയമം കൊണ്ട് ചില ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നു

∙ പൊതു ആവശ്യത്തിനുൾപ്പെടെ ഏതു കാര്യത്തിനും ഭൂമി ഏറ്റെടുക്കാനുണ്ടായ ബുദ്ധിമുട്ട്
∙ ഒരു തരത്തിലും നെൽകൃഷി പ്രായോഗികമല്ലാത്ത നിലം പോലും നികത്താൻ സാധിക്കുന്നില്ല
∙ നഗരപ്രദേശങ്ങളിൽ ഭൂമിയുടെ ആവശ്യം ഏറെയാണെങ്കിലും ഭൂമി ലഭ്യത കുറവ്. അവിടെപ്പോലും വികസനാവശ്യത്തിന് ഭൂമി ഉപയോഗപ്പെടുത്താനാവുന്നില്ല.

പത്തനംതിട്ട ജില്ലയിലെ ചില അനുഭവങ്ങൾ ഉദാഹരണമായി എടുക്കാം. ഇവിടെ ജില്ലാ ആസ്ഥാനത്ത് ഒരു റിങ് റോഡുണ്ട്. പഴയ വയൽ നികത്തിയെടുത്തത്. ഈ റോഡിന് ചുറ്റും കൃഷി ഇല്ലാതെ ചതുപ്പായി കിടക്കാൻ തുടങ്ങിയിട്ട് 20 വർഷത്തോളമായി. ബണ്ട് പോലെ റോഡ് വന്നതിനാൽ ഇനി നെൽക്കൃഷി പ്രായോഗികവുമല്ല. വളർന്നുവരുന്ന ഒരു നഗരത്തിന് അത്യാവശ്യം വേണ്ടുന്ന സൗകര്യങ്ങൾ ഏർപ്പെടുത്തണമെങ്കിൽ ഈ നിലം ഉപയോഗപ്പെടുത്തുകയേ മാർഗമുള്ളു. എന്നാൽ നിയമത്തിൽ ഇളവനുവദിക്കാൻ കഴിയുന്നുമില്ല.

ഇതേ പ്രശ്‌നം നേരിടുന്ന മറ്റു പ്രദേശങ്ങളുമുണ്ട്. അടുത്ത കാലത്ത് ഗെയിൽ പൈപ്പ് ലൈനിന്റെ കാര്യത്തിൽ ഇതേ പ്രശ്‌നം ഉണ്ടായി. ഇരുപതോളം സ്ഥലങ്ങളിൽ വയലിലൂടെ പൈപ്പ് ലൈൻ ഇടുന്നതിന് പ്രാദേശിക നിരീക്ഷണ സമിതി എതിർപ്പുയർത്തി.

ഇത്തരം സാഹചര്യങ്ങൾ ഉയർത്തിക്കാട്ടിക്കൊണ്ടാണ് ഇപ്പോഴത്തെ എൽഡിഎഫ് സർക്കാർ 2008ലെ നിയമം ഭേദഗതി ചെയ്യുന്നത്. 30 വകുപ്പുകളുള്ള മൂലനിയമത്തിലെ 11 പ്രധാന വകുപ്പുകളും ഭേദഗതി ചെയ്‌തുകൊണ്ടാണ് ഇന്ന് നിയമസഭയിൽ ഈ നിയമം അവതരിപ്പിക്കുന്നത്.

paddy-field (ഫയൽ ചിത്രം)

ഭേദഗതികൾ എന്തൊക്കെ?

∙നെൽവയൽ, തണ്ണീർത്തടം, കരഭൂമി എന്നിവയ്‌ക്കു പുറമേ വിജ്‌ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്നൊരു വിഭാഗം കൂടി സൃഷ്‌ടിക്കും.
∙ നിലവിൽ നിലം നികത്തി വീടുവയ്‌ക്കാനുള്ള അപേക്ഷയിന്മേൽ ശുപാർശ നൽകേണ്ടത് പ്രാദേശിക നിരീക്ഷണ സമിതികളാണ്. ഈ അധികാരം എടുത്തുകളയും
∙ പൊതു ആവശ്യങ്ങൾക്ക് നികത്തലാകാം. (നിലവിൽ ലാൻഡ് റവന്യൂ കമ്മിഷണറുടെ നേതൃത്വത്തിലുള്ള നിരീക്ഷക സമിതിയുടെ റിപ്പോർട്ട് പ്രകാരം മാത്രം നികത്തലിന് അനുമതി ലഭിക്കുന്ന സ്ഥിതി മാറുന്നു. പകരം സർക്കാരിന്റെ ഏതെങ്കിലും ഒരു സമിതിയുടെ റിപ്പോർട്ട് മതി.)
∙നെൽവയലുകളും തണ്ണീർത്തടങ്ങളുമായി ബന്ധപ്പെട്ട രേഖകളിൽ മാറ്റം വരുത്താൻ ആർഡിഒ മാർക്ക് അധികാരം നൽകുന്നു.
∙നിലംനികത്തലിനെതിരെ പരാതി നൽകാൻ 500 രൂപ കെട്ടിവയ്‌ക്കണം.

ഈ ഭേദഗതി നടപ്പായാൽ സംഭവിക്കുന്നത്

അനിവാര്യമായ ഘട്ടത്തിൽ മാത്രം നടത്തേണ്ട നിലംനികത്തൽ ഒരു തടസ്സവുമില്ലാതെ നടപ്പാകും. ഉദ്യോഗസ്ഥർ വിചാരിച്ചാൽ ഏതു നികത്തലും ക്രമപ്പെടുത്താനാവും. അവശേഷിക്കുന്ന പാടങ്ങളും നികത്തപ്പെടും. കുന്നുകളും ഇടിച്ചുനിരത്തപ്പെടും. കേരളത്തിന്റെ പാരിസ്ഥിതിക സംതുലനത്തെ അടിമുടി തകർത്തുകളയും ഈ ഭേദഗതി.

anakkara-paddy-field (ഫയൽ ചിത്രം)

നിരീക്ഷണ സമിതികൾ നോക്കുകുത്തികളായി മാറുകയാണ് പ്രാദേശിക നിരീക്ഷണ സമിതിയിൽ കൃഷി, വില്ലേജ് ഓഫിസർമാർ, പഞ്ചായത്ത് പ്രസിഡന്റ്, മൂന്ന് കർഷക പ്രതിനിധികൾ എന്നിവർ അംഗങ്ങളായിരുന്നു. പ്രാദേശികമായ ആവശ്യങ്ങൾ കണ്ടറിഞ്ഞു മാത്രമേ അവർ നിലംനികത്തലിനു ശുപാർശ നൽകുമായിരുന്നുള്ളു.അവരുടെ ശുപാർശ ജില്ലാ സമിതിക്കു ചെല്ലുകയും അവിടെ നിന്ന് ആർഡിഒ യ്‌ക്ക് അയയ്‌ക്കുകയും വേണമായിരുന്നു. ഇനി അതിന്റെയൊന്നും ആവശ്യമില്ലാതെയാവും. ഒരു ഉദ്യോഗസ്ഥൻ വിചാരിച്ചാൽ മതി അനുമതി നൽകാൻ.

പൊതു ആവശ്യത്തിനാണെങ്കിൽ ഏതു ഭൂമിയും നികത്താമെന്ന ഭേദഗതിയിലും വലിയ അപകടം ഒളിഞ്ഞിരിപ്പുണ്ട്. ഏതു ആവശ്യവും പൊതു ആവശ്യം എന്നതിന്റെ പരിധിയിൽ കൊണ്ടുവരാം. പാടശേഖരം നികത്തി വിമാനത്താവളം പണിയണമെങ്കിൽ അതാവാം. ആവശ്യത്തിന് പാർപ്പിടങ്ങളില്ലാത്തതുകൊണ്ട് അത് ഒരു പൊതു ആവശ്യമായി കണക്കാക്കി ഏതു നിലവും നികത്താൻ അനുമതി കൊടുക്കാം. റിയൽ എസ്റ്റേറ്റ് വമ്പന്മർ നോക്കിയിരുന്ന ഭേഗദതിയാണത്. മുമ്പ് വളന്തക്കാട് ദ്വീപ് നികത്തി ടൗൺഷിപ്പ് പണിയാനുള്ള നീക്കം തടയപ്പെട്ടുവെങ്കിൽ ഇപ്പോൾ അത് നിയമപരമാകുന്നു.

വിജ്‌ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്നൊരു വിഭാഗം കൂടി സൃഷ്‌ടിക്കാനുള്ള നീക്കവും അപകടകരമാണ്. കേരളത്തിലെ നെൽവയലുകളുടെ ഡേറ്റാ ബാങ്ക് ഉണ്ടാക്കുമെന്ന് 2008ലെ നിയമനിർമാണ സമയത്ത് പറഞ്ഞിരുന്നുവെങ്കിലും 10 വർഷം കഴിഞ്ഞിട്ടും അതു നടപ്പായിട്ടില്ല. കേരളത്തിലെ നെൽവയൽ, തണ്ണീർത്തടങ്ങളുൾപ്പെടെയുള്ള ആയിരക്കണക്കിന് ഹെക്‌ടർ ഭൂമി ഇനിയും ഏതു വിഭാഗത്തിലാണെന്ന് വിജ്‌ഞാപനം ചെയ്യപ്പെടാതെയുണ്ട്. ഈ ഭൂമി നികത്തുന്നതിന് ഇനി തടസ്സമൊന്നുമില്ലാതാകും. ഒരു പക്ഷേ അടിസ്ഥാന റജിസറ്ററിൽ നിലം എന്നു രേഖപ്പെടുത്തപ്പെട്ടാലും വിജ്‌ഞാപനം ചെയ്യപ്പെടാത്തതാണെങ്കിൽ നികത്തലിന് തടസ്സമില്ല.

നെൽവയലുകളും തണ്ണീർത്തടങ്ങളുമായി ബന്ധപ്പെട്ട രേഖകളിൽ മാറ്റം വരുത്താൻ ആർഡിഒ മാർക്ക് അധികാരം നൽകുന്നതും ദൂരവ്യാപക ഫലങ്ങളുണ്ടാക്കും. രാഷ്‌ട്രീയ നേതാക്കൾ പറയുന്നിടത്ത് ഒപ്പു ചാർത്താൻ തയ്യാറുള്ള ഉദ്യോഗസ്ഥർക്ക് കുറവൊന്നുമില്ലാത്ത നാടാണ് നമ്മുടേതെന്നും കൂട്ടിവായിക്കണം.

paddy field (ഫയൽ ചിത്രം)

ഈ ഭേഗഗതികളെയെല്ലാം പോസിറ്റീവായി മാത്രം കാണാൻ സാധിക്കും. പൊതു ആവശ്യങ്ങൾക്ക് ഭൂമി ഇല്ലാത്ത അവസ്ഥ ഒഴിവാക്കിയെടുക്കാനുള്ള സദുദ്ദേശ്യപരമായ നീക്കമായി ഇതിനെ കാണാനാവും. അങ്ങനെ ആണെങ്കിൽ കൃത്യമായ ഒരു ഡേറ്റാ ബാങ്ക് ആദ്യം ഉണ്ടാക്കണം. അതിൽ ഏതൊക്കെ സ്ഥലം പൊതു ആവശ്യത്തിന് ഉപയോഗപ്പെടുത്താം എന്നു വിജ്ഞാപനം ചെയ്യണം. പക്ഷേ അതൊന്നുമുണ്ടായില്ല എന്നതാണ് ആശങ്ക ജനിപ്പിക്കുന്നത്. ദീർഘകാല അനുഭവങ്ങൾ പകർന്നുതരുന്ന പാഠവും ശുഭകരമല്ല.

നെൽവയലുകളും തണ്ണീർത്തടങ്ങളും സംരക്ഷിക്കാനായി കൊണ്ടുവന്ന ബിൽ പേരുമാറാതെ തന്നെ ഒരു ഭേദഗതിയിലൂടെ നെൽവയലുകളുടെ അന്തകനായി മാറുമെന്ന പരിസ്ഥിതി സ്‌നേഹകളുടെ ആശങ്ക അസ്ഥാനത്തല്ല.

2008നു മുൻപു നികത്തിയ നെൽവയലുകൾ ഭൂമി ന്യായവിലയുടെ 25% ഇൗടാക്കി ക്രമവൽക്കരിക്കാൻ 2015ൽ യുഡിഎഫ് സർക്കാർ തീരുമാനിച്ചപ്പോൾ ലഭിച്ചത് 93,088 അപേക്ഷകളാണ്. എന്നാൽ ഇതിൽ 56 എണ്ണം മാത്രമാണ് ഇപ്പോഴത്തെ സർക്കാർ ക്രമവൽക്കരിക്കാൻ അനുവദിച്ചത്. ഇവയൊക്കെ ഇനി നിയമവിധേയമായി തന്നെ നികത്തപ്പെടും. അവശേഷിക്കുന്ന വയലുകൾ കൂടി നികത്തപ്പെടുമ്പോൾ കേരളം അതിരൂക്ഷമായ ജലക്ഷാമത്തിന്റെ പിടിയിലേക്കും വഴുതിവീഴാം. ദേശാടനപ്പക്ഷികൾക്കുൾപ്പെടെ അഭയം നൽകിയിരുന്ന തണ്ണീർത്തടങ്ങൾ ഇല്ലാതായേക്കാം. ആയിരക്കണക്കിനു ജീവി വർഗങ്ങൾ അപ്രത്യക്ഷമായേക്കാം. നൂറുകണക്കിന് കുന്നുകൾ ഇടിച്ചുനിരത്തപ്പെടാം. പശ്ചിമഘട്ടത്തിലെ മുഴുവൻ പാറയും പൊട്ടിച്ചുതീർന്നേക്കാം. കേരളം അതിവേഗം മരുഭൂമിയായി മാറിയേക്കാം. ഇതൊക്കെയാണ് പരിസ്ഥിതിവാദികളുടെ ആശങ്ക. കാത്തിരുന്നു കാണുകയേ നിർവാഹമുള്ളു.