Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാക്ഷികളെ സ്വാധീനിക്കാൻ ശ്രമം: ‘അമ്മ’ അംഗങ്ങളുടെ ഫോൺ വിളികൾ നിരീക്ഷിച്ചു

AMMA-General-Body

കൊച്ചി ∙ ‘അമ്മ’യുടെ പൊതുയോഗത്തിനു മുൻപുള്ള ദിവസങ്ങളിൽ പ്രമുഖ നടീനടന്മാരുടെ സ്വകാര്യ ഫോൺ നമ്പറുകൾ പൊലീസ് നിരീക്ഷിച്ചതായി സൂചന. നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയെന്ന ആരോപണം നേരിടുന്ന നടൻ ദിലീപിന് അനുകൂലമായി കേസിലെ പ്രധാന സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന വിവരത്തെ തുടർന്നായിരുന്നു ഇത്.

മലയാളത്തിലെ മുൻനിര നടിയുടെ സമീപകാല നീക്കങ്ങളും അന്വേഷണ സംഘത്തിന് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സിനിമാരംഗത്തു പ്രവർത്തിക്കുന്ന 20 സാക്ഷികളുടെ മൊഴികൾ വിചാരണഘട്ടത്തിൽ പ്രോസിക്യൂഷനു നിർണായകമാണ്. ഈ സാഹചര്യത്തിൽ എത്രയും വേഗം സാക്ഷിവിസ്താരം ആരംഭിക്കാനാണു പ്രോസിക്യൂഷന്റെ ശ്രമം. കേസിലെ സാക്ഷികൾക്കു മുൻനിര താരങ്ങളുടെ നിർമാണ ഘട്ടത്തിലുള്ള ചിത്രങ്ങളിൽ മികച്ച റോളുകൾ വാഗ്ദാനം ചെയ്തതായി രണ്ടു മാസം മുൻപേ പൊലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. സിനിമയിൽ അഭിനയിക്കുന്നതിനുള്ള പ്രതിഫലമായി വൻതുക കൈമാറാമെന്നും വാഗ്ദാനമുണ്ട്. കേസിന്റെ സാക്ഷി വിസ്താരം വൈകിക്കാനുള്ള പ്രതികളുടെ ബോധപൂർവമായ ശ്രമം ഇതിന്റെ ഭാഗമാണെന്നു പൊലീസ് സംശയിക്കുന്നു.

കേസിലെ സാക്ഷി വിസ്താരം വൈകിപ്പിക്കാൻ പ്രതിഭാഗം ശ്രമിക്കുന്നതിനെതിരെ വിചാരണക്കോടതിയും കഴിഞ്ഞ ദിവസം മുന്നറിയിപ്പു നൽകിയിരുന്നു. അമ്മയുടെ നേതൃനിരയിലേക്കു ദിലീപിനെ തിരിച്ചെത്തിക്കാനുള്ള നീക്കത്തിന് ഒരു നിർമാതാവും സംവിധായകനും ചരടുവലിച്ചതായി അമ്മയിലെ ചിലരുടെ ഫോൺ സംഭാഷണങ്ങളിൽനിന്ന് അറിയാനായെന്നു പൊലീസ് സൂചിപ്പിക്കുന്നു. 

അഞ്ചു സിനിമകൾ നിരീക്ഷണത്തിൽ

നിർമാണത്തിൽ നടൻ ദിലീപിനു നേരിട്ടു പങ്കാളിത്തമുള്ള രണ്ടു സിനിമകൾ അടക്കം അഞ്ചു മലയാള സിനിമകളുടെ നിർമാണം പൊലീസിന്റെ നിരീക്ഷണത്തിൽ. കേസിലെ സാക്ഷിപ്പട്ടികയിലുള്ളവർ ഈ സിനിമകളുമായി സഹകരിച്ചു പ്രവർത്തിക്കുന്ന സാഹചര്യത്തിലാണിത്. ജൂലൈ 11നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. 

related stories