Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എത്ര നിയമസഭാ സീറ്റാണ് ഒരു ലോക്സഭാ സീറ്റ്?: ചോദ്യപ്പരീക്ഷയുമായി കോൺഗ്രസ്

Indian National Congress Flag

ലക്നൗ ∙ എന്തൊക്കെയാണ് യോഗി ആദിത്യനാഥ് സർക്കാരിന്റെ ‘പരാജയങ്ങൾ’? മൻമോഹൻ സർക്കാരിന്റെ നേട്ടങ്ങൾ എന്തൊക്കെ? എത്ര നിയമസഭാ സീറ്റുകൾ ചേരുന്നതാണ് ഒരു ലോക്സഭാ സീറ്റ്? ചോദ്യങ്ങൾ കണ്ട് തെറ്റിദ്ധരിക്കേണ്ട, ഏതെങ്കിലും സർവകലാശാലാ പരീക്ഷയിലെ ചോദ്യങ്ങളല്ല ഇത്. ഉത്തർപ്രദേശിലെ കോൺഗ്രസ് വക്താക്കളെ തിരഞ്ഞെടുക്കാനുള്ള അഭിമുഖപരീക്ഷയിലെ ചോദ്യങ്ങളാണ്. യുപിയിലെ കോൺഗ്രസിന്റെ പുതിയ മാധ്യമസംഘത്തിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ പങ്കെടുത്ത 70 പേർക്ക് ഇത്തരത്തിൽ 14 ചോദ്യങ്ങളടങ്ങുന്ന അഭിമുഖമാണു നേരിടേണ്ടി വന്നത്.

കോൺഗ്രസിന്റെ ദേശീയ വക്താവായ പ്രിയങ്ക ചതുർവേദി, മാധ്യമ കോഓർഡിനേറ്റർ രാഹുൽ ഗുപ്ത എന്നിവരുടെ നേതൃത്വത്തിലായിരുന്നു യുപി കോൺഗ്രസ് കമ്മിറ്റിയുടെ അപ്രതീക്ഷിത നീക്കം. അടിയന്തരമായി ഒരു യോഗമുണ്ടെന്ന് അറിയിപ്പു കിട്ടിയെത്തിയ പ്രവർത്തകർക്കായിരുന്നു ‘അഭിമുഖ പരീക്ഷ’. എന്നാൽ ഇത്തരം അഭിമുഖങ്ങൾ എഐസിസി വക്താക്കളെ തിരഞ്ഞെടുക്കുമ്പോൾ‌ സാധാരണമാണെന്നും ഇപ്പോൾ അതേ മാതൃക യുപിയിലും തുടർന്നെന്നു മാത്രമേയുള്ളുവെന്നും ദേശീയ വക്താവ് പ്രിയങ്ക ചതുർവേദി പറഞ്ഞു. അടിസ്ഥാനപരമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മാത്രമാണു ചോദിച്ചതെന്നും എഐസിസി മാധ്യമസംഘത്തിനു സമാനമായിട്ടായിരിക്കും യുപിസിസിയുടെയും പ്രവർത്തനമെന്നും അവർ പറഞ്ഞു. 2019 ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തന്നതിന്റെ ഭാഗമായിട്ടാണു പുതിയ നീക്കമെന്നാണു സൂചന.

അഭിമുഖത്തിലെ ചില ചോദ്യങ്ങൾ

∙ ഉത്തർപ്രദേശിൽ എത്ര ബ്ലോക്കുകളും മേഖലകളും ഉണ്ട്?

∙ യുപിയിൽ എത്ര സംവരണ ലോക്സഭാ സീറ്റുകളുണ്ട്?

∙ 2004 ലും 2009 ലും കോൺഗ്രസ് എത്ര സീറ്റുകളിൽ വി‍ജയിച്ചു?

∙ 2014 ലോക്സഭാ, 2017 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്റെ വോട്ടു ശതമാനം എത്രയായിരുന്നു?

∙ യുപിയിൽ എത്ര ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുണ്ട്?

∙ എത്ര നിയമസഭാ സീറ്റുകൾ ചേരുന്നതാണ് ഒരു  ലോക്സഭാ സീറ്റ്?

∙ നിയമപരമായി യുപിയിൽ എത്ര ലോക്സഭാ സീറ്റുകളുടെ കുറവുണ്ട്, എത്ര നിയമസഭാ സീറ്റുകൾ കൂടുതലുണ്ട്?

∙ ആദിത്യനാഥ് സർക്കാരിന്റെ പരാജയങ്ങൾ എന്തൊക്കെ?

∙ മൻമോഹൻ  സർക്കാരിന്റെ നേട്ടങ്ങൾ?

∙ കോൺഗ്രസ് വക്താവിനു പ്രസ്താവന ഇറക്കാൻ സാധിക്കുന്ന ഇന്നത്തെ പ്രധാന തലക്കെട്ടുകൾ എന്തൊക്കെയാണ്?

∙ എന്തുകൊണ്ട് താങ്കൾക്ക് ഒരു വക്താവാകണം?