Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഗ്നിപർവതം പൊട്ടിത്തെറിച്ച് 1600 അടി ഉയരത്തിൽ ചാരം: ബാലി വിമാനത്താവളം അടച്ചു

bali-volcano അഗ്നിപർവതമായ മൗണ്ട് അഗുങ് പൊട്ടിത്തെറിച്ചപ്പോൾ. ചിത്രം: ട്വിറ്റർ

ബാലി ∙ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് ഇന്തൊനീഷ്യയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ബാലി ദ്വീപിലെ വിമാനത്താവളം അടച്ചു. വിമാനത്താവളത്തിനു സമീപം സ്ഥിതി ചെയ്യുന്ന അഗ്നിപർവതമായ മൗണ്ട് അഗുങ് പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ പൊടിപടലവും ചാരവും ആകാശത്തു നിറഞ്ഞതിനെതുടർന്നാണു വിമാനത്താവളം അടച്ചത്. 446 വിമാന സർവീസുകൾ റദ്ദാക്കി. 74,928 പേരുടെ യാത്രയാണു മുടങ്ങിയത്. സംഭവത്തെ തുടർന്നു രണ്ട് ആഭ്യന്തര വിമാനത്താവളങ്ങളുടെ പ്രവർത്തനവും തടസ്സപ്പെട്ടു. 

പ്രദേശിക സമയം വെള്ളിയാഴ്ച രാത്രിയോടെ വിമാന സർവീസുകൾ പുനരാരംഭിക്കാമെന്നാണു കരുതുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മൗണ്ട് അഗുങ് അഗ്നിപർവതം പൊട്ടിത്തെറിച്ചതിനെ തുടർന്നുള്ള പുകയും ചാരവും ഏകദേശം 1600 അടി ഉയരത്തിലാണു പൊങ്ങിപ്പറക്കുന്നത്. ഏഴു മാസത്തിനിടിയിൽ രണ്ടാം തവണയാണ് മൗണ്ട് അഗുങ് പൊട്ടിത്തെറിക്കുന്നത്. കഴിഞ്ഞ നവംബറിലുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് ഒരു ദിവസത്തോളം ബാലി വിമാനത്താവളം അടച്ചിരുന്നു.