Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നിൽ പ്രഫഷനൽ സംഘമെന്ന് ഡിജിപി; നാലുപേർ അറസ്റ്റിൽ

Loknath-Behera

കൊച്ചി∙ അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നിൽ പ്രഫഷനൽ കൊലയാളി സംഘമാണെന്നു ഡിജിപി ലോക്നാഥ് ബെഹ്റ. തീവ്രവാദ സ്വഭാവമുള്ള സംഘടനയ്ക്കു പങ്കുണ്ടോയെന്ന് ഇപ്പോൾ പറയുന്നില്ല. വിദ്യാർഥികൾക്കു പുറമേനിന്നുള്ളവരുടെ സഹായം ലഭിച്ചു. ക്യാംപസുകളിലെ അക്രമങ്ങൾ അവസാനിപ്പിക്കാൻ നടപടിയെടുക്കുമെന്നും ഡിജിപി പറഞ്ഞു.

അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു നാല് എസ്‍ഡിപിഐ പ്രവർത്തകരെ കൂടെ പൊലീസ് അറസ്റ്റു ചെയ്തു. വണ്ടിപ്പെരിയാർ, പീരുമേട് എന്നിവിടങ്ങളിൽനിന്നാണു പ്രവർത്തകർ പിടിയിലായത്. ആലപ്പുഴ ജില്ലയിൽനിന്ന് എൺപതിലധികം പോപ്പുലർ ഫ്രണ്ടുകാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുകയാണ്. കരുതൽ തടങ്കലിന്റെ ഭാഗമായിട്ടാണ് ഇവരെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നു പൊലീസ് വ്യക്തമാക്കി.

അഭിമന്യു തൽക്ഷണം കൊല്ലപ്പെടാൻ ഇടയാക്കിയ ആഴത്തിലുള്ള മുറിവു പ്രഫഷനൽ കൊലയാളിയുടെ ചെയ്തിയെന്നു ഫൊറൻസിക് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. വിദ്യാർഥി സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായുണ്ടായ സംഘർഷങ്ങളിൽനിന്നു വ്യത്യസ്തമായ ആസൂത്രിത ആക്രമണമാണ് അഭിമന്യുവിനും സുഹൃത്ത് അർജുനും നേരെയുണ്ടായതെന്നു സൂചിപ്പിക്കുന്നതാണ് ഇരുവരുടെയും പരുക്കുകൾ.

അഭിമന്യു മരിക്കാൻ ഇടയാക്കിയ കുത്ത് അങ്ങേയറ്റം മാരകമാണ്. കൊലപാതകത്തിനുവേണ്ടി മാത്രം രൂപപ്പെടുത്തിയ തരം കത്തിയാണു കൊലയാളി സംഘം ഉപയോഗിച്ചത്. ആന്തരികാവയവങ്ങൾക്കു മാരക മുറിവേൽപിച്ചു വലിയ തോതിൽ രക്തസ്രാവത്തിന് ഇതു വഴിയൊരുക്കും. ഹൃദയത്തിനു നേരിട്ടു മുറിവേൽക്കുന്ന സ്ഥാനത്താണു കൊലയാളി കുത്തിയത്. ഇരയെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനല്ല, മരണം ഉറപ്പാക്കാനാണ് ഇത്തരം ആക്രമണം. കൊലയാളിയുടെ ആദ്യ ആക്രമണമല്ല ഇതെന്നാണു കുത്തിന്റെ സ്ഥാനവും കൃത്യതയും സൂചിപ്പിക്കുന്നതെന്നും പൊലീസ് പറഞ്ഞു.