Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തറിൽ ലഹരിക്കേസിൽപ്പെട്ടവർക്കെതിരെ നിലപാടെടുത്ത് പൊലീസ്; ഇടപെട്ട് ഹൈക്കോടതി

Qatar-Drug-Case ഖത്തർ ജയിലിലായ ആഷിക് ആഷ്‌ലി, കെവിൻ മാത്യു, ആദിത്യ മോഹനൻ.

കൊച്ചി∙ സംസ്ഥാന ബന്ധമുള്ള ലഹരിമരുന്നു റാക്കറ്റിന്റെ കെണിയിൽപ്പെട്ടു ദോഹയിലെ ജയിലിൽ കഴിയുന്ന മലയാളികൾക്കെതിരെ നിലപാടെടുത്ത് പൊലീസ്. വാദിയെ പ്രതിയാക്കും വിധമാണു ഹൈക്കോടതിയിൽ അന്വേഷണ സംഘം നിലപാടെടുത്തത്. അതേസമയം, കേസന്വേഷണത്തിന് ഒരു മാസം കൂടി വേണമെന്ന പൊലീസിന്റെ ആവശ്യം കോടതി തള്ളി.

തങ്ങളുടെ മക്കളെ കെണിയിൽപ്പെടുത്തിയ റാക്കറ്റിനെക്കുറിച്ചു സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അങ്കമാലി സ്വദേശിനി ഉഷാകുമാരി, കോട്ടയം സ്വദേശിനി റോസമ്മ മാത്യു, ചെങ്ങന്നൂർ സ്വദേശിനി ഇന്ദിരാദേവി, ഒക്കൽ സ്വദേശിനി രമ ശശി എന്നിവരാണ് ജൂൺ ആദ്യവാരം ഹർജി നൽകിയത്. ഇവരുടെ മക്കളായ ആഷിക് ആഷ്‌ലി, കെവിൻ മാത്യു, ആദിത്യ മോഹനൻ, ശരത് ശശി എന്നിവർ ദോഹയിലെ ദുഹൈൽ ജയിലിലാണ്. 

Read: ലഹരി മാഫിയയുടെ കൊടുംചതി

നിർധന കുടുംബത്തിൽപ്പെട്ട യുവാക്കൾ വിദേശ ജോലിക്കു യാത്ര തിരിച്ചപ്പോൾ, വീസ ശരിയാക്കി നൽകിയ ഷാനി, റഫീസ്, റഷീദ്, എന്നിവർ ബന്ധുക്കൾ ഏറ്റുവാങ്ങുമെന്നു പറ‍ഞ്ഞ് വിമാനത്താവളത്തിൽ വച്ച് ഏതാനും ബാഗുകൾ ഏൽപിക്കുകയായിരുന്നുവെന്നു ഹർജിക്കാർ പറയുന്നു. ദോഹ വിമാനത്താവളത്തിൽ വച്ചു പൊലീസ് ബാഗുകളിൽ ലഹരിമരുന്ന് കണ്ടെത്തി. ലഹരിമരുന്ന് റാക്കറ്റ് കെണിയിൽപ്പെടുത്തിയതിനെക്കുറിച്ചു പരാതി നൽകിയെങ്കിലും നടപടിയില്ലെന്ന് ആരോപിച്ചായിരുന്നു അമ്മമാരുടെ ഹർജി. 

ഇക്കാര്യത്തിൽ പൊലീസിന്റെ വിശദീകരണം കോടതി തേടിയിരുന്നു. ഹർജി ഇതുവരെ മൂന്നു തവണ പരിഗണിച്ചു. രണ്ടാഴ്ച മുൻപ് പൊലീസ് പറഞ്ഞത് കേസ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കീഴിലാണെന്നാണ്. ഇന്നു പരിഗണിച്ചപ്പോഴാകട്ടെ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണെന്നും. കേസിൽ ഖത്തറിൽ പിടിയിലായ മലയാളികളുടെ പങ്കും സംശയിക്കുന്നതായും പൊലീസ് വ്യക്തമാക്കി. ലഹരി മാഫിയയിലെ കണ്ണികളുമായി ഇവർ ഫോൺ സംഭാഷണം നടത്തിയതായും പൊലീസ് പറയുന്നു. ‌അങ്ങനെയെങ്കിൽ നാട്ടിലെ മാഫിയ കണ്ണികളെ പിടികൂടാൻ എന്താണു തടസ്സമെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. 

കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഒരു മാസം കൂടി സമയം അനുവദിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ മൂന്നാഴ്ച സമയമാണ് ഹൈക്കോടതി അനുവദിച്ചത്. ഖത്തർ ജയിലിൽ നിന്നു മൊഴിയെടുക്കണമെങ്കിൽ സിബിഐയ്ക്ക് അപേക്ഷ നൽകാനും ജസ്റ്റിസ് പി.ഉബൈദ് നിർദേശിച്ചു.

ഗൾഫിൽ ജോലിതേടി പോകുന്നവരുടെ പക്കൽ ബന്ധുക്കൾക്കു കൈമാറാനെന്നു പറഞ്ഞു കൊടുത്തുവിടുന്ന ബാഗുകളിൽ നിന്നു ലഹരിമരുന്നു പിടികൂടിയ സംഭവങ്ങളിൽ 54 മലയാളികൾ ജയിലിലുണ്ടെന്നാണ് അമ്മമാർ നൽകിയ ഹർജിയിലെ വെളിപ്പെടുത്തൽ. ഇടപാടിനു പിന്നിലുള്ളവരുടെ പേരു വിവരങ്ങൾ സഹിതം പൊലീസിനും മറ്റ് അധികാരികൾക്കും പരാതി നൽകിയെങ്കിലും നടപടിയില്ലെന്നും ഹർജിക്കാർ ആരോപിച്ചു. സംസ്ഥാനത്ത് ഇത്തരം തട്ടിപ്പുകൾ തുടരുകയാണെന്നും വിമാനത്താവള ഉദ്യോഗസ്ഥർക്കു റാക്കറ്റുമായി ബന്ധമുണ്ടോ എന്നു സംശയമുണ്ടെന്നും ഹർജിയിൽ പറയുന്നുണ്ട്.

related stories