Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർട്ടി ചൊല്ലും ‘ രാമ രാമ പാഹിമാം’; സിപിഎമ്മും കർക്കടക മാസാചാരണം’ തുടങ്ങുന്നു

election victory

തിരുവനന്തപുരം∙ ‘‘‘ ‘രാമ രാമ പാഹിമാം’’ ഇനി സിപിഎമ്മിനു നിഷിദ്ധമല്ല. രാമായണത്തിനു പുത്തൻ വ്യാഖ്യാനങ്ങൾ ചമയ്ക്കാനാണു പാർട്ടി തയാറാകുന്നത്. അടുത്തിടെ രൂപീകരിച്ച സംസ്കൃതസംഘത്തെ മുന്നിൽ നിർത്തി ‘കർക്കടകമാസാചാരണം’ സിപിഎമ്മും ആരംഭിക്കുന്നു. ശ്രീകൃഷ്ണജയന്തിദിനത്തിൽ ശോഭായാത്ര നടത്തി കൃഷ്ണനെ നേരത്തെ തന്നെ കൂടെ കൂട്ടിയ പാർട്ടി ഇപ്പോൾ രാമനെയും ചേർത്തുനിർത്താൻ തുടങ്ങുകയാണ്. വൈരുധ്യാത്മക ഭൗതികവാദത്തിൽ അധിഷ്ഠിതമാണു പ്രവർത്തനമെങ്കിലും വിശ്വാസികളോടു പാർട്ടി അയിത്തത്തിനില്ല. അവരെയെല്ലാം വശത്താക്കാനാണു ബിജെപി നോക്കുന്നതെങ്കിൽ‍ അതനുവദിക്കില്ലെന്നു നയം.

സംസ്കൃത അധ്യാപകർ, പണ്ഡിതർ, ആ ഭാഷയോടു താൽപര്യമുള്ള സാംസ്കാരിക പ്രവർത്തകർ എന്നിവർ ചേർന്നതാണു സിപിഎമ്മിന്റെ സംസ്കൃത സംഘം. സംസ്കൃത ഭാഷ ഉപയോഗിക്കുന്നവർ രാജ്യത്തു തന്നെ കുറവാണെന്നിരിക്കെ, കേരളത്തിൽ അതു രൂപീകരിച്ചത് ഇത്തരം പ്രവർത്തനങ്ങൾക്കു ബാനറായി നിർത്താനാണെന്നു വ്യക്തം. 17 ന് ആരംഭിക്കുന്ന രാമായണമാസാചരണത്തോടനുബന്ധിച്ചു വിവിധ പരിപാടികൾ സംഘടിപ്പിക്കാനാണു സംസ്കൃത സംഘം തീരുമാനിച്ചിരിക്കുന്നത്. രാമായണപ്രഭാഷണങ്ങൾ, ക്ലാസുകൾ, സെമിനാറുകൾ എന്നിവ നടത്തും. 25നു തിരുവനന്തപുരത്തു സംസ്ഥാനതല സെമിനാറുണ്ട്.

നിരൂപകനും എഴുത്തുകാരനുമായ സുനിൽ പി.ഇളയിടം ഉൾപ്പെടെയുള്ളവർ വിവിധ ജില്ലകളിലെ പരിപാടികളിൽ പങ്കെടുക്കും. രാമായണത്തെ ഇതിഹാസമായി കണ്ട് അതിന്റെ സാമൂഹികമായ സ്വാധീനത്തെക്കുറിച്ചു വിശകലനം ചെയ്യാനാണത്രേ പാർട്ടി ഉദ്ദേശിക്കുന്നത്. സിപിഎം രാമായണമാസാചരണം സംഘടിപ്പിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്നാണു സംസ്കൃതസംഘത്തിന്റെ ചുമതലയുള്ള സംസ്ഥാനകമ്മിറ്റി അംഗം വി.ശിവദാസൻ‍ പ്രതികരിച്ചത്. ഇത്തരം പ്രവർത്തനങ്ങളിൽ താൽപര്യമുള്ളവർ നടത്തുന്ന കാര്യങ്ങൾക്കു പാർട്ടിയുടെ പിന്തുണയുണ്ടാകും. ക്ഷേത്ര നടത്തിപ്പിലും മറ്റും കൂടുതലായി ഇടപെടാൻ സിപിഎം തീരുമാനിച്ചതിനു പിന്നാലെയാണ് രാമായണമാസാചരണം തന്നെ ഏറ്റെടുക്കുന്നത്. പാർട്ടിയുമായി ബന്ധമുള്ള ക്ഷേത്രക്കമ്മിറ്റിക്കാരുടെ യോഗം പലയിടങ്ങളിലും വിളിച്ചുചേർക്കുന്നുണ്ട്. ക്ഷേത്രക്കമ്മിറ്റികളിൽ കൂടുതലായി ഇടപെട്ടു പ്രവർത്തിക്കാൻ പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.