Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരുചക്ര വാഹനം, സൗജന്യ ലാപ്ടോപ്; ഓഫറുകളുമായി ഗുജറാത്തിലെ കോളജുകൾ

Engineering | Representational image പ്രതീകാത്മക ചിത്രം.

അഹമ്മദാബാദ്∙ ഗുജറാത്തിൽ പോയി എൻജിനീയറിങ് പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് സന്തോഷ വാർത്ത. വർഷം 2500 രൂപ ഫീസ്, സൗജന്യ ലാപ്ടോപ്, ഇരുചക്രവാഹനം തുടങ്ങിയവയാണ് പ്രധാന ആകർഷണങ്ങൾ. ആദ്യ ഒരു സെമസ്റ്റർ സൗജന്യമായി പഠിക്കാമെന്നും ചില കോളജുകൾ വാഗ്ദാനം ചെയ്യുന്നു.

സംസ്ഥാനത്തെ എൻജിനീയറിങ് അഡ്മിഷന്റെ ആദ്യഘട്ടം അവസാനിച്ചപ്പോൾ പകുതിയിലധികം സീറ്റുകളും ഒഴിഞ്ഞു കിടക്കുന്നതാണ് വിദ്യാർഥികൾക്കു വമ്പിച്ച ‘ഓഫറുകൾ’ നൽകാൻ സ്വകാര്യ കോളജുകൾ നിർബന്ധിതരാക്കിയത്. ആകെയുള്ള 55,422 എൻജിനീയറിങ് സീറ്റുകളിൽ 34,642ഉം ഒഴിഞ്ഞു കിടക്കുകയാണ്.

സ്കോളർഷിപ്പ്, ഡിസ്കൗണ്ട് എന്നീ പല പേരുകളിലാണ് കോളജുകൾ തന്ത്രങ്ങളൊരുക്കുന്നത്. അഡ്മിഷൻ നേടുന്ന എല്ലാ വിദ്യാർഥികൾക്കും അപ്പോൾ തന്നെ സൗജന്യമായി ലാപ്ടോപ് ലഭിക്കും. ഫീസ് പൂർണമായും ഒറ്റ ഗഡുവായി അടയ്ക്കുന്നവർക്കു നാലു വർഷം പൂർത്തിയാകുമ്പോൾ ഇരുചക്ര വാഹനവും ലഭിക്കും. വിദ്യാർഥികളെ വലയിലാക്കുന്നതിന് നിരവധി ഏജന്റുമാരെയും നിയോഗിച്ചിട്ടുണ്ട്. ഒരു വിദ്യാർഥിക്കു കുറഞ്ഞത് 10,000 രൂപയാണ് കമ്മിഷൻ.

ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജുക്കേഷൻ (എഐസിടിഇ) കണക്കുകൾ പ്രകാരം 2016–17 അധ്യയന വർഷത്തിൽ, രാജ്യത്തെ 3,291 കോളജുകളിലെ 15.5 ലക്ഷം എൻജിനീയറിങ് സീറ്റുകളിൽ പകുതിയിലധികവും ഒഴിഞ്ഞു കിടക്കുകയാണ്. 2015–16 അധ്യയന വർഷത്തിലും സമാന സ്ഥിതിയായിരുന്നു.