Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിമന്യു വധം: റെയ്ഡുകൾ വെറുതെ, പൊലീസ് നിഷ്ക്രിയമെന്നും എഐഎസ്എഫ്

aisf-logo

കൊച്ചി/ കോട്ടയം∙ അഭിമന്യു വധം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു തിങ്കളാഴ്ച കെഎസ്‌യു ഉപവാസം നടത്താനിരിക്കെ പൊലീസിന്റെ നിഷ്ക്രിയത്വം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എഐഎസ്എഫും രംഗത്ത്.

അഭിമന്യുവിനെ മതതീവ്രവാദ സംഘടനയായ ക്യാംപസ് ഫ്രണ്ടുകാർ കൊലപ്പെടുത്തിയിട്ട് 12 ദിവസം പിന്നിടുമ്പോഴും കൊലപാതകത്തിൽ നേരിട്ടു പങ്കുള്ള പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നത് പോലീസിന്റെ നിഷ്ക്രിയത്വമാണ് വ്യക്തമാക്കുന്നതെന്ന് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

അതിനിടെ കോട്ടയം ആപ്പാഞ്ചിറയിൽ അഞ്ച് എസ്ഡിപിഐ പ്രവർത്തകരുടെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്. എന്നാൽ അന്വേഷണങ്ങളും, റെയ്ഡുകളും നടക്കുന്നതല്ലാതെ പ്രധാന പ്രതികളിലേക്ക് പൊലീസ് എത്തുന്ന സൂചനകൾ കാണുന്നില്ലെന്ന് എഐഎസ്എഫ് പറഞ്ഞു.

പ്രധാന പ്രതികൾ വിദേശത്തേക്കു കടന്നു എന്ന പൊലീസ് ഭാഷ്യം പോലീസിന്റെ കുറ്റകരമായ അനാസ്ഥയാണ് സൂചിപ്പിക്കുന്നത്. ഇപ്പോൾ അറസ്റ്റിലായ ചില പ്രതികൾ മഹാരാജാസ് കോളജ് വിദ്യാർഥികൾ പൊലീസിനു കൈമാറിയവരാണ്. സാമൂഹിക പ്രതിബദ്ധതയും തികഞ്ഞ ഇടതുപക്ഷ വീക്ഷണവുമുള്ള അഭിമന്യുവിനെ ആസൂത്രിതമായി കൊലപ്പെടുത്താനുള്ള മത തീവ്രവാദ സംഘടനയുടെ ഗൂഢാലോചനയിൽ പങ്കാളികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനുള്ള ജാഗ്രത പൊലീസ് കാട്ടണം.

പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാൻ വൈകുന്നത് മത തീവ്രവാദ സംഘടനകളുടെ പ്രവർത്തനങ്ങൾക്കു സഹായകരമാവുകയും ഈ സാഹചര്യങ്ങളെ മുതലെടുത്തു വർഗീയ ധ്രുവീകരണത്തിനു ശ്രമിക്കുന്ന ശക്തികൾക്കു കരുത്തു പകരുകയും ചെയ്യും. അഭിമന്യു വധത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കുന്നതിന് പോലീസ് നിഷ്ക്രിയത്വം വെടിയണമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ജെ. അരുൺ ബാബുവും സെക്രട്ടറി ശുഭേഷ് സുധാകരനും ആവശ്യപ്പെട്ടു.