Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരൂഹമായി വീണ്ടും മലബാർ സിമന്റ്സ് അഴിമതി; ശശീന്ദ്രന്റെ ഭാര്യ കോയമ്പത്തൂരിൽ മരിച്ചു

Malabar Cements-Teena Death ശശീന്ദ്രന്റെ ഭാര്യ ടീന (ഇൻസെറ്റിൽ)

കൊച്ചി∙ മലബാർ സിമന്റ്സ് മുൻ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ ഭാര്യ ടീന(52) അന്തരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം. മൂന്നു ദിവസം മുൻപാണ് വൃക്കരോഗ ചികിത്സയുമായി ബന്ധപ്പെട്ട് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2011 ജനുവരി 24നാണ് ശശീന്ദ്രനും രണ്ടു മക്കളും തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മലബാർ സിമന്റ്സിലെ അഴിമതിയും ശശീന്ദ്രന്റെ അസ്വാഭാവിക മരണവും സിബിഐ അന്വേഷിക്കുന്നതിനിടെയാണ് കേസിലെ പ്രധാന സാക്ഷി കൂടിയായ ടീന മരിച്ചത്.

ഏറെ കാലമായി കോയമ്പത്തൂരില്‍ താമസിക്കുകയായിരുന്ന ടീന എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെത്തുടന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പനിയെത്തുടർന്നാണു കോവൈ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച പുലർച്ചയോടെ ആരോഗ്യസ്ഥിതി തകരാറിലാവുകയായിരുന്നു. വൃക്കകളുടെ പ്രവർത്തനവും തകരാറിലായി. തുടർന്നാണു മരണം സംഭവിച്ചത്. എന്നാൽ ടീന ആരോഗ്യവതിയായിരുന്നെന്നു ശശീന്ദ്രന്റെ ബന്ധുക്കൾ പറഞ്ഞു. മസ്തിഷ്ക മരണം ഉൾപ്പെടെ ടീനയ്ക്കു സംഭവിച്ചെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ജനകീയ ആക്‌ഷൻ കൗൺസിൽ വൈസ് ചെയർമാൻ ജോയ് കൈതാരം ആരോപിച്ചു.

മലബാർ സിമന്റ്സ് അഴിമതിക്കേസ് ഫയലുകളിലെ നിർണായക രേഖകൾ ഹൈക്കോടതിയിൽനിന്നു കാണാതായ സംഭവത്തോടെയാണ് അടുത്തിടെ വീണ്ടും അഴിമതിക്കേസ് വിവാദ നിഴലിലായത്. മരിച്ച കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ പിതാവ് കെ. വേലായുധനും ആക്‌ഷൻ കൗൺസിൽ വൈസ് ചെയർമാൻ ജോയ് കൈതാരവും 2012ൽ നൽകിയ ഹർജികളിലെ 52 പേജ് വരുന്ന ഇരുപതിലേറെ രേഖകൾ നഷ്ടപ്പെട്ട ഫയലിലുണ്ടായിരുന്നു. കൂടാതെ, അഴിമതി വിരുദ്ധ–മനുഷ്യാവകാശ സംരക്ഷണ സമിതി 2012ൽ നൽകിയ ഹർജിയിൽ അഴിമതിയിലൂടെ മലബാർ സിമന്റ്സിനുണ്ടായ നഷ്ടം വ്യക്തമാക്കുന്ന ഓഡിറ്റ് രേഖകളുമുണ്ടായിരുന്നു. 

ഫയലുകൾ നഷ്ടപ്പെട്ടതു സംബസിച്ച അന്വേഷണം ഹൈക്കോടതി വിജിലൻസ് വിഭാഗത്തിനു വിട്ടിരിക്കുകയാണ്. ഫയൽ നഷ്ടപ്പെട്ടത് ആസുത്രിത സംഭവമാണെന്നും  ഹൈക്കോടതിയിൽ വൻ സുരക്ഷാ വീഴ്ചയാണുണ്ടായതെന്നും അന്നു സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു.

മലബാർ സിമന്റ്സ്: കേസിന്റെ ചരിത്രം

ശശീന്ദ്രനെയും (46) മക്കളായ വിവേക് (10), വ്യാസ് (എട്ട്) എന്നിവരെയും 2011 ജനുവരി 24 നു രാത്രിയാണു കഞ്ചിക്കോട് കുരുടിക്കാട്ടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി സിബിഐക്കു വിട്ടു. 

മലബാർ സിമന്റ്സിലെ കരാറുകാരനായ വി.എം.രാധാകൃഷ്ണനെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി 2013 മാർച്ച് 19നു സിബിഐ അറസ്റ്റു ചെയ്തു. മലബാർ സിമന്റ്സുമായി ബന്ധപ്പെട്ട കേസുകളിൽ രാധാകൃഷ്ണനെതിരെ ശശീന്ദ്രൻ മൊഴി നൽകിയിരുന്നു. കോടതിയിൽ മൊഴി നൽകും മുൻപു കടുത്ത മാനസിക സമ്മർദ്ദത്തിലാക്കി ശശീന്ദ്രനെ തളർത്താൻ നടത്തിയ നീക്കങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണു സിബിഐയുടെ കണ്ടെത്തൽ. 

കുറ്റപത്രം രണ്ടു തവണ സിബിഐ കോടതി മടക്കി. മാറ്റം വരുത്തിയ കുറ്റപത്രം 2014 സെപ്റ്റംബർ രണ്ടിനു സ്വീകരിച്ചു. 2015 ജനുവരിയിൽ, ദുരൂഹ മരണം സംബന്ധിച്ചു പുനരന്വേഷണം നടത്തണമെന്നും അഴിമതിക്കേസുകളും സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സഹോദരൻ സനൽകുമാർ ഹൈക്കോടതിയെ സമീപിച്ചു.

related stories