Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വാശ്രയ കോളജ് അധ്യാപകരുടെ ശമ്പളം; വിശദീകരണം തേടി മനുഷ്യാവകാശ കമ്മിഷൻ

Teacher | Representational image

തിരുവനന്തപുരം∙ സ്വാശ്രയ വിദ്യാഭ്യാസ മേഖലയിലെ അധ്യാപകരുടെ ശമ്പളം വർധിപ്പിക്കാനാകുമോ എന്ന വിഷയത്തിൽ വിശദീകരണം നൽകണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും കോളജ് വിദ്യാഭ്യാസ ഡയറക്ടറും വിശദമായ പരിശോധന നടത്തി നാലാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നു കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

സ്വാശ്രയ മേഖലയിൽ ജോലി ചെയ്യുന്ന അധ്യാപകർക്കു പ്രതിമാസം ലഭിക്കുന്നത് 12,000 രൂപയാണ്. സ്വകാര്യ സ്കൂളുകളിലും ഇതായിരുന്നു സ്ഥിതി. ഇതിൽ മാറ്റം വരുത്താൻ സർക്കാർ നിയമ നിർമാണത്തിനു തയാറായി.  എയ്ഡഡ് മേഖലയെക്കാൾ അധ്യാപകർ സ്വാശ്രയ കോളേജുകളിൽ പഠിപ്പിക്കുന്നുണ്ട്.  എയ്ഡ്ഡ് മേഖലയെക്കാൾ കൂടുതൽ കോളജുകളും വിദ്യാർഥികളും സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിലാണ്.

സർവകലാശാല പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ മൂല്യനിർണയം സ്വാശ്രയ മേഖലയിലെ അധ്യാപകർക്കു സർവകലാശാലകൾ നൽകി വരുന്നുണ്ട്. അതുകൊണ്ടു തന്നെ ഇവരുടെ യോഗ്യതയിൽ തർക്കമില്ലെന്നു മനുഷ്യാവകാശ പ്രവർത്തകനായ പി.കെ.രാജു സമർപ്പിച്ച പരാതിയിൽ പറയുന്നു.