Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിക്കോട് കുട്ടിയുടെ മരണം ഷിഗെല്ല ബാധിച്ചല്ല; പരിശോധനാ ഫലമെത്തി

Shigella ഷിഗെല്ല ബാക്ടീരിയ

കോഴിക്കോട്∙ ജില്ലയിൽ രണ്ടുവയസുകാരന്‍ മരിച്ചത് ഷിഗെല്ല ബാക്ടീരിയ ബാധിച്ചല്ലെന്നു സ്ഥിരീകരണം. പുതുപ്പാടി സ്വദേശി ഹര്‍ഷാദിന്റെ മകന്‍ സിയാനാണു മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. എന്നാൽ സിയാന്റെ മരണം ഷിഗെല്ല ബാധിച്ചല്ലെന്നു മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ സാംപിള്‍ പരിശോധനയില്‍ സ്ഥിരീകരിക്കുകയായിരുന്നു. നേരത്തെ മലപ്പുറം ജില്ലയിൽ രണ്ടു ഷിഗെല്ല മരണം സംഭവിച്ചിരുന്നു. ഈ സാഹചര്യത്തിൽ കോഴിക്കോട് ഷിഗെല്ല ജാഗ്രതാനിർദേശവും പുറപ്പെടുവിച്ചിരുന്നു.

ഷിഗെല്ല വയറിളക്കം: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സാധാരണ വയറിളക്കത്തെക്കാൾ മാരകമാണു ഷിഗെല്ല. ഈ ബാക്ടീരിയ മൂലമുള്ള മാരകമായ വയറിളക്കത്തിനു കാരണം മലിനജലത്തിന്റെ ഉപയോഗമാണ്. വ്യക്തി തലത്തിൽ ശുചിത്വം പാലിച്ചാൽ ഒരു പരിധി വരെ രോഗം പകരുന്നതു തടയാം. തുടക്കത്തിൽ തന്നെ വൈദ്യസഹായം തേടിയാൽ രോഗം അപകടകരമാകുന്നതും തടയാം.

ഫലപ്രദമായ ചികിൽസ കൃത്യസമയത്തു നൽകിയില്ലെങ്കിൽ രോഗം തലച്ചോറിനെയും വൃക്കയെയും ബാധിക്കുന്നതു മരണത്തിന് ഇടയാക്കും. കുട്ടികളിലാണു രോഗസാധ്യത കൂടുതൽ.

∙ കുടിക്കാനും പാചകത്തിനും തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുക

∙ ഭക്ഷണത്തിനു മുൻപു കൈകഴുകുന്നതു ശീലമാക്കുക

∙ ശുചിമുറി ഉപയോഗിച്ചാൽ നിർബന്ധമായും കൈകൾ സോപ്പിട്ടു കഴുകുക

∙ ഭക്ഷണം തയാറാക്കുന്നവർ കൈകൾ വൃത്തിയായി സൂക്ഷിക്കുക

∙ പുറത്തുനിന്നു ഭക്ഷണം കഴിക്കുന്നവർ വൃത്തി ഉറപ്പാക്കുക

∙ പൂർണമായും വേവിച്ച ഭക്ഷണം മാത്രം കഴിക്കുക

∙ ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക. പഴകിയ ഭക്ഷണം ഒഴിവാക്കുക

∙ ഭക്ഷണം എപ്പോഴും അടച്ചുവയ്ക്കുക. ഈച്ച പോലുള്ള പ്രാണികളുടെ സമ്പർക്കം ഒഴിവാക്കുക

∙ കുട്ടികളുടെ നഖം കൃത്യമായി വെട്ടുക. കൈകൾ കഴുകുന്നുവെന്നു ഉറപ്പാക്കുക