Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാക്കിസ്ഥാനിൽ പോളിങ് സ്റ്റേഷനു പുറത്ത് സ്ഫോടനം; 31 മരണം

bomb-blast-pakistan പാക്കിസ്ഥാനിൽ ബോംബ് സ്ഫോടനമുണ്ടായ പ്രദേശം. ചിത്രം: ജിയോ ടിവി

ക്വറ്റ∙ കനത്ത പട്ടാളക്കാവലിൽ പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പാക്കിസ്ഥാനിൽ ബോംബ് സ്ഫോടനം. കുട്ടികളും പൊലീസുകാരും ഉൾപ്പെടെ 31 പേർ മരിച്ചതായി പാക് മാധ്യമം ‘ജിയോ ടിവി’ റിപ്പോർട്ട് ചെയ്തു. ക്വറ്റ ഈസ്റ്റേൺ ബൈപാസിൽ പോളിങ് സ്റ്റേഷനു പുറത്ത് ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. നിരവധി പേർക്കു പരുക്കേറ്റു.

പതിവു പട്രോളിങ് നടത്തുന്ന പൊലീസ് വാഹനത്തിനു സമീപമാണ് സ്ഫോടനം നടന്നത്. പോളിങ് സ്റ്റേഷന് അകത്തേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച ചാവേറിനെ പൊലീസ് തടഞ്ഞതിനു പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ബോംബ് സ്ക്വാഡ് പൊട്ടാതെ കിടന്ന ഗ്രനേഡുകൾ നിർവീര്യമാക്കി. പരുക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിക്കു ചുറ്റിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

നേരത്തേ, ബലൂചിസ്ഥാൻ പ്രവിശ്യയിൽ അവാമി നാഷനൽ പാർട്ടിയുടെ (എഎൻപി) സ്ഥാനാർഥി ദാവൂദ് അചക്സായിയെ തിരഞ്ഞെടുപ്പു യോഗത്തിനിടെ ഭീകരർ വെടിവച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ അദ്ദേഹം അപകടനില തരണം ചെയ്തു. കുറച്ചുദിവസങ്ങൾക്കു മുൻപ് തിരഞ്ഞെടുപ്പു റാലിക്കു നേരെയുണ്ടായ ചാവേർ ബോംബാക്രമണത്തിൽ 149 പേരാണു കൊല്ലപ്പട്ടത്. ഒൻപതു കുട്ടികൾ ഉൾപ്പെടെ 186 പേർക്കു പരുക്കേറ്റു. പെഷാവറിലെ മറ്റൊരു സ്ഫോടനത്തിൽ അവാമി നാഷനൽ പാർട്ടി (എഎൻപി) സ്ഥാനാർഥി ഹാറൂൺ ബിലോർ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടിരുന്നു. പൊതുതിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന എല്ലാ സ്ഥാനാർഥികൾക്കും ഭീകരരുടെ വധഭീഷണിയുണ്ട്.

രാവിലെ എട്ടിനാണു പാക്കിസ്ഥാനിൽ പോളിങ് ആരംഭിച്ചത്. 3.70 ലക്ഷം സൈനികരുടെ കാവലിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്. തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള രാജ്യചരിത്രത്തിലെ ഏറ്റവും വലിയ സൈനിക വിന്യാസമാണിത്. മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് അഴിമതിക്കേസിൽ കഴിഞ്ഞമാസം മുതൽ ജയിലിലാണ്. അദ്ദേഹത്തിന്റെ പാർട്ടിയായ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്–നവാസ് അഞ്ചുവർഷം ഭരണം തികച്ചശേഷമാണു തിരഞ്ഞെടുപ്പു നേരിടുന്നത്. 

നാഷനൽ അസംബ്ലിയിലെ 272 സീറ്റുകളിലേക്ക് 3459 സ്ഥാനാർഥികളും നാലു പ്രവിശ്യാ നിയമസഭകളിലേക്കുള്ള 577 സീറ്റുകളിലേക്ക് 8396 സ്ഥാനാർഥികളും ജനവിധി തേടുന്നു. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം പാലിച്ചാണു സൈനികർ പ്രവർത്തിക്കുകയെന്നു കരസേനാ മേധാവി ജനറൽ ഖമർ ബജ്‌വ വ്യക്തമാക്കി.