Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യമുനാ നദിയിൽ ജലനിരപ്പ് അപകടനിലയ്ക്കു മുകളിൽ; ആയിരത്തിലേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Yamuna River ഹരിയാനയിലെ ഹത്‍നി കുണ്ഡ് തടയണ തുറന്നുവിട്ടതിനെ തുടർന്ന് ഡൽഹിയിൽ നിറഞ്ഞൊഴുകുന്ന യമുനാ നദി.

ന്യൂഡൽഹി∙ യമുനാ നദിയിലെ ജലനിരപ്പ് അപകടനിലയ്ക്കു മുകളിലെത്തിയതോടെ ആയിരത്തിലേറെ കുടുംബങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. നദിക്കുകുറുകെയുള്ള റെയിൽവേപാലം താൽകാലികമായി അടച്ചു. കനത്ത മഴ കാരണം ഹരിയാനയിലെ ഹത്‌നി കുണ്ഡ് തടയണയിൽനിന്ന് വൻ തോതിൽ ജലം തുറന്നുവിടുന്നതിനാൽ യമുനയിൽ ഇനിയും ജലനിരപ്പുയരാനിടയുണ്ട്. നീരൊഴുക്ക് തുടരുന്നതിനാൽ ജലനിരപ്പ് 206.60 അടിയിലെത്തുമെന്നാണ് വിലയിരുത്തൽ. ഇതു മുൻകൂട്ടി കണ്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. നദിയിൽ 23 സ്ഥലങ്ങളിലായി 67 ബോട്ടുകളിൽ രക്ഷാപ്രവർത്തകർ റോന്തുചുറ്റുന്നുണ്ട്.

ജലനിരപ്പ് 205.53 അടിയായി ഉയർന്നതോടെയാണ് റെയിൽവേപാലം അടയ്ക്കാൻ തീരുമാനിച്ചെന്ന് നോർത്തേൺ റെയിൽവേ അറിയിച്ചു. ഇതേ തുടർന്ന് 27 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. 14 എക്സ്പ്രസ് ട്രെയിനുകൾ വഴിതിരിച്ചുവിടുകയും മൂന്നു ട്രെയിനുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിക്കുകയും ചെയ്തതായി നോർത്തേൺ റെയിൽവേ വക്താവ് നിധിൻ ചൗധരി അറിയിച്ചു.

ഹത്‍നി കുണ്ഡ് തടയണ തുറന്നുവിട്ടതിനെ തുടർന്നാണ് ഇന്നലെ യമുനയിലെ ജലനിരപ്പ് അപകടനിലയ്ക്കു മുകളിലെത്തിയത്. ഇതോടെ സർക്കാർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ ജീവിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു നീക്കാനുള്ള ശ്രമങ്ങൾ സർക്കാർ ഊർജിതമാക്കി. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ നേതൃത്വത്തിലാണ് ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. അടിയന്തര സാഹചര്യത്തിൽ സഹായത്തിനു ഡൽഹി സർക്കാർ സൈന്യത്തിന്റെ സഹായവും അഭ്യർഥിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനവും സഹായത്തിനു സജ്ജമാണ്.

അക്ഷർധാം, പാണ്ഡവ് നഗർ ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിലെ സ്ഥിതിഗതികൾ ഉപമുഖ്യമന്ത്രി പ്രത്യേകം വിലയിരുത്തുകയും ആവശ്യമായ നടപടികൾക്കു നിർദേശം നൽകുകയും ചെയ്തു. എല്ലാ സർക്കാർ വകുപ്പുകളും അതീവ ജാഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി നിർദേശം നൽകി. പ്രളയം സംബന്ധിച്ച അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കൺട്രോൾ റൂം തുറന്നിട്ടുണ്ട് (ഫോൺ നമ്പർ – 1077).