Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബാലറ്റിനോട് മുഖം തിരിച്ച് സിപിഎം; തിരഞ്ഞെടുപ്പ് വൈകാനിടയാക്കുമെന്ന് പിബി

CPM Flag Representative Image

ന്യൂഡൽഹി ∙ലോക്സഭാ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറില്‍ നടത്തേണ്ടതില്ലെന്ന് സിപിഎം. ബാലറ്റിലേക്ക് മടങ്ങുന്നതു തിരഞ്ഞെടുപ്പ് വൈകാന്‍ കാരണമാകും. ഇക്കാര്യത്തില്‍ കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾക്കൊപ്പം നിൽക്കേണ്ടതില്ലെന്നും സിപിഎം പൊളിറ്റ് ബ്യൂറോ തീരുമാനമെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനു പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷപാർട്ടികൾ നേരത്തേ രംഗത്തെത്തിയിരുന്നു.

തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ നേതൃത്വത്തിൽ 17 പ്രതിപക്ഷ പാർട്ടികൾ ഈ ആവശ്യമുന്നയിച്ച് തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനിരിക്കുകയാണ്. സിപിഎമ്മും ഇതിനെ പിന്തുണയ്ക്കും എന്നായിരുന്നു പ്രതീക്ഷ. എന്നാൽ ബാലറ്റ് പേപ്പർ വേണ്ടെന്ന് സിപിഎം പിബി തീരുമാനമെടുക്കുകയായിരുന്നു. 

കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ബിഎസ്പി, എൻസിപി, ആർജെഡി, എഎപി, വൈഎസ്ആർ, ഡിഎംകെ, ജെഡിഎസ്, ടിഡിപി, കേരള കോൺഗ്രസ് (എം), സിപിഐ, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികളാണ് ബാലറ്റ് പേപ്പര്‍ തിരികെയെത്തിക്കണമെന്ന ആവശ്യവുമായി ഒന്നിക്കാനിരിക്കുന്നത്. അടുത്ത ആഴ്ചയോടെ കമ്മിഷനെ സമീപിക്കാനാണു നിലവിലെ തീരുമാനം. വോട്ടിങ് യന്ത്രങ്ങളുടെ നിഷ്പക്ഷത ചോദ്യം ചെയ്ത തൃണമൂൽ കോൺഗ്രസ് നേരത്തേ തന്നെ ബാലറ്റ് പേപ്പറിനായി ആവശ്യം ഉന്നയിച്ചിരുന്നു.