Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശ വനിതയുടെ കൊലപാതകം: പ്രതികൾ പിടിയിലായിട്ടും കുറ്റപത്രം സമർപ്പിക്കാതെ പൊലീസ്

Latvian-Lady-Murder-Convicts പ്രതിളെ കോടതിയിൽ ഹാജരാക്കിയപ്പോൾ

തിരുവനന്തപുരം∙ കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ അറസ്റ്റിലായി മൂന്നു മാസമായിട്ടും കുറ്റപത്രം നല്‍കിയിട്ടില്ല. കേസ് സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതാണു കുറ്റപത്രം നല്‍കാന്‍ തടസമായതെന്നു പൊലീസ് അറിയിച്ചു. ഇതോടെ പ്രതികള്‍ക്കു സ്വാഭാവിക ജാമ്യം ലഭിക്കാനിടയായേക്കും.

മേയ് അഞ്ചിനാണു വിദേശവനിത കൊല്ലപ്പെട്ട കേസില്‍ പനത്തുറ സ്വദേശികളായ ഉമേഷും ഉദയനും അറസ്റ്റിലാകുന്നത്. 90 ദിവസത്തിനകം കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്കു സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടാവും. ഇരുവരെയും അറസ്റ്റ് ചെയ്ത് ഇന്നു 90 ദിവസം പൂര്‍ത്തിയാകുമ്പോഴും പൊലീസ് കുറ്റപത്രം നല്‍കിയിട്ടില്ല. അതിനാല്‍ അറസ്റ്റിനുശേഷം റിമാന്‍ഡില്‍ തുടരുന്ന പ്രതികള്‍ക്ക് ഇനി കോടതി മുഖേനെ ജാമ്യം ലഭിച്ചേക്കും. കുറ്റപത്രം പൂര്‍ത്തിയായെന്നു പൊലീസ് അറിയിച്ചു. എന്നാല്‍ ഇതേ കേസിലെ രണ്ടു ഹര്‍ജികള്‍ ഹൈക്കോടതി പരിഗണിക്കുകയാണ്.

അന്വേഷണം സിബിഐക്കു വിടണമെന്ന് ആവശ്യപ്പെട്ടു വിദേശവനിതയുടെ ഭര്‍ത്താവ് നല്‍കിയതും ജാമ്യം തേടി പ്രതികള്‍ നല്‍കിയതും. ഇതിന്റെ ആവശ്യത്തിനു കേസ് ഫയലുകള്‍ ഹൈക്കോടതിയില്‍ നല്‍കിയതിലുള്ള സാങ്കേതിക തടസമാണു കുറ്റപത്രം നല്‍കല്‍ വൈകാന്‍ കാരണമെന്നും പൊലീസ് പറയുന്നു. ഒരാഴ്ചക്കുള്ളില്‍ രണ്ട് ഹര്‍ജിയിലും കോടതി വിധി പറയും.

അതുകഴിഞ്ഞാലുടന്‍ കുറ്റപത്രം നല്‍കാനാണു തീരുമാനം. പ്രതികള്‍ക്കു ജാമ്യം ലഭിക്കാനിടയുണ്ടെങ്കിലും ശക്തമായി എതിര്‍ത്തുകൊണ്ടു ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടു നല്‍കിക്കഴിഞ്ഞു. ആയൂര്‍വേദ ചികിത്സക്കായി കേരളത്തിലെത്തിയ വിദേശ വനിതയെ കാണാതാകുന്നത് മാര്‍ച്ച് 14നാണ്. കോവളത്തിനു സമീപം പനത്തുറയിലെ കുറ്റിക്കാട്ടിലെത്തിച്ചു ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച ശേഷം കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു.