Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയമസഭാംഗത്തെ 'തീവ്രവാദിയാക്കി' ബിജെപി എംഎൽഎ; പാക്കിസ്ഥാൻ അജൻഡയെന്ന് കേജ്‍രിവാൾ

aravind-kejriwal

ന്യൂഡൽഹി∙ ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായി പുതിയ ഏറ്റുമുട്ടലിനു തുടക്കമിട്ട് ബിജെപി. കിഴക്കൻ ഡൽഹിയിലെ വിശ്വാസ് നഗറിൽ നിന്നുള്ള ബിജെപി എംഎല്‍എ ഒ.പി. ശർമ ആം ആദ്മി എംഎൽഎ അമാനത്തുല്ല ഖാനെ തീവ്രവാദി എന്നു വിളിച്ചതാണ് പുതിയ വിവാദങ്ങൾക്കു തുടക്കം കുറിച്ചത്. ഡൽഹി നിയമസഭയിൽ ഉദ്യോഗസ്ഥ മേധാവിത്തം എന്ന വിഷയത്തിലെ ചർച്ചയ്ക്കിടെയായിരുന്നു ബിജെപി എംഎൽഎയുടെ ആരോപണം. 

ഒ.പി. ശർമയുടെ ആരോപണങ്ങളെ മറികടക്കാൻ നിയമസഭയിൽ എഎപിയുടെ ഓഖ്‍ല എംഎൽഎയായ അമാനത്തുല്ല ഖാൻ എഴുന്നേറ്റു നിന്നു പ്രതിഷേധിച്ചു. ഇതിനിടെ പ്രകോപിതനായ ബിജെപി എംഎൽഎ ആം ആദ്മി നേതാവിനെ തീവ്രവാദി എന്നു വിളിക്കുകയായിരുന്നു. നിങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്താല്‍ തീവ്രവാദികളെ പോലെ നിങ്ങളെയും ജയിലിലടയ്ക്കും. എന്തിനാണ് ഇത്തരം വിവരക്കേടുകൾ പറയുന്നത്?. എന്തിനാണ് തീവ്രവാദികളെ പോലെ സംസാരിക്കുന്നത്?. മനുഷ്യരെ പോലെ പ്രതികരിക്കൂ– ഒ.പി. ശർമ പറഞ്ഞു.

തുടർന്ന് ബിജെപി എംഎൽഎ മാപ്പു പറയണമെന്നാവശ്യപ്പെട്ട് എഎപി അംഗങ്ങൾ സഭയിൽ പ്രതിഷേധിച്ചു. എട്ട് തവണ തന്നെ തീവ്രവാദിയെന്ന് വിളിച്ചതായി അമാനത്തുല്ല ഖാൻ പരാതിപ്പെട്ടു. ഐഎഎസ് ഉദ്യോഗസ്ഥരെക്കുറിച്ച് മോശം വാക്ക് ഉപയോഗിച്ച് സംസാരിക്കരുതെന്നു മാത്രമാണ് ബിജെപി എംഎല്‍എയോടു പറഞ്ഞത്. എതിർപ്പ് അറിയിച്ചപ്പോൾ അദ്ദേഹം സംസാരിക്കുന്നതു തുടരുകയും എന്നെ തീവ്രവാദിയെന്നു വിളിക്കുകയുമായിരുന്നു– അമാനത്തുല്ല ഖാൻ പറഞ്ഞു.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരും ബിജെപി എംഎൽഎയുടെ നിലപാടിനെതിരെ രംഗത്തെത്തി. നിയമസഭാ സ്പീക്കർ സംഭവം പ്രിവിലേജ് കമ്മറ്റിക്ക് വിട്ടു. എല്ലാ മുസ്‍ലിങ്ങളെയും തീവ്രവാദികളെന്ന് മുദ്ര കുത്താൻ ശ്രമിക്കുന്ന ഒരു പാർട്ടിയാണ് രാജ്യത്തെ നയിക്കുന്നത് എന്ന കാര്യം ദൗർഭാഗ്യകരമാണെന്ന് മനീഷ് സിസോദിയ പറഞ്ഞു. ഇത്തരം കാര്യ‌ങ്ങൾ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി ഇന്ത്യയെ ഹിന്ദുവെന്നും മുസ്‍ലിം എന്നും വിഭജിക്കാൻ ശ്രമിക്കുകയാണെന്ന് കേജ്‍രിവാളും വിമര്‍ശിച്ചു. ബിജെപി നടപ്പാക്കുന്നത് പാക്കിസ്ഥാന്റെ അജൻഡയാണ്. എന്തിനാണ് നവാസ് ഷരീഫിനെ കാണാൻ മോദിജി പാക്കിസ്ഥാനിലേക്ക് പോയത്?. എന്താണ് പാക്കിസ്ഥാനുമായി ബിജെപിക്കുള്ള രഹസ്യബന്ധം?– കേജ്‍രിവാൾ ട്വിറ്ററിൽ കുറിച്ചു. എന്നാൽ നിലപാടിൽ ഉറച്ചു നില്‍ക്കുന്നതായി ഒ.പി. ശർമ വ്യക്തമാക്കി. 

related stories