Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൊരഖ്പുർ ശിശുമരണം: കുഞ്ഞുങ്ങളുടെ മാതാപിതാക്കളുമായി മാർച്ച് നടത്തുമെന്ന് കഫീൽ ഖാൻ

kafeel-khan ഡോ. കഫീൽ ഖാൻ

കോഴിക്കോട്∙ ഗൊരഖ്പുർ ബിആർഡി മെഡിക്കൽ കോളജ് ആശുപത്രിയിലെ കൂട്ട ശിശുമരണത്തിന്റെ ഒന്നാം വാർഷികത്തിൽ കുഞ്ഞുങ്ങളുടെ മാതാപിതാക്കളുമായി പ്രതിഷേധ മാർച്ച് നടത്തുമെന്ന് ഡോ. കഫീൽ ഖാൻ. ആശുപത്രിക്കുമുന്നിൽ ശ്രദ്ധാജ്ഞലി പരിപാടിയും നടത്തും. മരിച്ച കുട്ടികൾക്കു നീതി ലഭ്യമാക്കണമെന്നും കുടുംബങ്ങൾക്ക് അർഹതപ്പെട്ട നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് അന്ന് അധികൃതർക്കു നിവേദനവും നൽകും.

കോഴിക്കോട് ഫാറൂക്ക് കോളജിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു കഫീൽ ഖാൻ. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന കൂട്ടമരണത്തിന്റെ ഉത്തരവാദിയെന്ന് ആരോപിച്ചു സസ്പെൻഷനിലായ ഡോ. കഫീൽ ഖാൻ ഒൻപതു മാസം ജയിലിലായിരുന്നു.

മോദിയും യോഗിയും പ്രതിയെന്നാരോപിച്ചു തന്നെ ജയിലിലടയ്ക്കുകയായിരുന്നുവെന്നു കഫീൽ‍ ഖാൻ പറഞ്ഞു. രക്ഷിതാക്കൾക്കു നീതി നിഷേധിക്കപ്പെടുകയാണ്. സർക്കാരിനു തെറ്റുപറ്റിയെന്നു തുറന്നു സമ്മതിക്കാൻ യോഗി ആദിത്യനാഥ് തയാറാവണം. ഒൻപതു മാസത്തെ ജയിൽവാസക്കാലത്ത് ഇന്ത്യയിൽ എന്താണു നടക്കുന്നതെന്നു തിരിച്ചറിയാൻ‍ കഴിഞ്ഞു. അക്കാലത്തെ അനുഭവങ്ങൾ അറുനൂറോളം പേജുള്ള ഡയറിൽ കുറിച്ചുവച്ചിട്ടുണ്ട്. അതു പുസ്തകമായി പുറത്തിറക്കാൻ പോവുകയാണ്. അനേകം പ്രസാധകർ പുസ്തകമാക്കാനുള്ള അനുമതി തേടി സമീപിച്ചതായും കഫീൽ ‍ഖാൻ പറഞ്ഞു.

ജയിലിൽ കിടക്കുമ്പോൾ തന്നെ കാണാൻ വന്ന മകളുടെ ഡയപ്പറിനകത്ത് ഒളിപ്പിച്ചാണ് ഒരു കത്തു പുറത്തെതത്തിച്ചത്. ആ കത്തു പുറത്തുവന്ന് അഞ്ചാംദിവസമാണു ജാമ്യം ലഭിച്ചത്.

മുത്തലാഖും നാലു കല്യാണവും രാമക്ഷേത്രവുമൊന്നും മുസ്‌ലിം വിഭാഗത്തിലെ 99% പേരെ ബാധിക്കുന്ന കാര്യമല്ല. വളരെ കുറച്ചുപേർ മാത്രമാണ് ഇത്തരം സംഭവങ്ങളിൽ അസഹിഷ്ണുക്കളാവുന്നത്. വിദ്വേഷമില്ലാത്ത ദേശീയതയാണു താൻ ആഗ്രഹിക്കുന്നതെന്നും ഈ സന്ദേശം പ്രചരിപ്പിക്കാൻ രാജ്യം മുഴുവൻ സഞ്ചരിക്കുമെന്നും കഫീൽ ഖാൻ പറഞ്ഞു.