Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണബ് മുഖർജിയുടെ പേരിൽ വ്യാജ കത്ത്; പ്രതി പിടിയിൽ

 Pranab Mukherjee പ്രണബ് മുഖർജി.

ന്യൂഡൽഹി ∙ മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ വ്യാജ കത്ത് സൃഷ്ടിച്ചയാൾ പിടിയിൽ. ബെംഗളൂരു സ്വദേശിയായ ഹരി കൃഷ്ണയെ (48) ഡൽഹി പൊലീസ് ബെംഗളൂരുവിൽനിന്നാണു പിടികൂടിയത്. അറസ്റ്റിൽനിന്നു രക്ഷപ്പെടാൻ യുഎസിലേക്കു കടന്ന ഇയാൾ ഏതാനും ദിവസം മുൻപാണ് തിരികെയെത്തിയത്. ബിഫാം, എംബിഎ ബിരുദധാരിയായ ഹരി കൃഷ്ണയ്ക്കെതിരെ ഒരുവർഷം മുൻപാണു പ്രണബ് മുഖർജിയുടെ ഓഫിസിൽനിന്നു പരാതി നൽകിയത്.

യൂണിവേഴ്സൽ ഡിജിറ്റൽ യൂണിവേഴ്സിറ്റി എന്ന സർവകലാശാലയുടെ വൈസ് ചാൻസലറെന്നു വിശേഷിപ്പിച്ച ഇയാളുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്ന തരത്തിലുള്ള കത്ത് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു. ഡിജിറ്റൽ മാർക്കറ്റിങ്ങുമായി ബന്ധപ്പെട്ട പുസ്തകത്തെ അഭിനന്ദിച്ചുകൊണ്ടുള്ള കത്ത് പുസ്കത്തിന്റെ പ്രചാരണത്തിനു വേണ്ടിയാണ് ഉപയോഗിച്ചത്. പലരും ഇതു സംബന്ധിച്ച് പരാതി ഉയർത്തിയതോടെയാണു കള്ളി വെളിച്ചത്തായത്.അന്വേഷണം ആരംഭിച്ചതോടെ ഇയാൾ യുഎസിനു കടക്കുകയായിരുന്നു. ബെംഗളൂരുവിൽ മാനേജ്മെന്റ് പരിശീലന സ്ഥാപനവും ഹരി കൃഷ്ണയ്ക്കുണ്ട്.