Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുതാം, കയ്യിലുള്ളത്... ഇന്ധന പ്രതിസന്ധിയില്ലെന്ന് കമ്പനികൾ

queue കൊച്ചിയിൽ ബ്രഡ് വാങ്ങാൻ ഫാക്ടറി ഔട്ട്‌ലെറ്റിന് മുന്നിൽ കാത്ത് നിൽക്കുന്നവരുടെ നിര. ചിത്രം: മനോരമ

കൊച്ചി ∙ വെള്ളപ്പൊക്കം മൂലം വാഹനങ്ങൾ ഓടാത്തതും കടകൾ തുറക്കാത്തതും കാരണം പലയിടങ്ങളിലും അവശ്യവസ്തുക്കൾക്കു ക്ഷാമം. ഇന്ധനക്ഷാമമാണ് ഏറ്റവും രൂക്ഷം. ആളുകൾ വൻതോതിൽ പെട്രോളും ഡീസലും വാങ്ങിക്കൂട്ടിയതോടെ പല പമ്പുകളിലെയും സ്റ്റോക് തീർന്നു. 

തൃശൂർ, ചാലക്കുടി, ആലുവ, എറണാകുളം, റാന്നി, അടൂർ, ആലപ്പുഴ തുടങ്ങി ഒട്ടേറെ നഗരങ്ങളിൽ പമ്പുകളിൽ വെള്ളം കയറിയതിനാൽ അടച്ചിട്ടിരിക്കുകയാണ്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ പമ്പുകളായ അങ്കമാലിയിലെ ജെആർഎൽ, കളമശേരിയിലെ ഫാൽക്കൻ തുടങ്ങിയവയും ഇതിൽ ഉൾപ്പെടും. ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്ധനക്ഷാമം രൂക്ഷമാണ്. എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം, തൃശൂർ, വയനാട് ജില്ലകളിൽ സ്റ്റോക് കാര്യമായി കുറഞ്ഞിട്ടുണ്ട്. 

മംഗലാപുരത്തുനിന്ന് കോഴിക്കോട് ഡിപ്പോയിലേക്ക് നിലവിൽ ലോഡ് എത്തുന്നുണ്ട്. കൊച്ചി ഇരുമ്പനത്തെ പ്ലാന്റിൽ നിന്നുള്ള ചരക്കുനീക്കം ഭാഗികമായി തടസപ്പെട്ടു. ഭക്ഷ്യവസ്തുക്കൾ റേഷൻ കടകൾ മുഖേന റജിസ്റ്റർ ഉപയേ‍ാഗിച്ചു വിതരണത്തിനു സംവിധാനം ഏർപ്പെടുത്തി. പ്രളയം കാര്യമായി ബാധിക്കാത്ത കാസർകോട് ജില്ലയിൽ മാത്രമാണ് നിലവിൽ ഇന്ധനക്ഷാമം ഇല്ലാത്തത്. 

പാൽ, പലചരക്ക് സാധനങ്ങൾക്കു ക്ഷാമം 

അവശ്യ സാധനങ്ങളുടെ വില കൂടുമോ എന്ന ആശങ്ക സംസ്ഥാനത്തുണ്ട്. തമിഴ്നാട്ടിൽ നിന്നും മറ്റും ചരക്കുവാഹനങ്ങൾക്കു വരാൻ കഴിയാത്ത സാഹചര്യമാണു പ്രശ്നം. രൂക്ഷമായ വെള്ളപ്പൊക്കം നേരിട്ട സ്ഥലങ്ങളിൽ പാൽ വിതരണവും മുടങ്ങിയിട്ടുണ്ട്. 

ഇന്നലെ കടകളിൽ പാൽ, ബ്രെഡ്, കുപ്പിവെള്ളം എന്നിവയ്ക്കു ക്ഷാമം നേരിട്ടു. പല കടകളിലും പച്ചക്കറികൾക്കും ഒട്ടുമിക്ക പലചരക്കുസാധനങ്ങൾക്കും ദൗർലഭ്യമുണ്ട്. ഇന്റർനെറ്റ് തകരാർ മൂലം ഓൺലൈൻ പണമിടപാടുകൾക്കു ബുദ്ധിമുട്ടുണ്ടായി. ഇടുക്കിജില്ലയിലേക്കു ഭാരവണ്ടിഗതാഗതം തടഞ്ഞതോടെ അവശ്യസാധനങ്ങളുടെ വരവു നിലച്ചിട്ടുണ്ട്. ഹൈറേഞ്ച് മേഖലയിൽ പാൽ വിതരണവും തടസ്സപ്പെട്ടു.എടിഎമ്മുകൾ കാലിയാണ്. മലപ്പുറത്ത് ടൗണുകളും അങ്ങാടികളും വെള്ളത്തിലായതോടെ ചുരുക്കം സ്ഥാപനങ്ങളാണ് തുറന്നത്. ചില കേന്ദ്രങ്ങളിൽ അവശ്യ മരുന്നുകൾക്കും ക്ഷാമമുണ്ട്. നാടുകാണി ചുരത്തിൽ ഗതാഗതം സ്തംഭിച്ചതോടെ കർണാടകയിൽ നിന്നുള്ള പച്ചക്കറി വണ്ടികൾ എത്തിയില്ല.

ഇന്ധന പ്രതിസന്ധിയില്ലെന്ന് കമ്പനികൾ

സംസ്ഥാനത്ത് ഇന്ധനപ്രതിസന്ധിയില്ലെന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ. റോഡ് ഗതാഗതം തടസപ്പെട്ടിട്ടില്ലാത്ത എല്ലാ മേഖലകളിലേക്കും ഇരുമ്പനത്തുനിന്നു ടാങ്കറുകൾ പോകുന്നുണ്ട്. പാലക്കാട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ പമ്പുകളിലേക്ക് ഇന്ധനം എത്തിക്കുന്നത് ഐഒസിയുടെ ഇരുമ്പനം പ്ലാന്റിൽ നിന്നാണ്. വടക്കൻ ജില്ലകളിലേക്ക് മംഗലാപുരത്തുനിന്നും സ്റ്റോക് എത്തുന്നുണ്ട്. വെള്ളം കയറിയവ ഒഴികെ എല്ലാ പമ്പുകളിലും പെട്രോളും ഡീസലും എത്തുന്നുണ്ടെന്നും ഐഒസി വ്യക്തമാക്കി. കൊച്ചിയിലെ റിഫൈനറി പൂർണമായും സുരക്ഷിതമാണെന്നും സംസ്ഥാനത്ത് ഇന്ധനപ്രതിസന്ധി ഇല്ലെന്നും ബിപിസിഎലും വ്യക്തമാക്കി. റിഫൈനറിയിലെ എല്ലാ പ്രവർത്തനങ്ങളും സാധാരണഗതിയിൽ നടക്കുന്നുണ്ട്. ചിലയിടങ്ങളിൽ ഗതാഗതതടസ്സം മൂലം ചരക്കുനീക്കത്തിൽ ചെറിയ പ്രശ്നമുണ്ട്. ഗതാഗതം പുനഃസ്ഥാപിക്കുന്നതോടെ അതു മാറുമെന്നും പരിഭ്രാന്തരാകരുതെന്നും ബിപിസിഎൽ കേരളാ റീടെയിൽ വിഭാഗം മേധാവി വെങ്കിട്ടരാമ അയ്യർ പറഞ്ഞു.

മുൻഗണന രക്ഷാപ്രവർത്തകർക്ക് 

കന്നാസുകളിലും മറ്റും ആളുകൾ ഇന്ധനം വാങ്ങി സൂക്ഷിക്കുന്നതിനാൽ പൊലീസിന്റെയും ഫയർ ഫോഴ്സിന്റെയും രക്ഷാ പ്രവർത്തകരുടെയും വാഹനങ്ങൾക്കുപോലും പെട്രോൾ നൽകാനുള്ള സാഹചര്യമില്ലാതാകുകയാണെന്ന് കേരളാ സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

ദുരന്തനിവാരണത്തിനായി പ്രവർത്തിക്കുന്ന വാഹനങ്ങൾക്കുള്ള ഇന്ധനം കരുതലായി സൂക്ഷിക്കണമെന്നും ലംഘിക്കുന്ന ബങ്ക് ഉടമകൾക്ക് ദുരന്ത നിവാരണ നിയമ പ്രകാരം ഒരു വർഷം വരെ തടവു ശിക്ഷ ലഭിക്കുമെന്നും തിരുവനന്തപുരം ജില്ലാ കലക്ടർ അറിയിച്ചു. തൃശൂരിൽ രക്ഷാ പ്രവർത്തനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്കുള്ള ഇന്ധനം കുറവായതിനാൽ സ്വകാര്യ വാഹനങ്ങൾക്ക് ഇന്ധനം നൽകേണ്ടെന്നു കലക്ടർ പമ്പുടമകൾക്കു നിർദേശം നൽകി. മലപ്പുറത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള കരുതൽ ശേഖരമായി 2000 ലീറ്റർ ഇന്ധനം മാറ്റിവയ്ക്കണമെന്ന് കലക്ടർ ഉത്തരവിറക്കി. 

വൈദ്യുതിയില്ലാതെ... 

വൈദ്യുതി പോസ്റ്റുകളിലേക്കും കമ്പികളിലേക്കും മരങ്ങൾ കടപുഴകി വീണതും വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനായി റോഡ് മാർഗം എത്തിച്ചേരാൻ കഴിയാത്തതും മൂലം പ്രളയബാധിത പ്രദേശങ്ങളിൽ വൈദ്യുതി മുടക്കം. ‌‌ആലപ്പുഴ ജില്ലയിൽ ഇലക്ട്രിക്കൽ സർക്കിളിനു കീഴിൽ എടത്വ 110 കെവി സബ് സ്റ്റേഷനും കുട്ടനാട് 60 കെവി സബ് സ്റ്റേഷനും ഓഫാക്കുകയും അഞ്ചു സെക്‌ഷൻ ഓഫിസുകൾ അടച്ചു പൂട്ടുകയും ചെയ്തു. കുട്ടനാടുമായി ബന്ധിപ്പിക്കുന്നവ ഉൾപ്പെടെ 131 ട്രാൻസ്ഫോമറുകളും ഓഫാക്കിയതോടെ കുട്ടനാട് താലൂക്കിൽ വൈദ്യുതി ബന്ധം ഏതാണ്ടു പൂർണമായി നഷ്ടമായി.

ഹരിപ്പാട് ഇലക്ട്രിക്കൽ സെക്‌ഷനു കീഴിൽ ചെങ്ങന്നൂർ ഡിവിഷനിൽ–70, മാവേലിക്കര–75, ഹരിപ്പാട്–10 വീതം ട്രാൻസ്ഫോമറുകൾ  ഓഫാക്കിയിട്ടുണ്ട്. ഉരുൾപൊട്ടൽ രൂക്ഷമായിരുന്ന കണ്ണൂർ കൊട്ടിയൂരിലെ ഉൾപ്രദേശങ്ങളിൽ ഒരാഴ്ചയായി വൈദ്യുതി ബന്ധമില്ല. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ മിക്കയിടത്തും വൈദ്യുതി ബന്ധം തകരാറിലായി.

എറണാകുളം ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിൽ വൈദ്യുതിയില്ല. എന്നാൽ കൊച്ചി നഗരത്തിൽ വൈദ്യുതി വിതരണത്തിനു തടസ്സമില്ല. ഏതാനും ട്രാൻസ്ഫോമറുകൾ ഓഫാക്കിയിട്ടുണ്ടെങ്കിലും മറ്റു ട്രാൻസ്ഫോമറുകളിലൂടെ വൈദ്യുതി വിതരണം നടക്കുന്നുണ്ട്. കുറുമശേരി സബ്സ്റ്റേഷനിൽ വെള്ളം കയറിയതിനാൽ വിതരണം മുടങ്ങി. കലൂർ ഉൾപ്പെടെയുള്ള സബ്സറ്റേഷനുകളിൽ വിതരണം കഴിഞ്ഞ ദിവസം തന്നെ പുനസ്ഥാപിച്ചു.വെള്ളം താഴ്ന്നുതുടങ്ങിയതോടെ പത്ത‌നംതിട്ട ജില്ലയിലും വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു തുടങ്ങി. വയനാട്ടിൽ മണിയങ്കോട് 33 കെവി സബ് സ്റ്റേഷന്റെ പ്രവർത്തനം നിലച്ചു. 

മൊബൈലിൽ തടസ്സം

പ്രളയബാധിത പ്രദേശങ്ങളിൽ മൊബൈൽ ഫോൺ നെറ്റ്‌വർക്കുകളിലും തടസ്സം നേരിട്ടു. കണ്ണൂരിൽ കോളുകൾക്കു തടസ്സമില്ലെങ്കിലും ഇന്റർനെറ്റ് ബന്ധം തടസ്സപ്പെട്ടു. കൊല്ലത്ത് പലയിടത്തും നെറ്റ് വർക്കുകൾ തകരാറിലാണ്. ഇന്റർനെറ്റിന്റെ സ്പീഡും കുറഞ്ഞു. കൊച്ചിയിൽ നെറ്റ്‌വർക്കുകൾ ചില സമയങ്ങളിൽ കട്ട് ആയെങ്കിലും പ്രതിസന്ധിയുണ്ടായില്ല. പത്തനംതിട്ട ജില്ലിയിൽ രണ്ടു ദിവസമായി വൈദ്യുതി വിതരണം പൂർണമായും തടസ്സപ്പെട്ടതിനാൽ വിവിധ കമ്പനികളുടെ മൊബൈൽ ഫോൺ ടവറുകൾ പ്രവർത്തനരഹിതമായി. 

related stories