Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയക്കെടുതിയിൽ പെട്ടവർക്കായി നമുക്ക് ചെയ്യാവുന്നത്...

Rain-Flood-Ernakulam എറണാകുളം കണ്ടെയ്നർ റോഡിൽ നിന്നുള്ള വെള്ളക്കെട്ടിന്റെ ദൃശ്യം. ചിത്രം: പ്രവീൺ അണ്ണാമലൈ

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം മധ്യപ്രദേശ് മേഖലയിലേക്കു മാറി. കേരളത്തില്‍ അതിതീവ്രമഴ ഉണ്ടാകില്ല. അതേസമയം 13 ജില്ലകളിലും റെഡ് അലര്‍ട് തുടരും. പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിനു ആശ്വാസം പകരുന്നതാണ് പുതിയ അറിയിപ്പ്.

പ്രളയത്തില്‍ കുടുങ്ങിയവരെ കൂട്ടത്തോടെ ഒഴിപ്പിക്കുന്ന തീവ്രശ്രമത്തിന് തുടക്കം. കൂടുതല്‍ ഹെലികോപ്റ്ററുകളും ബോട്ടുകളും സേനാംഗങ്ങളും രംഗത്ത്. മല്‍സ്യബന്ധനബോട്ടുകളുമായി മല്‍സ്യതൊഴിലാളികളും പ്രളയമേഖലകളിലെത്തി. പ്രളയമേഖലകളിലേക്ക് ഹെലികോപ്റ്ററുകളിലും കൂടുതല്‍ ഭക്ഷണം എത്തിക്കും. നാലു വിമാനം ഭക്ഷണം തിരുവനന്തപുരത്തെത്തി. കൂടുതല്‍ ഉടനെത്തും.

സംസ്ഥാനത്തെ മഹാപ്രളയത്തില്‍ പെട്ട് ഒറ്റപ്പെട്ടവരെ രക്ഷപെടുത്താന്‍ നാവികസേനയുടെ അതിതീവ്രദൗത്യം തുടരുന്നു. 40 ഡൈവിങ് ടീമുകളും ഹെലികോപ്റ്ററുകളുമായി ഓപ്പറേഷന്‍ മദത് എന്ന ദൗത്യംഎല്ലാത്തരത്തിലും സഹായഹസ്തവുമായി രംഗത്തുണ്ട്.

പെരിയാറില്‍ നിന്ന് കുതിച്ചെത്തിയ വെള്ളത്തില്‍ ഭൂരിഭാഗവും മുങ്ങിയ കൊച്ചിയില്‍ നാവികസേന പൂര്‍ണസമയ നിരീക്ഷണം നടത്തുന്നുണ്ട്. 40 റെക്സ്യൂ ഡൈവിങ് ടീമുകള്‍ ജെമിനി ബോട്ടുകളുമായി രക്ഷാദൗത്യം നടത്തുന്നു. കഴിഞ്ഞദിവസം വരെ 150– ഓളം ആളുകളെയാണ് എയര്‍ലിഫ്റ്റ് ചെയ്തത്. രക്ഷപെടുത്തിയവര്‍ക്ക് നാവികസേനാ ആസ്ഥാനത്ത് ക്യാംപ് ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ ഫോര്‍ട്ട് കൊച്ചിയിലും ആലുവയിലും നാവികസേനയുടെ ദുരിതാശ്വാസ ക്യാംപുകളുണ്ട്.

പന്തളത്ത് അവിചാരിത പ്രളയം. അച്ചന്‍കോവിലാറും പമ്പയും കരകവിഞ്ഞു. പന്തളം നഗരം മുങ്ങി. വെള്ളം അതിവേഗതയില്‍ കുത്തിയൊലിക്കുന്നു. ജില്ലയിലെ രക്ഷാദൗത്യം വെല്ലുവിളി നേരിടുന്നു.

പ്രളയബാധിത മേഖലയിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിയിരുന്നത് പന്തളം വഴിയായിരുന്നു.

കനത്ത മഴയിൽ ചാലക്കുടി ടൗണില്‍ ജലനിരപ്പ് ഉയരുന്നു. മുരിങ്ങൂര്‍ ദേശീയപാത മേല്‍പാലം മുങ്ങി. ആലുവയിലേക്ക് ഡ്യൂട്ടിക്കുപോയ 50 പൊലീസുകാര്‍ പാലത്തില്‍ കുടുങ്ങി.

കുണ്ടൂരില്‍ 5000പേര്‍ കഴിയുന്ന ക്യാംപിലേക്ക് വെള്ളംകയറുന്നു.

ഇടുക്കി ജില്ലയില്‍ പലയിടത്തും വൈദ്യുതി നിലച്ചിട്ട് 24 മണിക്കൂറാകുന്നു. മൊബൈല്‍, ലാന്‍ഡ് ഫോണുകളും നിശ്ചലം,പ്രധാന റോഡുകളും തടസപ്പെട്ടു

രക്ഷാപ്രവര്‍ത്തനത്തിനു പോലും ആരെയും വിളിക്കാനാവുന്നില്ല

ഇടുക്കി അണക്കെട്ടില്‍നിന്ന് പുറത്തേക്ക് അധികജലം ഉടന്‍ ഒഴുക്കില്ല. ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്‍റെ അളവ് കൂട്ടില്ല. നീരൊഴുക്കില്‍ നേരിയ കുറവുണ്ട്. ജലനിരപ്പ് 2402.35 അടിയാണ്.

പുറത്തേക്ക് ഒഴുക്കുന്ന ജലത്തിന്‍റെ അളവ് കൂട്ടുന്നത് 2403 അടിയിലെത്തിയാല്‍ മാത്രം. ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത് 1500 ഘനമീറ്റര്‍ വെള്ളമാണ്.

related stories