Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈകൂപ്പി പറയുന്നു, ദുരഭിമാനം വെടിഞ്ഞ് രക്ഷ സൈന്യത്തെ ഏൽപ്പിക്കണം: ചെന്നിത്തല

Ramesh Chennithala രമേശ് ചെന്നിത്തല, പിണറായി വിജയൻ

തിരുവനന്തപുരം∙ പ്രളയക്കെടുതിയിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താൻ രക്ഷാചുമതല പൂർണമായും സൈന്യത്തിനു കൈമാറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തിൽ സർക്കാർ ദുരഭിമാനം വെടിയണമെന്ന് കൈകൂപ്പി അഭ്യർഥിക്കുകയാണെന്നും ചെന്നിത്തല വ്യക്തമാക്കി. ജനങ്ങളുടെ ജീവൻ രക്ഷിക്കുകയെന്നതാണ് പ്രധാനം. സൈന്യത്തെ വിളിക്കണമെന്നു പറഞ്ഞപ്പോൾ മുഖ്യമന്ത്രി തന്നെ പുച്ഛിച്ചു തള്ളിയതായും ചെന്നിത്തല വെളിപ്പടുത്തി.

പ്രളയക്കെടുതി നമ്മെ ബാധിച്ചുതുടങ്ങിയിട്ട് ഇതു നാലാം ദിവസമാണ്. സംസ്ഥാനത്തുടനീളം അതിദയനീയമായ കാഴ്ചയാണ്. ഈ ദീനരോദനങ്ങൾക്കു മുന്നിൽ നിസ്സഹായരായി നിൽക്കാനേ നമുക്കാകൂ. പ്രത്യേകിച്ചും ചെങ്ങന്നൂർ, തിരുവല്ല, പന്തളം, റാന്നി, ആറൻമുള, പറവൂർ, അങ്കമാലി, ആലുവ, ചാലക്കുടി തുടങ്ങിയ മേഖലകളിലെല്ലാം സ്ഥിതിഗതികൾ ദയനീയമെന്നേ പറയാനാകൂ. രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന ലൈഫ് ജാക്കറ്റുകളുടെയും ബോട്ടുകളുടെയും എണ്ണം പറഞ്ഞിരിക്കാതെ, എത്ര സൈന്യത്തെയാണ് ഇവിടേക്ക് ആവശ്യമെന്നു കേന്ദ്രത്തോട് ആവശ്യപ്പെടുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

നാലാം ദിവസവും പ്രശ്നം ഗുരുതരം

ഇപ്പോൾ ഏറ്റവും ഗുരുതരമായ പ്രശ്നമുണ്ടായിരിക്കുന്നത് കുട്ടനാട്ടിലാണ്. അവിടെനിന്ന് നൂറുകണക്കിനു പേരാണ് ഞങ്ങളെ വിളിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ ഓഫിസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്കു വിദേശത്തുനിന്ന് ഉൾപ്പെടെ നൂറുകണക്കിനു സഹായാഭ്യർഥന വരുന്നു. ഇവയെല്ലാം മുഖ്യമന്ത്രിക്കും സർക്കാർ സംവിധാനങ്ങൾക്കും കൈമാറുകയാണ്.

പ്രളയക്കെടുതിയിൽ ജനം വലഞ്ഞുതുടങ്ങിയിട്ട് നാലു ദിവസമായിട്ടും കാര്യമായ പരിഹാരമുണ്ടാക്കാൻ കഴിയാത്തത് വേദനാജനകമാണ്. കേരളം ഒന്നിച്ചു കൈകോർത്തു നിന്നിട്ടും എല്ലാവരെയും രക്ഷിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ്? ഇത്രവലിയ സേനാസംവിധാനമുള്ള രാജ്യമാണ് നമ്മുടേതെന്ന് ഓർക്കണം.

നാലും അഞ്ചും ദിവസമായി കുടിവെള്ളവും മരുന്നും ഭക്ഷണവും കിട്ടാതെ വലയുന്ന എത്രയോ പേരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളത്. പതിനായിരക്കണക്കിനു പേർ വെള്ളത്തിനു നടുവിൽ ഒറ്റപ്പെട്ടിരിക്കുന്നു. ഇത്തരം ദയനീയമായ ഒരു അവസ്ഥ കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ഈ ദാരുണ സാഹചര്യത്തിൽ കേരളത്തിലെ പ്രതിപക്ഷം പൂർണമായും സർക്കാരിനോടു യോജിച്ചാണ് പ്രവർത്തിക്കുന്നത്. ഞങ്ങൾ ചെയ്യുന്ന കാര്യങ്ങളെല്ലാം സർക്കാരിനെ അറിയിക്കുന്നുണ്ട്. മുഖ്യമന്ത്രി എന്നെ വിളിച്ചപ്പോൾ ഞാൻ അദ്ദേഹത്തോടൊപ്പം പോയി ദുരന്തമേഖലകൾ സന്ദർശിച്ചു.

എന്തെങ്കിലും ചെയ്യാൻ കഴിയുന്നത് സൈന്യത്തിന്

ഇത്തരം സന്ദർഭങ്ങളിൽ കൂടുതലായി സൈന്യത്തിന്റെ സഹായം തേടുകയാണ് വേണ്ടതെന്ന് ശരിക്ക് അറിയാവുന്ന ആളാണ് ഞാൻ. നേരത്തെ അസമിന്റെ ചുമതലയുണ്ടായിരുന്ന സമയത്ത് അവിടെ പ്രളയം ബാധിച്ചപ്പോൾ അവർ നടത്തിയ രക്ഷാപ്രവർത്തനം ഞാൻ കണ്ടതാണ്. ഇത്തരം സാഹചര്യങ്ങളിൽ പൂർണമായും രക്ഷാപ്രവർത്തനം നടത്താൻ കഴിയുന്നത് സൈന്യത്തിനു മാത്രമാണ്. സർക്കാർ കലക്ടർമാരോടും അവർ തഹസിൽദാർമാരോടും തഹസിൽദാർമാർ വില്ലേജ് ഓഫിസർമാരോടും പറഞ്ഞാൽ മാത്രം പരിഹരിക്കാവുന്ന പ്രശ്നമല്ല ഇത്. ഇത് അറിയാവുന്നതുകൊണ്ടാണ് സേനയെ വിളിക്കണമെന്ന് ആദ്യം മുതലേ പറയുന്നത്. ഇക്കാര്യം ഞാൻ മുഖ്യമന്ത്രിയോടു പറഞ്ഞപ്പോൾ അദ്ദേഹം എന്നെ പുച്ഛിച്ചു തള്ളി. എന്നെ പുച്ഛിക്കുന്നതിൽ കുഴപ്പമില്ല. ജനത്തെ രക്ഷിച്ചാൽ മതി.

പ്രളയം നാലാ ദിവസത്തിലേക്കു കടന്ന ഇന്നു മുതലാണ് കുറച്ചെങ്കിലും സൈന്യം ഊർജിതമായി രംഗത്തിറങ്ങിയത്. ഈ സാഹചര്യത്തിൽ ആരെയും കുറ്റപ്പെടുത്തുന്നില്ല. മറിച്ച് ബുദ്ധിമുട്ടുന്ന ജനങ്ങളുടെ ശബ്ദം സർക്കാരിനു മുന്നിലെത്തിക്കാൻ എനിക്കു ബാധ്യതയുണ്ടെന്നുള്ള ഉറച്ച ബോധ്യത്തിലാണ് ഇതെല്ലാം പറയുന്നത്. ദുരഭിമാനം വെടിഞ്ഞ് സേനയെ വിളിക്കാൻ ഇനിയെങ്കിലും സർക്കാർ തയാറാകണം. ഇതെല്ലാം സർക്കാരിന്റെ പ്രശ്നമാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. ഇപ്പോഴും പറയുന്നില്ല. മറിച്ച്, രക്ഷാപ്രവർത്തനം സൈന്യത്തെ ഏൽപ്പിക്കണമെന്നാണ് ആവശ്യം. വീഴ്ചകൾ പരിഹരിക്കണം.

സൈനിക ഉദ്യോഗസ്ഥരുമായി ഞാൻ സംസാരിച്ചിരുന്നു. കൃത്യമായ ഇടവേളകളിൽ എല്ലായിടത്തും കുടിവെള്ളം, ഭക്ഷണം, മരുന്ന് മുതലായവ എത്തിക്കാൻ അവർക്കു കഴിയും. ഒരു തവണ െഹലികോപ്റ്ററിൽ 1000 കിലോ ഭക്ഷണമേ കൊണ്ടുപോകാനാകൂ. എങ്കിലും കൃത്യമായ ഇടവേളകളിൽ ഭക്ഷണമെത്തിക്കാൻ അവർക്കാകും. അതിന്റെ പ്രയോജനം ജനങ്ങൾക്ക് ലഭിക്കും.

അതുപോലെ, കുടുങ്ങിക്കിടക്കുന്ന ആളുകളുടെ ചിത്രമെടുക്കാൻ സാധിക്കുന്ന ആളില്ലാ വിമാനങ്ങളുണ്ട്. അവയുടെ സഹായം ഉപയോഗപ്പെടുത്താം. രക്ഷാപ്രവർത്തനം അവർക്കു കൈമാറിയാൽ സൈന്യത്തിന് ആളുകളെ ലൊക്കേറ്റ് ചെയ്ത് രക്ഷിക്കാവുന്നതേയുള്ളൂ. ഏറ്റവും ഗുരുതര പ്രതിസന്ധി നേരിടുന്ന പ്രദേശങ്ങളിലേക്ക് സൈനിക ഡോക്ടർമാരുൾപ്പെടെയുള്ള സംവിധാനങ്ങൾ അയയ്ക്കണം.

1000 കോടിയെങ്കിലും പ്രതീക്ഷിച്ചു

ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് ആവർത്തിച്ചു കത്തു നൽകുന്നുണ്ട്. ഇന്നലെ പ്രധാനമന്ത്രി വന്നപ്പോഴും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. രണ്ടു കാര്യങ്ങളാണ് അദ്ദേഹത്തോടു ചോദിച്ചത്. ഒന്ന്, രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ രംഗത്തിറക്കണം. രണ്ട്, ഈ പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം. ഇത് ദേശീയ ദുരന്തമല്ലെങ്കിൽ പിന്നെ ഏതാണ് ദേശീയ ദുരന്തം? 500 കോടി രൂപയാണ് സഹായധനമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. നല്ല കാര്യം. പക്ഷേ, 25,000 കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നോർക്കണം. ഞാൻ പ്രതീക്ഷിച്ചത് കുറഞ്ഞത് 1000 കോടിയെങ്കിലും പ്രധാനമന്ത്രി ഇന്നു പ്രഖ്യാപിക്കുമെന്നാണ്. എന്തായാലും 500 കോടി തന്നതുതന്നെ നല്ലത്.

മിക്കയിടങ്ങളിലും മത്സ്യത്തൊഴിലാളികളുടെ അശ്രാന്ത പരിശ്രമത്തിലൂടെയാണ് ആളുകളെ രക്ഷപ്പടുത്തുന്നത്. സർക്കാർ സംവിധാനങ്ങളെക്കുറിച്ച് ഞാൻ കൂടുതലൊന്നും പറയുന്നില്ല. കേരളത്തിലേക്ക് കൂടുതൽ സൈന്യത്തെ അയയ്ക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിനോടു നേരിട്ടും ഫോണിലൂടെയും പലതവണ ആവശ്യപ്പെട്ടു. ഇന്നലെ പ്രധാനമന്ത്രിക്കു മുന്നിലും ഇതേ ആവശ്യമുയർത്തി. സൈന്യത്തെ വിളിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിലൊന്നും രാഷ്ട്രീയമില്ല. രാഷ്ട്രീയം മാറ്റിവച്ചാണ് ഇതെല്ലാം ആവശ്യപ്പെടുന്നത്. ഇനിയെങ്കിലും ജാഗ്രതയോടെയുള്ള പ്രവർത്തനം നടത്തുകയാണ് വേണ്ടത്.

ഇടുക്കി ജില്ലയൊക്കെ പൂർണമായും ഒറ്റപ്പെട്ടു കിടക്കുകയാണ്. അവിടേക്ക് സർക്കാരിന്റെ ശ്രദ്ധപോലും ചെല്ലുന്നില്ല. അവശ്യ സാധനങ്ങൾപോലും ഇടുക്കിയിലേത്തിക്കാൻ സാധിക്കുന്നില്ല. സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും ഇതുതന്നെ സ്ഥിതി. രാഷ്ട്രീമൊക്കെ മാറ്റിവച്ചുതന്നെ ആവശ്യപ്പെടുകയാണ്, ജനങ്ങളെ രക്ഷിക്കാൻ സൈന്യത്തെ പൂർണമായും രക്ഷാ ചുമതല ഏൽപ്പിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

related stories