Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മാസ്റ്റര്‍പ്ലാന്‍: കെ.കെ.ശൈലജ

KK Shailaja

ചെങ്ങന്നൂർ∙ പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ അടുത്ത ഒരു മാസം യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ക്കു മാസ്റ്റര്‍പ്ലാന്‍ തയാറാക്കിയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പത്തനംതിട്ട ജില്ലയിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം കലക്ടറേറ്റിലെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യവകുപ്പിലെ ജീവനക്കാരെ മാത്രം ഉപയോഗിച്ച് ദുരിതാശ്വാസ ക്യാംപുകളിലെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ കഴിയില്ല. ആരോഗ്യ വകുപ്പിന്റെ നിലവിലുള്ള സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതോടൊപ്പം ജില്ലയിലെ 515 ക്യാംപുകളിലും ആരോഗ്യരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. ഇതിനായി മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥികളുടെയും നഴ്‌സിങ് വിദ്യാര്‍ഥികളുടെയും സേവനം കൂടി ഉപയോഗപ്പെടുത്തും– മന്ത്രി പറഞ്ഞു.

വിവിധ സ്വകാര്യ ആശുപത്രികള്‍ മെഡിക്കല്‍ ടീമുകളെ വിട്ടുനല്‍കിയിട്ടുണ്ട്. തിരുവല്ലയിലെ ബിലീവേഴ്‌സ് ആശുപത്രി, തിരുവനന്തപുരം കിംസ് ആശുപത്രി, ഐഎംഎ തുടങ്ങി നിരവധി ആശുപത്രികളും സംഘടനകളും മെഡിക്കല്‍ ടീമുകളെ നിയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള മെഡിക്കല്‍ ടീമുകളുടെ ഏകോപനം കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമായതിനാല്‍ ജില്ലാ മെഡിക്കല്‍ ഓഫിസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം തുറക്കും. സേവനത്തിനെത്തുന്ന എല്ലാ മെഡിക്കല്‍ ടീമുകളും ഈ കണ്‍ട്രോള്‍ റൂമില്‍ റജിസ്റ്റര്‍ ചെയ്ത ശേഷം ഇവിടെനിന്നുള്ള നിര്‍ദേശപ്രകാരം ക്യാംപുകളിലെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം. മരുന്നുകളുടെ അഭാവം ഉണ്ടാകാതിരിക്കാന്‍ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ അവശ്യമരുന്നുകള്‍ അധികമായി ശേഖരിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്– മന്ത്രി വ്യക്തമാക്കി.

ഓക്‌സിജന്‍ സിലിണ്ടറുകളുടെ ക്ഷാമം ഉണ്ടാകാതിരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. എല്ലാ ദുരിതാശ്വാസ ക്യാംപുകളിലെയും ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും. ജെഎച്ച്‌ഐമാര്‍, എച്ച്‌ഐമാര്‍, ജെപിഎച്ച്എന്‍മാര്‍, ആശ പ്രവര്‍ത്തകര്‍ തുടങ്ങിയവരെയായിരിക്കും ഇതിനായി നിയോഗിക്കുക. ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഉടന്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെയും സ്വകാര്യ ആശുപത്രികളുടെയും സന്നദ്ധ സംഘടനകളുടെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

related stories