Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാംപുകളിലെ കുട്ടികൾക്കു സുരക്ഷാകേന്ദ്രം; ബോട്ട് ഉടമകൾക്കെതിരെ നടപടി

nedumudi വെള്ളം പൊങ്ങിയ നെടുമുടി പൊങ്ങ ഭാഗത്തു നിന്നുള്ള ദുരിതബാധിതരെ ആലപ്പുഴയിലേക്കു കൊണ്ടുപോകുന്നു.

ആലപ്പുഴ ∙ ജില്ലയിൽ ദുരിതാശ്വാസക്യാംപിൽ കഴിയുന്ന കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനു ബാലാവകാശ കമ്മിഷന്റെ നിയന്ത്രണത്തിൽ 29 കേന്ദ്രങ്ങൾ ആരംഭിച്ചതായി മന്ത്രി  ജി. സുധാകരൻ. കൈക്കുഞ്ഞുങ്ങളുള്ള അമ്മമാരെ ആലപ്പുഴയിലെ മഹിളാമന്ദിരത്തിൽ താമസിപ്പിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.

വെള്ളം ഇറങ്ങി വീട് വൃത്തിയാക്കുന്നതുവരെ കുട്ടികളെ ബാലാവകാശ കമ്മിഷന്റെ 29 സെന്ററുകളിൽ നിർത്താനും കുട്ടികളെ സാംക്രമിക രോഗങ്ങളിൽനിന്നു സംരക്ഷിക്കാനുമുള്ള നടപടി സ്വീകരിക്കുവാനും തീരുമാനിച്ചിട്ടുണ്ട്. യോഗത്തിൽ മന്ത്രി ജി. സുധാകരനും ബാലാവകാശ കമ്മിഷന്റെ ആക്‌ടിങ് ചെയർപഴ്‌സൻ സി.ജെ. ആന്റണി, അംഗം സിസ്റ്റർ ബിജിജോസ് എന്നിവരും പങ്കെടുത്തു.

ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനത്തിന്നു തയാറാകാതിരുന്ന ഹൗസ് ബോട്ടുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഇന്ന് കലക്‌ടറുടെ ചേംബറിൽ ചേർന്ന അടിയന്തര യോഗം  തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. ഇതുവരെ നാല് ഹൗസ്ബോട്ട് ഉടമകളെ അറസ്റ്റ് ചെയ്‌ത് കേസെടുത്തിട്ടുണ്ട്.  ബോട്ടുടമകൾ ദുരിതാശ്വാസപ്രവർത്തനത്തിനു ബോട്ട് വിട്ടുനൽകുവാൻ തയാറാണെന്ന് എഴുതി നൽകിയാൽ നടപടിയിൽനിന്ന് ഒഴിവാക്കും. ഹൗസ്‌ബോട്ടുകളുടെ കാര്യം നിയന്ത്രിക്കേണ്ട  ഓപ്പറേഷൻസ് ചീഫ് സർവേയർ ഉത്തരവാദിത്തം നിറവേറ്റുന്നതിൽ ഗുരുതരമായ വീഴ്‌ചയാണ് വരുത്തിയതെന്നു യോഗം വിലയിരുത്തി. ലൈസൻസുള്ള ബോട്ട് ഡ്രൈവർമാർ പോർട്ട് ഓഫിസുമായി ബന്ധപ്പെട്ട്, പിടിച്ചെടുക്കുന്ന ബോട്ടുകൾ ഓടിക്കുവാൻ തയാറാകണമെന്ന് തീരുമാനമെടുത്തിട്ടുണ്ട്. ബോട്ട് ഓടിക്കുവാൻ തയാറാകാത്ത ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ തീരുമാനിച്ചതായും മന്ത്രി ജി. സുധാകരൻ അറിയിച്ചു.

ദുരിതാശ്വാസ മേഖലയിലെ മെഡിക്കല്‍ ക്യാംപുകളില്‍ 24 മണിക്കൂറും വൈദ്യസഹായം ഉറപ്പാക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കി. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ ക്യാംപില്‍ 24 മണിക്കൂറും ഉണ്ടായിരിക്കണം. മരുന്നുകളുടെ ലഭ്യതയും ഉറപ്പുവരുത്തണം. സന്ദര്‍ശിച്ച ക്യാംപുകളിലെല്ലാം ആവശ്യത്തിലധികം മരുന്നുകളുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ചെങ്ങന്നൂര്‍ എൻജിനീയറിങ് കോളജില്‍ പ്രവര്‍ത്തിക്കുന്ന ക്യാംപ് സന്ദര്‍ക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

related stories