Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മത്സ്യത്തൊഴിലാളികളെ ആദരിക്കും; കേന്ദ്രത്തിന്റെ സഹായവും പിന്തുണയും വേണം: മുഖ്യമന്ത്രി

pinarayi-vijayan-1 മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരം ∙ പ്രളയദുരിതത്തിൽ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയ മത്സ്യത്തൊഴിലാളികളെ ആദരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ഓഗസ്റ്റ് 29ന് തിരുവനന്തപുരത്ത് ആദരം നൽകും. രക്ഷാപ്രവർത്തനത്തിൽ യുവജനങ്ങളും വലിയ പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ യുവത്വം മനുഷ്യത്വത്തിന്റെ പാതയിലാണെന്നാണ് ഇതു കാണിക്കുന്നത്. മോട്ടോർ വാഹന തൊഴിലാളികളും രക്ഷാപ്രവര്‍ത്തനങ്ങളുമായി സഹകരിച്ചെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

210 കോടി രൂപയാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ വന്നിട്ടുള്ളത്. 160 കോടിയുടെ വാഗ്ദാനം ലഭിച്ചിട്ടുണ്ട്. നാട്ടിൽ ജനിച്ച്, ഇവിടെ പഠിച്ചു ലോകത്തിന്റെ പലഭാഗങ്ങളിലായി ജോലി ചെയ്യുന്ന ലക്ഷങ്ങളുണ്ട്. അവരുടെ സഹായങ്ങൾ അലമാലകൾ പോലെ വന്നുകയറുമെന്നാണു കരുതുന്നത്. പ്രളയദുരന്തത്തിൽ തിങ്കളാഴ്ച ആറു പേർ മരിച്ചു. ഓഗസ്റ്റ് എട്ട് മുതൽ 20 വരെ ആകെ 223 മരണം. സംസ്ഥാനത്തിന്റെ ഈ വർഷത്തെ പദ്ധതി അടങ്കൽ 37,248 കോടി രൂപയാണ്. ഇതിൽ നിർമാണ ജോലിക്കായി നീക്കി വച്ചിരിക്കുന്നത് 10,330 കോടിയാണ്. പദ്ധതിക്കായി വകയിരുത്തിയ മുഴുവൻ തുകയും ദുരന്തത്തിൽ നിന്നു കരകയറാനായി ചെലവഴിക്കേണ്ടി വരും. അല്ലെങ്കിൽ ഒരു വർഷത്തെ വികസനം പൂർണമായും വേണ്ടെന്നു വയ്ക്കണം. കേരളത്തിന്റെ സമ്പദ്ഘടനയ്ക്കു വലിയ ആഘാതമാണ് പ്രളയം ഉണ്ടാക്കിയിരിക്കുന്നത്. ഇതിൽ നിന്നു കരകയറാൻ കേന്ദ്രത്തിന്റെ സഹായവും പിന്തുണയും വേണം. ചില മേഖലകളിലെ പുനരധിവാസം ഏറ്റെടുക്കാൻ ചില ഏജൻസികൾ മുന്നോട്ടു വന്നിട്ടുണ്ട്.

നാട്ടിലേക്കുവന്ന അതിഥി തൊഴിലാളികൾക്കു ഭക്ഷണം നൽകാൻ നടപടികൾ സ്വീകരിക്കും. വീടുകളിൽ താമസിക്കാൻ സാധിക്കാത്തതിനാല്‍ വെള്ളമിറങ്ങിയിട്ടും പല കുടുംബങ്ങളും ക്യാംപുകളിലാണ്. പുനരധിവാസം കാര്യക്ഷമമാക്കണം. ഇത് മുൻകൂട്ടി കണ്ടാണു പ്രവർത്തനങ്ങൾ നേരത്തേ തുടങ്ങാൻ നടപടികളെടുത്തത്. വീടുകളിലേക്കു മടങ്ങിയെത്താനുള്ള സാഹചര്യമാണു പലയിടത്തും. വീടുകളിലേക്കു പോകുമ്പോൾ എല്ലാ കാര്യങ്ങളും പരിശോധിക്കണം. അല്ലെങ്കിൽ അപകടങ്ങൾക്ക് ഇടയുണ്ടാകും. തിരികെ പോകുന്നവർക്ക് അവശ്യ സാധനങ്ങളുടെ കിറ്റ് നൽകും.

ദുരന്തത്തിന്റെ സാഹചര്യത്തിൽ ഓണാഘോഷം സർക്കാർ വേണ്ടെന്നുവച്ചു. ആർഭാടകരമായ ചടങ്ങുകൾ പൊതുവെ ഒഴിവാക്കണം. സമൂഹത്തിന്റെ ഐക്യദാർഢ്യം ആ രീതിയിലാണു പ്രകടിപ്പിക്കേണ്ടത്. അതിന്റെ തുക ദുരിതാശ്വാസ നിധിയിലേക്കു നൽകണം. വീടുപേക്ഷിച്ച് ആളുകൾ പോയപ്പോൾ അവിടെ ചിലർ കയറുന്ന അവസ്ഥ അപൂർവമായി ഉണ്ട്. ഇതു പാടില്ല. ദുരിതാശ്വാസത്തിന് എന്നു പറഞ്ഞ് ഫണ്ട് ശേഖരിക്കാൻ ചില തെറ്റായ രീതികൾ സ്വീകരിക്കുന്നുണ്ട്. ഇത്തരം രീതികൾ അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

related stories