Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരിഞ്ചന്ത, പൂഴ്ത്തിവയ്പ്: കർശന നടപടിയെന്ന് മന്ത്രി; 39 വ്യാപാരികൾക്കെതിരെ കേസ്

Gunnybag

തിരുവനന്തപുരം∙ പ്രളയബാധയുടെ പശ്ചാത്തലത്തിൽ കരിഞ്ചന്തയും പൂഴ്ത്തിവയ്പും നടത്തുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുക്കുമെന്നു മന്ത്രി പി.തിലോത്തമൻ. കരിഞ്ചന്തയും പൂഴ്ത്തിവയ്പും ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ വ്യാപാരികളുടെയും ലോറി ഉടമകളുടെയും സംഘടനാ പ്രതിനിധികൾ, സൂപ്പർ മാർക്കറ്റുകളുടെയും ഇന്ധന കമ്പനികളുടെയും പ്രതിനിധികൾ എന്നിവരുമായി മന്ത്രി ചർച്ച നടത്തി.

പൂഴ്ത്തിവയ്പും കരിഞ്ചന്തയും നടത്തുന്നവർക്ക് ഒരു വർഷം വരെ തടവും പിഴയും ലഭിക്കും. കരിഞ്ചന്തയും പൂഴ്ത്തിവയ്പും ശ്രദ്ധയിൽപെട്ടാൽ ജനങ്ങൾ കലക്ടറേറ്റിൽ വിവരം അറിയിക്കണം. ഇത്തരക്കാരെ കണ്ടെത്താൻ കലക്ടറുടെ നേതൃത്വത്തിൽ പരിശോധന നടക്കുന്നുണ്ട്. ഇതു രാജ്യദ്രോഹ കുറ്റമാണ്. ഇത്തരക്കാരുടെ കടകളിലെയും ഗോഡൗണുകളിലെയും സാധനങ്ങൾ കണ്ടുകെട്ടും.

മൂന്നു ദിവസത്തിനകം ചരക്കുനീക്കം സാധാരണഗതിയിലാകും. കോൺവോയ് അടിസ്ഥാനത്തിൽ ചരക്കുനീക്കത്തിന് പൊലീസ് സഹായം ചെയ്യുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചിട്ടുണ്ട്. ഇന്നു മുതൽ ഇന്ധനനീക്കം വേഗത്തിലാകുമെന്നും തിലോത്തമൻ പറഞ്ഞു.

അമിത വില: 39 വ്യാപാരികൾക്കെതിരെ കേസെടുത്തു

പൂഴ്ത്തിവയ്പും കരിഞ്ചന്തയും തടയുന്നതിനായി അധികൃതർ രംഗത്തിറങ്ങി. എറണാകുളം ജില്ലയിൽ വ്യാപക റെയ്ഡ് നടന്നു. ക്രമക്കേട് കണ്ടെത്തിയ 22 പച്ചക്കറി, പലവ്യഞ്ജന വ്യാപാരികൾക്കെതിരെ നടപടി. വില കൂട്ടി വിൽക്കുക, പായ്ക്കറ്റുകളിൽ പതിച്ച വിലയിൽ കൃത്രിമം നടത്തുക തുടങ്ങിയ ക്രമക്കേടുകളാണു കണ്ടെത്തിയത്. ഇവർക്കു നോട്ടിസ് നൽകി പിഴ ഈടാക്കും.

കോട്ടയം ജില്ലാ, താലൂക്ക് സപ്ലൈ അധികൃതർ നടത്തിയ പരിശോധനയിൽ 17 കടകൾക്കെതിരെ കേസ് എടുത്തു. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതും അമിത വില ഈടാക്കിയതുമായ കടകൾക്കെതിരെയാണ് കേസ് എടുത്തത്. അളവ് തൂക്ക വിഭാഗം നടത്തിയ പരിശോധനയിൽ കോട്ടയം താലൂക്കിൽ അളവിൽ കൃത്രിമം കാണിച്ചത് കണ്ടെത്തിയ അഞ്ചു കടകൾക്കെതിരെയും കവർപാലിനു വിലകൂട്ടി വിറ്റ സംഭവത്തിൽ വൈക്കത്ത് ഒരു കടയ്ക്കെതിരെയും കേസെടുത്തു.

കട്ടപ്പനയിൽ സ്‌കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാംപിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ കുപ്രചാരണം നടത്തിയ സംഭവത്തിൽ രണ്ടു യുവാക്കൾ അറസ്റ്റിൽ. കാഞ്ചിയാർ സ്വദേശികളായ പുതുകാട്ടിൽ അരുൺ എം.നായർ (29), ആറാനിയിൽ ഡെൻസൺ (29) എന്നിവരാണ് പിടിയിലായത്. ജോയ്‌സ് ജോർജ് എംപിയുടെ പരാതിയെ തുടർന്നാണിത്.

related stories