Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പണമല്ലാതെ കേരളത്തിന് അയച്ചതെല്ലാം വെറുതേ ആകുമോ?; ആശങ്കയോടെ പ്രവാസികൾ

pathanamthitta-rescue ദുരിതാശ്വാസ ക്യാംപിലുള്ളവർക്ക് ഭക്ഷണവുമായി പോകുന്നവർ

ലണ്ടൻ ∙ പ്രവാസി സംഘടനകളുടെ ദുരിതാശ്വാസ ശ്രമങ്ങൾ പലതും പാഴ്‍വേലയാകുമോ? പണമല്ലാത്ത സഹായങ്ങളെല്ലാം വിദേശത്തുനിന്നും നാട്ടിലെത്തിക്കാനും എത്തിച്ചാൽ തന്നെ അതു വിതരണം ചെയ്യാനും ഏറെ കടമ്പകൾ കടക്കേണ്ടിവരുമെന്നാണു നിലവിലെ നിയന്ത്രണങ്ങൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ പ്രവാസികൾ സഹായം പണമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയാണ് ഉചിതം. സർക്കാർ ഏജൻസികൾക്കോ വ്യക്തമായ റജിസ്ട്രേഷനോടെ പ്രവർത്തിക്കുന്ന ചാരിറ്റികൾക്കോ എൻജിഒകൾക്കോ മാത്രമാണു വിദേശത്തു സമാഹരിക്കുന്ന സാധനങ്ങൾ സ്വീകരിച്ചു വിതരണം ചെയ്യാൻ സാധിക്കുന്നത്. വ്യക്തികളുടെ പേരിൽ അയയ്ക്കുന്ന സഹായങ്ങൾക്ക് കസ്റ്റംസ് നികുതിയുൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ബാധകമാകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

ബ്രിട്ടനിൽ പുതിയ വസ്ത്രങ്ങൾ അടക്കം 25 ടൺ അവശ്യവസ്തുക്കൾ സമാഹരിച്ചു കയറ്റി അയയ്ക്കാനുള്ള ‘യുക്മ’യുടെ തീരുമാനത്തിൽ മാറ്റമില്ല. കേരളസർക്കാരിന്റെ നിയന്ത്രണങ്ങൾ അനുസരിച്ചുള്ള പുതിയ സാധനങ്ങൾ മാത്രമാണ് ‘യുക്മ’ ശേഖരിച്ചു നാട്ടിലേക്ക് അയയ്ക്കുന്നത്. യുക്മ നാഷനൽ സെക്രട്ടറി റോജിമോൻ വർഗീസിന്റെ നേതൃത്വത്തിൽ സമാഹരിച്ച് കയറ്റി അയയ്ക്കുന്ന സാധനങ്ങൾ ഇപ്പോൾ കേരളത്തിലുള്ള നാഷനൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പും മറ്റ് യുക്മ പ്രവർത്തകരും ഏറ്റുവാങ്ങി ചില എൻജിഒകളുടെ സഹായത്തോടെ ആവശ്യമായ സ്ഥലങ്ങളിൽ എത്തിക്കാനാണു തീരുമാനിച്ചിട്ടുള്ളത്.

വിദേശത്തുനിന്നും മറ്റും സാധനങ്ങൾ അധികമായി ആരും ഇങ്ങോട്ട് അയയ്ക്കേണ്ടതില്ല എന്നു മുഖ്യമന്ത്രിതന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. തോന്നിയതെല്ലാം അയച്ചു സമയവും ധനവും പാഴാക്കരുതെന്നു ശശി തരൂരിനെപ്പോലെ രാജ്യാന്തരതലത്തിൽ പ്രവർത്തിച്ച് പരിചയമുള്ളവരും ഉപദേശിക്കുന്നു. ദുരന്തനിവാരണത്തിന്റെ മൂന്നാം ഘട്ടമായ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കാണു പ്രവാസികളുടെ സഹായം കൂടുതലായി വേണ്ടതെന്നാണു ശശി തരൂരിന്റെ ഓർമപ്പെടുത്തൽ. അതിനാൽതന്നെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ കൂടുതൽ ഫലപ്രദമാകുന്നത്. ഇതിനിടെ ബ്രിട്ടനിലെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെയും കൂടുതൽ മലയാളി സംഘടനകൾ ഓണാഘോഷങ്ങൾ റദ്ദാക്കി ആ തുക ദുരിതാശ്വാസത്തിനായി നീക്കിവയ്ക്കാൻ തീരുമാനിക്കുന്നുണ്ട്. വർഷങ്ങളായി ഓണാഘോഷം മുടക്കമില്ലാതെ നടത്തിവന്ന നോട്ടിങ്ങാം മലയാളി അസോസിയേഷൻ ഓണാഘോഷം റദ്ദാക്കി തുക ദുരിതാശ്വാസത്തിനു നൽകാൻ തീരുമാനിച്ചു.

ഏതൊരാൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നേരിട്ട് പണം അയയ്ക്കാം. അക്കൗണ്ട് നമ്പർ– 67319948232, എസ്ബിഐ സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം, ഐഎഫ്എസ് കോഡ്: SBIN0070028. ദുരിതാശ്വാസനിധിയിലേക്കുളള സംഭാവന പൂര്‍ണമായും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരിട്ടയയ്ക്കാൻ സാങ്കേതിക ബുദ്ധിമുട്ടുള്ളവർക്കായി യുകെ അക്കൗണ്ടും സജ്ജമാക്കിയിട്ടുണ്ട്. www.justgiving.com/crowdfunding/loka-keralasabha വഴി സമാഹരിക്കുന്ന മുഴുവൻ തുകയും എത്രയും വേഗം ദുരിതാശ്വാസനിധിയിലേക്ക് മാറ്റുമെന്ന് ഇന്ത്യൻ ഹൈക്കമ്മിഷനിലെ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കൂടിയായ ലോക കേരള സഭാംഗം ടി. ഹരിദാസ് അറിയിച്ചു.

related stories