Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപുമായുള്ള ബന്ധം പുറത്തുവിടുന്നതു വിലക്കി സ്ത്രീകൾക്കു പണം: മുൻ അഭിഭാഷകൻ കുറ്റം സമ്മതിച്ചു

michael-cohen മൈക്കൽ കോഹൻ കോടതിയിൽനിന്നു പുറത്തുവരുന്നു.

ന്യൂയോർക്ക്∙ 2016ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി ഡോണൾഡ് ട്രംപിന്‍റെ നിർദേശാനുസരണം അദ്ദേഹവുമായുള്ള ബന്ധം പുറത്തു പറയുന്നതു വിലക്കി രണ്ടു സ്ത്രീകളെ പണം നൽകി സ്വാധീനിച്ചതായി ട്രംപിന്‍റെ മുൻ അഭിഭാഷകന്‍ മൈക്കൽ കോഹൻ. മാന്‍ഹാട്ടൻ കോടതിയിലാണ് കോഹൻ കുറ്റസമ്മതം നടത്തിയത്. കോടതിയിൽ ട്രംപിന്‍റെ പേരെടുത്തു പറഞ്ഞില്ലെങ്കിലും കോഹൻ ഉദ്ദേശിച്ചത് പ്രസിഡന്‍റിനെ തന്നെയാണെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ ലാന്നി ഡേവിസ് വ്യക്തമാക്കി. നികുതി വെട്ടിപ്പ്, ബാങ്ക് തട്ടിപ്പ്, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറികൾ തുടങ്ങി വിവിധ കേസുകളുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്യപ്പെട്ട എട്ടു കേസുകളിൽ താൻ കുറ്റക്കാരനാണെന്ന് കോഹൻ സമ്മതിച്ചു.

അതേസമയം ട്രംപ് ക്യാംപ് ആരോപണങ്ങൾ തള്ളി. നുണ പറയുന്ന ചരിത്രമുള്ള വ്യക്തിയാണു കോഹനെന്നും ആ ഒരു അധ്യായം ഇതോടെ അവസാനിക്കുകയാണെന്നും ട്രംപിന്‍റെ അഭിഭാഷകൻ റുഡോൾഫ് ഗിലാനി ആരോപിച്ചു. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിലെ റഷ്യൻ സ്വാധീനം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെ ട്രംപിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണു കോഹന്‍റെ വെളിപ്പെടുത്തൽ.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിനെതിരെ വെളിപ്പെടുത്തൽ നടത്തുന്നതിൽനിന്ന് രണ്ടു സ്ത്രീകളെ പിന്തിരിപ്പിക്കാൻ അവർക്കു പണം നൽകിയെന്നും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുക എന്നതാണ് ഇതുവഴി ലക്ഷ്യംവച്ചതെന്നുമാണു കോഹന്‍റെ വെളിപ്പെടുത്തൽ. പ്ലേബോയ് മോഡൽ കാരെൻ മക്ഡോഗൽ, നീലച്ചിത്ര നായിക സ്റ്റോമി ഡാനിയൽസ് എന്നിവരാണു ട്രംപുമായി തങ്ങൾക്കു ബന്ധമുണ്ടെന്ന അവകാശവാദവുമായി രംഗത്തെത്തിയിരുന്നത്. ഈ ആരോപണങ്ങൾ ട്രംപ് നിഷേധിച്ചെങ്കിലും ഇവരെ പണം നൽകി നിശബ്ദരാക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ട്രംപിനെയും കുടുംബത്തെയും കൂടുതൽ അപമാനിതരാകുന്നതിൽനിന്നു രക്ഷിക്കാനാണു പണം നൽകിയതെന്നും തിരഞ്ഞെടുപ്പു പ്രചരണവുമായി ഇതിനു ബന്ധമൊന്നുമില്ലെന്നും റുഡോൾ‌ഫ് ഗിലാനി തന്നെ പിന്നീട് അവകാശപ്പെടുകയും ചെയ്തു. സ്റ്റോമി ഡാനിയൽസിന് 1,30,00 ഡോളറും മക്ഡോഗലിന് 1,50,000 ഡോളറുമാണു നൽകിയത്.

ട്രംപിന്‍റെ പ്രചരണങ്ങളുടെ ചുക്കാൻ പിടിച്ചിരുന്ന പോൾ മാനഫോർട്ട് നികുതി, ബാങ്ക് വെട്ടിപ്പുമായി ബന്ധപ്പെട്ട എട്ടു കേസുകളിൽ കുറ്റക്കാരനാണെന്ന് അലക്സാൻഡ്രിയ കോടതി കണ്ടെത്തിയതിനു തൊട്ടുപിന്നാലെയാണു കോഹന്‍റെ കുറ്റസമ്മതം. മാനഫോർട്ട് ഒരു നല്ല മനുഷ്യനാണെന്നും സംഭവിച്ചതിൽ ദുഃഖമുണ്ടെന്നും വ്യക്തമാക്കിയ ട്രംപ് കോഹന്‍റെ കുറ്റസമ്മതത്തെക്കുറിച്ചു പ്രതികരിച്ചില്ല.