Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുന്‍ കേന്ദ്രമന്ത്രി ഗുരുദാസ് കാമത്ത് അന്തരിച്ചു

gurudas-kamath

ന്യൂഡല്‍ഹി∙ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഗുരുദാസ് കാമത്ത് (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു ഡല്‍ഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഭാര്യ: മഹരൂഖ് ഗുരുദാസ് കാമത്ത്. മകന്‍: ഡോ. സുനില്‍ കാമത്ത്.

രണ്ടാം യുപിഎ സര്‍ക്കാരില്‍ ആഭ്യന്തര സഹമന്ത്രിയായിരുന്നു. ഐടി കമ്മ്യൂണിക്കേഷന്‍സ് വകുപ്പുകളുടെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. പുനഃസംഘടനയില്‍ മെച്ചപ്പെട്ട പരിഗണന ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് 2011 ജൂലൈയില്‍ മന്‍മോഹന്‍സിങ് മന്ത്രിസഭയില്‍നിന്നു രാജിവച്ചു. തുടര്‍ന്ന് എഐസിസി ജനറല്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടു. ഗുജറാത്ത്, രാജസ്ഥാന്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളായ ദമന്‍ ദിയു, ദാദ്രനഗര്‍ ഹവേലി മേഖലകളുടെയും ചുമതല വഹിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗമായിരുന്നു.

2014ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസിന്റെ എല്ലാ പദവികളും അദ്ദേഹം രാജിവച്ചു. ഗുജറാത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയായി രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പ്രഖ്യാപിച്ച ദിവസമാണ് ആ പദവി വഹിച്ചിരുന്ന കാമത്ത് രാഷ്ട്രീയ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 

മുംബൈ നോര്‍ത്ത് വെസ്റ്റ് ലോക്‌സഭാ മണ്ഡലത്തില്‍നിന്ന് ഒരു തവണയും മുംബൈ നോര്‍ത്ത് ഈസ്റ്റ് മണ്ഡലത്തില്‍നിന്ന് നാലു തവണയും ലോക്‌സഭയിലെത്തി. എന്‍എസ്‌യു അധ്യക്ഷനായി 1976ല്‍ മുഖ്യധാരയിലെത്തിയ ഗുരുദാസ് കാമത്ത്, കോണ്‍ഗ്രസ് മുംബൈ ഘടകം അധ്യക്ഷപദവിയടക്കമുള്ള ചുമതലകള്‍ വഹിച്ചു.