Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദുരിതത്തിന്റെ അണക്കെട്ടുകൾ തുറന്നതാര്?; മുന്നറിയിപ്പുണ്ടായില്ല മുന്നൊരുക്കവും

Cheruthoni-Bridge ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയതിനെ തുടർന്ന് തകർന്ന ചെറുതോണിപ്പാലവും സമീപ പ്രദേശങ്ങളും. തൊടുപുഴ – പുളിയൻമല സംസ്ഥാനപാതയിലെ പ്രധാന പാലങ്ങളിലൊന്നാണിത്. അഞ്ചു പതിറ്റാണ്ടോളം പഴക്കമുണ്ട് പാലത്തിന്. ചിത്രം: അരവിന്ദ് ബാല ∙ മനോരമ

സംസ്ഥാനത്തു വൻദുരിതം വിതച്ച വെള്ളത്തിന്റെ കുത്തിയൊഴുക്കിനു കാരണമായ പല ഡാമുകളും തുറന്നത് വേണ്ടത്ര മുന്നൊരുക്കമില്ലാതെ. പലയിടത്തും മുന്നറിയിപ്പുപോലും നൽകിയില്ല. 

ബാണാസുര ഷട്ടർ ഉയർത്തിയത് കലക്ടർ പോലും അറിഞ്ഞില്ല

ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടറുകൾ വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ ഉയർത്തിയതാണു വയനാട്ടിലെ പ്രളയം രൂക്ഷമാക്കിയത്. എല്ലാ മഴക്കാലത്തും വെള്ളക്കെട്ടുണ്ടാകുന്ന പനമരം, വെണ്ണിയോട്, കോട്ടത്തറ, കുറുമണി, വെള്ളമുണ്ട, പടിഞ്ഞാറത്തറ മേഖലകൾ ബാണാസുരയിൽ നിന്നുള്ള വെള്ളം കുതിച്ചൊഴുകിയെത്തിയതോടെ പ്രളയത്തിലായി. ഒട്ടേറെ വീടുകളും റോഡുകളും തകർന്നു. പലരും ഇരുനില വീടുകളിൽ കയറിയാണു രക്ഷപ്പെട്ടത്. 

ജൂലൈ 15ന് ആണു ബാണാസുര സാഗറിന്റെ നാലു ഷട്ടറുകളിൽ മൂന്നെണ്ണം ആദ്യമായി തുറന്നത്. ഷട്ടർ ആദ്യം തുറക്കുന്നതിനു മുൻപു മുന്നറിയിപ്പു നൽകിയിരുന്നെങ്കിലും പിന്നീടു പടിപടിയായി 290 സെന്റിമീറ്റർ വരെ ഉയർത്തിയതും നാലാമത്തെ ഷട്ടർ തുറന്നതും നാട്ടുകാരെ മുൻകൂട്ടി അറിയിക്കാതെയായിരുന്നു. ഇതോടെ, ഒട്ടേറെ വീടുകൾക്കു മുകളിൽ വരെ വെള്ളമുയർന്നു. പിന്നീടു മഴ കുറഞ്ഞപ്പോൾ ഷട്ടറുകൾ 80 സെന്റിമീറ്ററിലേക്കു താഴ്ത്തിയെങ്കിലും രാത്രി മുന്നറിയിപ്പില്ലാതെ വീണ്ടും 90 സെന്റിമീറ്ററാക്കി ഉയർത്തി. ഷട്ടറുകളുടെ ഉയരം വർധിപ്പിക്കുമ്പോഴുള്ള അനൗൺസ്മെന്റോ മറ്റു പ്രചാരണങ്ങളോ ഉണ്ടായില്ല. വില്ലേജ് ഓഫിസറെയോ കലക്ടറെപ്പോലുമോ വിവരം അറിയിച്ചില്ല. ഇതു വലിയ വിവാദമായപ്പോൾ മാത്രമാണു പിന്നീടു കൃത്യമായി അറിയിപ്പുകളുണ്ടായത്. നിലവിൽ ബാണാസുരയുടെ ഒരു ഷട്ടർ മാത്രമേ (10 സെന്റിമീറ്റർ ഉയരത്തിൽ) തുറന്നിട്ടുള്ളൂ. 

ദുരന്തനിവാരണ അതോറിറ്റിയുടെ വാട്സാപ് ഗ്രൂപ്പിൽ വിവരം അറിയിച്ചിരുന്നുവെന്നാണു കെഎസ്ഇബി അധികൃതരുടെ വിശദീകരണം. ഒറ്റദിവസം തന്നെ റിസർവോയറിൽ 562 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയിരുന്നു. സംഭരണശേഷിയുടെ 10% വെള്ളമാണ് ഒറ്റദിവസം കൊണ്ട് ഒഴുകിയെത്തിയത്. വൃഷ്ടിപ്രദേശത്ത് ഒട്ടറെ ഉരുൾപൊട്ടലുകൾ കൂടി സംഭവിച്ചതോടെ കണക്കാക്കിയതിലപ്പുറം വെള്ളം എത്തിയെന്നും കെഎസ്ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.മനോഹരൻ പറഞ്ഞു. 

അപ്പർ ഷോളയാർ, പറമ്പിക്കുളം: തമിഴ്നാടും പറഞ്ഞില്ല

തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള അപ്പർ ഷോളയാർ, പറമ്പിക്കുളം ഡാമുകളിലെ ഷട്ടർ തുറക്കുന്ന വിവരം യഥാസമയം അറിയാതെ പോയതു കെടുതിക്ക് ഇടയാക്കി. ഡാം തുറക്കുന്നതിന് ഏതാനും മണിക്കൂർ മുൻപു മാത്രമാണു തമിഴ്നാട് ഇക്കാര്യം പുറത്തുവിട്ടത്. കേരളത്തിലെ മാധ്യമങ്ങളിലൂടെ ജനത്തെ വിവരമറിയിക്കാൻ അധികൃതർക്കു കഴിഞ്ഞില്ലെന്ന് ആക്ഷേപമുണ്ട്. പറമ്പിക്കുളത്തെയും അപ്പർ ഷോളയാറിലെയും വെള്ളം എത്തിയതോടെ പെരിങ്ങൽക്കുത്ത് ഡാം നിറഞ്ഞു. ചാലക്കുടിപ്പുഴ കരകവിഞ്ഞു ചാലക്കുടി നഗരമടക്കം വെള്ളത്തിലായി. 

പത്തനംതിട്ട: റെഡ് അല‍ർട്ടിനെക്കാൾ മുൻപെത്തി പ്രളയം 

പമ്പാതീരത്തു പ്രളയമുണ്ടായ 14നു രാത്രിയിലും 15നു പുലർച്ചെയും പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് ഉണ്ടായിരുന്നില്ല. 15നു റെഡ് അലർട്ട് പ്രഖ്യാപിച്ചപ്പോഴേക്കും വീടുകളിലെല്ലാം വെള്ളം കയറി പതിനായിരങ്ങൾ ഒറ്റപ്പെട്ടിരുന്നു. റെഡ് അലർട്ട് പ്രഖ്യാപിക്കുന്നതിന് 24 മണിക്കൂർ മുൻപ് അറിയിപ്പു നൽകി ഒഴിഞ്ഞുപോകാൻ സമയം നൽകണമെന്നാണു ചട്ടം (പ്രോട്ടോക്കോൾ). 

എന്നാൽ 15നു പുലർച്ചെ മൈക്ക് അനൗൺസ്മെന്റ് വരുന്നതിനും മുൻപേ വെള്ളം പമ്പാതീരത്ത് എത്തിയിരുന്നു. പകൽസമയത്തു മുന്നറിയിപ്പു നൽകിയശേഷം ഡാം തുറന്നിരുന്നുവെങ്കിൽ നാശനഷ്ടങ്ങൾ ഒരു പരിധിവരെ കുറയ്ക്കാമായിരുന്നു.

അണക്കെട്ടുകൾ തുറന്നതിൽ പാളിച്ചയുണ്ടായോ എന്ന് പരിശോധിക്കും

തിരുവനന്തപുരം∙ അണക്കെട്ടുകൾ തുറന്നുവിട്ടതിൽ പാളിച്ചകളുണ്ടായോ എന്നു സർക്കാർ പരിശോധിക്കും. ബാണാസുരസാഗർ, ശബരിഗിരി അണക്കെട്ടുകൾ തുറന്നതു വേണ്ടത്ര മുന്നറിയിപ്പില്ലാതെയാണെന്നു വിമർശനമുണ്ടായ സാഹചര്യത്തിലാണു തീരുമാനം. പ്രാഥമിക പരിശോധനയിൽ ഗുരുതര വീഴ്ചകളുണ്ടായില്ലെന്നാണു നിഗമനം.

അണക്കെട്ടുകളിലെ വെള്ളം തുറന്നുവിടാൻ ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിൽ മാർഗരേഖയുണ്ട്. മുല്ലപ്പെരിയാർ, ഇടുക്കി ഒഴികെയുള്ള അണക്കെട്ടുകൾ തുറക്കാൻ ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ മേധാവിയായ കലക്ടറുടെ അനുമതി വേണം. അണക്കെട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ സാഹചര്യവും ആവശ്യവും അറിയിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകേണ്ടത്. ജില്ലാ പൊലീസ് മേധാവിയെയും വിവരമറിയിക്കണം. വൈദ്യുതി, ജലസേചന വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള അണക്കെട്ടുകളുടെ ചുമതല അസി. എക്സി. എൻജിനീയർ, എക്സി. എൻജിനീയർ എന്നിവർക്കാണ്.

മുല്ലപ്പെരിയാർ അണക്കെട്ടു തുറക്കാൻ അനുമതി നൽകേണ്ടതു സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയാണ്. ഇടുക്കി അണക്കെട്ട് തുറക്കുന്നതു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടതു ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയാണ്. റവന്യു, ആഭ്യന്തരം, ധനം, ആരോഗ്യ വകുപ്പുകളുടെ മേധാവികളാണ് സമിതിയിലുള്ളത്.

related stories